ട്രംപിന്റെ നീക്കത്തിൽ ലോകം ഞെട്ടി; ഇന്തോനേഷ്യ കുടുങ്ങി, അടുത്ത ലക്ഷ്യം ഇന്ത്യയോ?

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും തന്റെ കർശനമായ താരിഫ് നയത്തിലൂടെ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇത്തവണ അദ്ദേഹം ഇന്തോനേഷ്യയുമായി അത്തരമൊരു വ്യാപാര കരാർ ഉണ്ടാക്കിയിരിക്കുകയാണ്. അതിൽ അമേരിക്കയ്ക്ക് മേല്‍ക്കൈ ലഭിച്ചു. പക്ഷേ ഇന്തോനേഷ്യയ്ക്ക് കനത്ത നികുതി നൽകേണ്ടിവരും. ട്രംപിന്റെ ഈ നീക്കം അദ്ദേഹത്തിന്റെ താരിഫ് യുദ്ധത്തിന്റെ പുതിയ മാസ്റ്റർസ്ട്രോക്കായി കണക്കാക്കപ്പെടുന്നു.

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും തന്റെ താരിഫ് നയത്തിന്റെ തുറുപ്പുചീട്ട് പുറത്തെടുത്തു. ഇത്തവണ അദ്ദേഹം ഇന്തോനേഷ്യയെ ലക്ഷ്യം വച്ചുള്ള ഒരു വ്യാപാര കരാർ ഉണ്ടാക്കിയത് ഇന്തോനേഷ്യക്ക് വന്‍ തിരിച്ചടിയായി. ഈ കരാറില്‍ അമേരിക്കൻ കമ്പനികൾക്ക് മേല്‍ക്കൈ നേടിക്കൊടുത്തു. അതേസമയം ഇന്തോനേഷ്യൻ കമ്പനികൾക്ക് കനത്ത നികുതിയും നൽകേണ്ടിവരും. ട്രംപിന്റെ ഈ കരാർ ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളുടെ ആശങ്കകൾ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ജൂലൈ 15 ന് വൈറ്റ് ഹൗസിൽ വെച്ച് ട്രംപ് ഇന്തോനേഷ്യയുമായി ഒരു പ്രത്യേക വ്യാപാര കരാറിൽ ഒപ്പുവെച്ചതായി പ്രഖ്യാപിച്ചു. അതുപ്രകാരം, ഇന്തോനേഷ്യയിൽ നിന്ന് വരുന്ന സാധനങ്ങൾക്ക് അമേരിക്ക 19% നികുതി ചുമത്തും. അതേസമയം, അമേരിക്കൻ സാധനങ്ങൾ യാതൊരു നികുതിയും കൂടാതെ ഇന്തോനേഷ്യയിലേക്ക് പ്രവേശിക്കും. ട്രം‌പിന്റെ ഈ നീക്കം ഇന്ത്യ ആശങ്കയിലാണ്. കാരണം, അദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യം ഇന്ത്യയാകാം.

“ഇന്തോനേഷ്യ 19% താരിഫ് നൽകും, പക്ഷെ ഞങ്ങൾ ഒരു പെനി പോലും നൽകില്ല. അവരുടെ മുഴുവൻ വിപണിയും ഞങ്ങൾക്ക് ലഭിക്കും,” വൈറ്റ് ഹൗസിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് വ്യക്തമായി പറഞ്ഞു. ട്രംപിന്റെ ഭീഷണിയെത്തുടർന്ന് ഇന്തോനേഷ്യക്ക് ഈ കരാറിൽ ഏർപ്പെടേണ്ടി വന്നതായി പറയപ്പെടുന്നു. ഏപ്രിലിൽ, 32% താരിഫ് സംബന്ധിച്ച് ട്രംപ് ഇന്തോനേഷ്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ ഇന്തോനേഷ്യ 19% നികുതി സംബന്ധിച്ച കരാറിന് സമ്മതിച്ചു. അതിന് അവര്‍ക്ക് വലിയ വില നല്‍കേണ്ടി വന്നു.

ഈ കരാർ പ്രകാരം, ഇന്തോനേഷ്യ 15 ബില്യൺ ഡോളറിന്റെ ഊർജ്ജ ഉൽപ്പന്നങ്ങൾ, 4.5 ബില്യൺ ഡോളറിന്റെ കാർഷിക ഉൽപ്പന്നങ്ങൾ, 50 ബോയിംഗ് ജെറ്റുകൾ എന്നിവ അമേരിക്കയില്‍ നിന്ന് വാങ്ങുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനുപുറമെ, മറ്റേതെങ്കിലും രാജ്യം ഇന്തോനേഷ്യ വഴി നികുതി ഒഴിവാക്കാൻ ശ്രമിച്ചാൽ, അതിനും കനത്ത നികുതി ചുമത്തും. ട്രംപിന്റെ ആക്രമണാത്മക താരിഫ് നയത്തിന്റെ ഭാഗമാണിത്, ഇതുമൂലം അദ്ദേഹം അമേരിക്കയെ വ്യാപാര നേട്ടത്തിന്റെ സ്ഥാനത്ത് എത്തിച്ചിരിക്കുന്നു. അദ്ദേഹം ‘താരിഫ്’ എന്ന തുറുപ്പു ചീട്ട് ഉപയോഗിച്ച് മറ്റു രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളിലൊന്നാണിത്.

ഇന്തോനേഷ്യൻ മന്ത്രി എയർലാംഗ ഹർത്താർട്ടോ കഴിഞ്ഞ ആഴ്ച യുഎസ് ഉദ്യോഗസ്ഥരെ കണ്ടിരുന്നു. അമേരിക്കയില്‍ നിന്ന് വരുന്ന 70% സാധനങ്ങളുടെയും നികുതി ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യാൻ അദ്ദേഹം നിർദ്ദേശിച്ചു. അതോടൊപ്പം, ഊർജ്ജം, ധാതുക്കൾ, കൃഷി, പ്രതിരോധ മേഖലകളിൽ വലിയ ഡീലുകൾ വാഗ്ദാനം ചെയ്യപ്പെട്ടു.

എന്നാല്‍, ട്രംപ് അതിൽ തൃപ്തനായില്ല. ഒടുവിൽ ഇന്തോനേഷ്യയ്ക്ക് 19% താരിഫ് അംഗീകരിക്കേണ്ടി വന്നു. ഇപ്പോൾ ഇരു രാജ്യങ്ങളും ഈ കരാറിന്റെ എല്ലാ നിബന്ധനകളും വിശദാംശങ്ങളും ഉൾപ്പെടുത്തി ഒരു സംയുക്ത പ്രസ്താവന തയ്യാറാക്കുകയാണ്.

ഇന്ത്യയ്ക്ക് അപായമണികൾ?
ട്രംപിന്റെ ഈ താരിഫ് തന്ത്രം മുമ്പ് പല രാജ്യങ്ങളിലും കണ്ടിട്ടുണ്ട്. ചൈന, ബ്രിട്ടൻ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകുകയോ വിട്ടുവീഴ്ച ചെയ്യുകയോ ചെയ്തു. ഇനി ഇന്ത്യയുടെ ഊഴമായിരിക്കാം. ഇന്ത്യ പോലുള്ള രാജ്യങ്ങൾ അമേരിക്കയെ മുതലെടുക്കുന്നുവെന്ന് ട്രംപ് ഇതിനകം പറഞ്ഞിട്ടുമുണ്ട്.

2025 ഓഗസ്റ്റ് 1 മുതൽ ഇന്ത്യയ്ക്ക് കനത്ത തീരുവ ചുമത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യ യഥാസമയം ഒരു കരാറിലും എത്തിയില്ലെങ്കിൽ, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് വലിയ നികുതി ചുമത്താൻ സാധ്യതയുണ്ട്, ഇത് ഇന്ത്യയുടെ കയറ്റുമതി വ്യവസായത്തിന് വലിയ നഷ്ടമുണ്ടാക്കും.

ഈ അപകടം മനസ്സിലാക്കി ഇന്ത്യൻ സർക്കാർ സജീവമായി. വാണിജ്യ വകുപ്പിന്റെ പ്രത്യേക സെക്രട്ടറി രാജേഷ് അഗർവാളിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരുടെ സംഘം വാഷിംഗ്ടണിലെത്തി. ഓഗസ്റ്റ് 1 വരെയുള്ള സമയപരിധിക്ക് മുമ്പ് കൃഷി, പാൽ ഉൽപന്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക എന്നതാണ് അവരുടെ ലക്ഷ്യം. അതേസമയം, വ്യാപാര കരാറുമായി ബന്ധപ്പെട്ട് അമേരിക്കയുമായുള്ള ചർച്ചകൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും ഇന്ത്യ ഉടൻ തന്നെ സന്തുലിതവും പ്രയോജനകരവുമായ ഒരു കരാറിലെത്താൻ ശ്രമിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.

Leave a Comment

More News