തൃശൂർ: റോഡുകളുടെ ശോച്യാവസ്ഥ ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊടുങ്ങല്ലൂർ-ഗുരുവായൂർ റൂട്ടിലെ സ്വകാര്യ ബസുകൾ നാളെ (ജൂലൈ 21) മുതൽ സർവീസുകൾ നിർത്തി വെക്കും. റോഡുകളുടെ നിലവിലെ അവസ്ഥ പരിഹരിക്കുക, അമിത നികുതി പിൻവലിക്കുക, നിയമവിരുദ്ധമായ പിഴ വസൂലാക്കല്‍ നിര്‍ത്തിവെക്കുക, ബസ് ജീവനക്കാരുടെ ശാരീരിക സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ആവശ്യങ്ങൾ. കൊടുങ്ങല്ലൂർ-ഗുരുവായൂർ റൂട്ടിലെ എല്ലാ സ്വകാര്യ ബസുകളും ജൂലൈ 21 മുതൽ അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കുമെന്ന് വാഹന ഉടമകൾ പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
തകര്‍ന്ന റോഡുകള്‍ കാരണം കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും ബസുകളുടെ അറ്റകുറ്റപ്പണികൾ വർദ്ധിക്കുകയാണെന്നും ബസ്സുടമകള്‍ പറയുന്നു. കളക്ടർ ഉൾപ്പെടെയുള്ള അധികാരികൾക്ക് നിരവധി നിവേദനങ്ങൾ നൽകിയിട്ടും നടപടിയില്ലാത്തതിനാലാണ് സർവീസ് നിർത്തിവയ്ക്കുന്നതെന്ന് വാഹന ഉടമകൾ പറഞ്ഞു. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു.
