ജനനായകന്‍ വിഎസിനെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരങ്ങൾ എത്തി; തലസ്ഥാനത്ത് ഗതാഗത നിയന്ത്രണങ്ങൾ

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് അന്ത്യാഞ്ജലി അർപ്പിക്കാൻ ചൊവ്വാഴ്ച പുലർച്ചെ തിരുവനന്തപുരത്തെ ലോ കോളേജ് ജംഗ്ഷനിലുള്ള വേലിക്കകം ഹൗസിൽ ആയിരക്കണക്കിന് ആളുകൾ ഒഴുകിയെത്തി. സാധാരണക്കാരും പാർട്ടി നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു. തുടര്‍ന്ന് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലേക്ക് കൊണ്ടുപോയ മൃതദേഹം ഉച്ചയ്ക്ക് 2 മണി വരെ പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ അവിടെ സൂക്ഷിക്കും.

ദർബാർ ഹാളിലെത്തിച്ച മൃതദേഹത്തിൽ ദേശീയപതാക പുതപ്പിച്ചു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി, എംഎ ബേബി, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട് തുടങ്ങിയ പ്രമുഖർ റീത്ത് സമർപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം 2 മണിയോടെ ദേശീയപാതയിലൂടെ വിലാപയാത്രയായി മൃതദേഹം ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ബുധനാഴ്ച രാവിലെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിലും തുടർന്ന് ആലപ്പുഴ പൊലീസ് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനത്തിന് വയ്ക്കും. വൈകീട്ട് 3 മണിക്ക് വലിയ ചുടുകാട്ടിൽ സംസ്കരിക്കും.

വിഎസ് അച്യുതാനന്ദൻ്റെ പൊതുദർശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ ഏഴ് മണി മുതലാണ് നിയന്ത്രണം നിലവിൽ വരിക. സെക്രട്ടേറിയറ്റ് ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കില്ലെന്ന് പൊലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. രാവിലെ 7 മണി മുതലാണ് നിയന്ത്രണങ്ങൾ. സെക്രട്ടേറിയറ്റിലേക്ക് വാഹന ഗതാഗതം അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചു.

വിഎസിന് ആദരാഞ്ജലികൾ അർപ്പിക്കാൻ വരുന്നവർ പുളിമൂട്, ഹൗസിംഗ് ബോർഡ് ജംഗ്ഷൻ, രക്തസാക്ഷി സ്തംഭം എന്നിവിടങ്ങളിൽ ഇറങ്ങി ദർബാർ ഹാളിലേക്ക് പോകണം. ചെറിയ വാഹനങ്ങളിൽ വരുന്നവർ യൂണിവേഴ്സിറ്റി കാമ്പസ്, വെള്ളയമ്പലം വാട്ടർ അതോറിറ്റി പാർക്കിംഗ് ഗ്രൗണ്ട്, ജിമ്മി ജോർജ് സ്റ്റേഡിയം ഗ്രൗണ്ട്, ടാഗോർ തിയേറ്റർ ഗ്രൗണ്ട്, തൈക്കാട് പിടിസി ഗ്രൗണ്ട് എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം. ആറ്റുകാൽ ക്ഷേത്ര മൈതാനം, കവടിയാർ സാൽവേഷൻ ആർമി ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട് എന്നിവിടങ്ങളിൽ വലിയ വാഹനങ്ങൾ പാർക്ക് ചെയ്യണം. മറ്റ് സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. വിലാപയാത്ര കടന്നുപോകുന്ന സ്ഥലങ്ങളിൽ വാഹന പാർക്കിംഗ് അനുവദിക്കില്ല. ഗതാഗതക്കുരുക്ക് ഉണ്ടായാൽ വാഹനങ്ങൾ വഴിതിരിച്ചുവിടുമെന്ന് പോലീസ് അറിയിച്ചു.

ഗതാഗത ക്രമീകരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾക്ക് 0471-2558731, 9497930055 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Leave a Comment

More News