I. ക്രിമിനിൽ നിയമങ്ങളുടെ ചരിത്രപരമായ മാറ്റം :
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷമുള്ള ഏറ്റവും വലിയ ക്രിമിനൽ നിയമപരിഷ്കാരമാണ് 2023 ൽ നടപ്പാക്കിയിരിക്കുന്നത്. ഇന്ത്യൻ പീനൽ കോഡ്, 1860 (IPC), ക്രിമിനൽ നടപടിക്രമം കോഡ്, 1973 (CrPC), ഇന്ത്യൻ തെളിവ് നിയമം, 1872 (IEA) എന്നിവയെ മാറ്റി ഭാരതീയ ന്യായ സൻഹിത 2023 (BNS), ഭാരതീയ നാഗരിക സുരക്ഷാ സൻഹിത 2023 (BNSS), ഭാരതീയ സാക്ഷ്യ നിയമം 2023 (BSA) എന്നീ മൂന്ന് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു.
ഇത് ബ്രിട്ടീഷ് കാലഘട്ടത്തെ നിയമങ്ങളിൽ നിന്ന് ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളിലേക്ക് നീങ്ങുന്ന വലിയ നിയമപരമായ ചരിത്രമാറ്റമാണ്. അതിവേഗ വിചാരണ, സാക്ഷികൾക്കുള്ള സുരക്ഷ, ഡിജിറ്റൽ നടപടിക്രമങ്ങൾ, ദേശീയ സുരക്ഷ എന്നിവ പ്രധാന ലക്ഷ്യങ്ങളാണ്.
II. ഭാരതീയ ന്യായ സൻഹിത, 2023 (BNS) , ഇന്ത്യൻ ശിക്ഷാനിയമം എന്ന ക്രിമിനൽ നിയമത്തിന്റെ സമഗ്രമായ ഒരു പുനരാവിഷക്കാരം :
പുതിയ നിയമമായ ഭാരതീയ ന്യായസംഹിതയിൽൽ 358 വകുപ്പുകൾ മാത്രമാണ് ഉള്ളത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 511 വകുപ്പുകൾക്കും ഭേദഗതിയായി. പഴയ ബ്രിട്ടീഷ് കാല ഭാഷ മാറ്റി ലളിതവും ദേശിയമായ പദങ്ങൾ ഉപയോഗിച്ചിരിക്കുന്നു.
രാജ്യദ്രോഹം വകുപ്പ് റദ്ദാക്കി: ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 124A (രാജ്യദ്രോഹം) ഒഴിവാക്കി. പകരം, ഇന്ത്യയുടെ സ്വാതന്ത്ര്യത്തെയും ഐക്യത്തെയും അഖണ്ഡതയെയും ഭീഷണിപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്കുള്ള കുറ്റമായി വകുപ്പ് 150 അവതരിപ്പിച്ചു. എന്നാല്‍ ഈ വ്യവസ്ഥയുടെ വ്യക്തത കുറവായതിനാൽ ഇത് ഭാവിയിൽ കോടതികളുടെ പരിശോധനയ്ക്ക് വിധേയമാകാനാണ് സാധ്യത.
ആൾക്കൂട്ട ആക്രമണങ്ങളും സംഘം ചേർന്നുള്ള കുറ്റങ്ങളും : ഇത് പോലുള്ള കുറ്റങ്ങൾ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ വ്യക്തമായി അംഗീകരിച്ചിരുന്നില്ല. ഇപ്പോൾ വകുപ്പ് 103, 111 മുതൽ 113 എന്നിവയിലൂടെ ആൾക്കൂട്ട ആക്രമണങ്ങളും സംഘം ചേർന്നുള്ള കുറ്റങ്ങളും പ്രതിരോധിക്കാൻ ശക്തമായ ശിക്ഷാനിയമങ്ങൾ വന്നിട്ടുണ്ട്.
സാമൂഹിക സേവനം: ചെറിയ കുറ്റങ്ങൾക്കായി ആദ്യമായി “സാമൂഹിക സേവനം” എന്ന ശിക്ഷാരൂപം നിയമം പരിഗണിക്കപ്പെടുന്നു. ഇത് പുനരധിവാസ ന്യായത്തിന്റെ ഭാഗമാണ്.
വാഹനം ഇടിച്ച് നിറുത്താതെ പോകുന്ന അപകടങ്ങൾ : പലപ്പോഴും കാണപ്പെടുന്ന വാഹനാപകടങ്ങളിൽ ഡ്രൈവർ വണ്ടി നിറുത്താതെ രക്ഷപെടുന്ന സാഹചര്യങ്ങൾ കാണപ്പെടാറുണ്ട്. ഇത്തരം ഡ്രൈവർമാർക്ക് ഇനി 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കും (വകുപ്പ് 104).
ലൈംഗിക കുറ്റങ്ങളും ഇരകളുടെ അവകാശങ്ങളും: ലൈംഗിക അതിക്രമങ്ങൾ സംബന്ധിച്ച വ്യവസ്ഥകൾ കൂടുതൽ വ്യക്തതയോടെ പുനരവതരിപ്പിച്ചിരിക്കുന്നു. ഇതിന് പുറമേ, ഡിജിറ്റൽ ആയുള്ള ലൈംഗിക അതിക്രമങ്ങളും പുതിയ നിയമം കണക്കിലെടുക്കുന്നുണ്ട്. . പുതിയ നിയമത്തിൻ്റെ വകുപ്പ് 193 ഇരകൾക്കുള്ള നിയമ സഹായവും അവരുടെ മൊഴികൾ
എത്രയും വേഗം, സദ്ഭാവനാപൂർവ്വം രേഖപ്പെടുത്തുന്നതിനുള്ള അവകാശങ്ങളും ഉറപ്പാക്കുന്നു.
III. ഭാരതീയ നാഗരിക സുരക്ഷാ സൻഹിത, 2023 (BNSS): ക്രിമിനൽ നടപടിക്രമത്തിൻ്റെ ആധുനികമാറ്റം :
BNSS-ൽ 531 വകുപ്പുകൾ ഉണ്ട്. ഈ നിയമത്തിൻ്റെ പ്രത്യേകത ഡിജിറ്റൽ സൗകര്യങ്ങൾ, സമയപരിധികൾ എന്നിവയുടെ
അടിസ്ഥാനത്തിൽ വ്യവസ്ഥകൾ നവീകരിച്ചിട്ടുണ്ട് എന്നുള്ളതാണ്.
ഇ-എഫ്ഐആർ: ഇനി സാധാരണക്കാർക്ക് ഡിജിറ്റൽ ഒപ്പുപയോഗിച്ച് ഇ-എഫ്ഐആർ സമർപ്പിക്കാനാകും. ഈ നിയമത്തിൻ്റെ വകുപ്പ് 173 പ്രകാരം ഇ-എഫ് ഐ ആറും സീറോ എഫ് ഐ ആറും നിയമപരമായി അംഗീകരിച്ചിരിക്കുന്നു.
കുറ്റപത്രത്തിൻ്റെ സമയപരിധി: പഴയ ക്രിമിനൽ നടപടി ക്രമത്തിൽ കണ്ടിരുന്ന കുറ്റപത്രത്തിൻ്റെ സമയ പരിധിയിലെ അനിശ്ചിതത്വം ,ഒഴിവാക്കി, പുതിയ ബി എൻ എസ് എസിൽ-ൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്നാണ്
വ്യവസ്ഥ. എന്നാൽ, പ്രത്യേക സാഹചര്യങ്ങളിൽ 180 ദിവസം വരെ നീട്ടാവുന്നതാണ് എന്നും നിയമം പറയുന്നു.
വേഗത്തിലുള്ള വിചാരണ: ഈ നിയമത്തിൻ്റെ വകുപ്പ് 258 പ്രകാരം കേസുകളുടെ വിചാരണ 2 വർഷത്തിനകം പൂർത്തിയാക്കണമെന്ന് നിയമം നിർദ്ദേശിക്കുന്നു.
ഫൊറൻസിക് അന്വേഷണത്തിന്റെ നിർബന്ധത: 7 വർഷത്തിന് മേലെ ശിക്ഷ നൽകാവുന്ന കുറ്റങ്ങളിൽ ഫൊറൻസിക്
വിദഗ്ധരുടെ സാന്നിധ്യം നിർബന്ധമാക്കി, ഈ നിയമം തെളിവുകളുടെ വിശ്വാസ്യത ഉറപ്പാക്കുന്നു.
ഇ-സമ്മൺസ്, ഇ-വാറണ്ട്: സമ്മൺസുകളും വാറന്റുകളും ഇലക്ട്രോണിക് മീഡിയ വഴി അയയ്ക്കാനാവുന്ന പുതിയ സംവിധാനത്തിന് ഈ നിയമം അനുമതി നൽകുന്നു. ഇത് കേസിൽ പൊതുവേ കണ്ടുവരുന്ന കാലതാമസം ഒഴിവാക്കാൻ ഉപകരിക്കും.
വീഡിയോ കോൺഫറൻസിംഗും ജാമ്യപരിഷ്കാരങ്ങളും: അറസ്റ്റിലാക്കപ്പെട്ട പ്രതികളെ ഇനി 24 മണിക്കൂറിനുള്ളിൽ വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കാൻ കഴിയുന്ന സംവിധാനത്തിന് തുടക്കം കുറിച്ചു. ഇങ്ങിനെ അർണേഷ് കുമാർ vs സ്റ്റേറ്റ് ഓഫ് ബീഹാർ [(2014) 8 SCC 273] കേസിൽ സുപ്രീം കോടതി നൽകിയ നിർദ്ദേശങ്ങൾക്ക് നിയമപരമായ സാധ്യത നൽകാൻ കഴിഞ്ഞു.
ഇരകൾക്കുള്ള സംരക്ഷണങ്ങൾ: വിചാരണ നടപടികളിലും അന്വേഷണത്തിലും വ്യക്തമായ വിവരങ്ങൾ ലഭിക്കാനുള്ള അവകാശം ഉൾപ്പെടെ, ഇരകൾക്കുള്ള സംരക്ഷണങ്ങൾ പുതിയ നിയമം ഉറപ്പാക്കുന്നു.
IV. ഭാരതീയ സാക്ഷ്യ നിയമം, 2023 (BSA): കോടതികളിലെ സാക്ഷ്യത്തിനായുള്ള സാങ്കേതിക അടിസ്ഥാനമുള്ള പുതിയ നിയമം നിലവിൽ വന്നു. 1872-ലെ ഇന്ത്യൻ തെളിവ് നിയമം മാറി ഭാരതീയ സാക്ഷ്യ അധി നിയമം എന്ന പേരിൽ 170 വകുപ്പുകൾ ഉൾപ്പെടുത്തി പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നു.
ഡിജിറ്റൽ തെളിവുകൾ: ഈ നിയമത്തിലെ വകുപ്പുകൾ 61 മുതൽ 66 വരെയുള്ള ഭാഗം ഇമെയിൽ, എസ്.എം.എസ്., കോൾ റെക്കോർഡ്‌സ് (CDRs), എന്നീ സാങ്കേതിക രേഖകൾക്ക് നിയമപരമായ അംഗീകാരം നൽകുന്നു. ഇത് സ്വകാര്യതയും ഡാറ്റാസംരക്ഷണവും കാത്ത് കൊണ്ടാവണമെന്ന സുപ്രീം കോടതിയുടെ പുത്തസ്വാമി കേസ് [(2017) 10 SCC 1] വിധിയിൽ പറഞ്ഞതിന് അനുരൂപമായി വേണം എന്ന് പ്രത്യേകം നിർദ്ദേശിക്കുന്നുണ്ട്.
വായ്മൊഴി തെളിവിനും രേഖാമൂല്യത്തിനും സമാന പരിഗണന: ഇപ്പോൾ പുതിയ നിയമപ്രകാരം ', തെളിവുകൾ, രേഖകളോ വായ്മൊഴിയോ എന്നതല്ല, അതിന്റെ വിശ്വസ്തതയാണ് നിർണായകം എന്ന് വ്യക്തമാക്കുന്നു.
പ്രത്യക്ഷതയും പ്രസക്തിയുമുള്ള തെളിവുകൾ: പ്രത്യക്ഷതകളും പ്രസക്തിയുമുള്ള തെളിവുകൾക്കായുള്ള മാനദണ്ഡങ്ങൾ ആധുനിക സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റി നിശ്ചയിച്ചിരിക്കുന്നു.
ശത്രുതാപരമായ സാക്ഷികൾ: ശത്രുതാപരമായ സാക്ഷികളെ നിയമപരമായി കൈകാര്യംചെയ്യുന്നതിനുള്ള വ്യക്തമായ വ്യവസ്ഥകൾ പുതിയ നിയമം ഉൾക്കൊണ്ടിരിക്കുന്നു.
V. വെല്ലുവിളികളും ഭരണഘടനാപരമായ ആശങ്കകളും കോടതി നിരീക്ഷണങ്ങളും : പഴയ നിയമപ്രകാരം വിചാരണ തുടങ്ങിയ കേസുകൾ പുതിയ നിയമപ്രകാരം മാറ്റി നടത്തേണ്ടത് ഉണ്ടോ എന്ന ചോദ്യം വിഗഗ്ദരിലും രണ്ടഭിപ്രായത്തിന് കാരണമായിരിക്കുകയാണ്. ഈ കാര്യത്തിൽ കോടതി ഇനിയും നിലപാട് വ്യക്തമാക്കേണ്ടതുണ്ട്.
പുതിയ രാജദ്രോഹ കുറ്റത്തിൻ്റെ നിയമപരിശോധന: ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 124A മാറ്റി പുതിയ നിയമത്തിലെ വകുപ്പ് 150 അവതരിപ്പിച്ചതിന് ഭരണഘടനാപരമായ സാധുത ഉണ്ടോ എന്ന ചോദ്യം സുപ്രീം കോടതി ശ്രേയാ സിംഗാൾ കേസിൽ [(2015) 5 SCC 1] വിശകലനം ചെയ്ത പശ്ചാത്തലത്തിൽ നിർണ്ണായകമാണ്.
കോടതികൾ ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറുന്നത് : കോടതികൾ ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറുന്നത് നല്ലതാണ്. എന്നാൽ ഗ്രാമപ്രദേശങ്ങളിൽ ഇതിന് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഇല്ലെങ്കിൽ നിയമം സാർവ്വത്രികമായി പ്രാവർത്തികമാകില്ല. മാത്രവുമല്ല, പെട്ടന്ന് പുതിയ സംവിധാനം വരുമ്പോൾ പോലീസിനും ജഡ്ജിമാർക്കും കോടതി ജീവനക്കാർക്കും അഭിഭാഷകർക്കും കൃത്യമായ പരിശീലനം അത്യാവശ്യമായി വരും. അതിനുള്ള നടപടിക്രമങ്ങൾ ഉടൻ തന്നെ ആരംഭിക്കേണ്ടത് ഉണ്ട്.
VI. ജനകീയതയെ കേന്ദ്രീകരിച്ച നീതിന്യായം : 2023-ലെ നിയമപരിഷ്കാരങ്ങൾ ഭരണഘടനയുടെ മൂല്യങ്ങൾ, മനുഷ്യാവകാശങ്ങൾ, സാങ്കേതിക സാധ്യതകൾ എന്നിവയുടെ വെളിച്ചത്തിലാണ് രൂപകൽപന ചെയ്തത്. എന്നാൽ ഇവയുടെ വിജയത്തിന്റെ അടിസ്ഥാനം കർശനമായ നടപ്പാക്കലിലും നീതിപൂർവ്വകമായ വ്യാഖ്യാനത്തിലുമാണ്.
ഇനി ഇന്ത്യയുടെ ക്രിമിനൽ നിയമങ്ങൾ ബ്രിട്ടീഷ് കാലഘട്ടത്തിൻ്റെ ഓർമ്മകളിൽ നിന്ന് മാറി ജനകീയ നീതി ന്യായത്തിന്റെയും നിയമപരമായ സുരക്ഷയുടെ വഴിയിലേക്കാണ് നീങ്ങുന്നത്. എല്ലാ ഇന്ത്യൻ പൗരന്മാർക്കും നീതി ലഭ്യമാക്കലാണ് ഈ നിയമങ്ങളുടെ യഥാർത്ഥ വിജയത്തിന്റെ സൂത്രവാക്യം.
