മുണ്ടക്കൈ: ചൂരൽമല ദുരന്തത്തിന്റെ ഒന്നാം വാര്ഷികതോടനുബന്ധിച്ച് ജൂലൈ 30 ന് പുത്തുമലയിൽ സർവമത പ്രാർത്ഥനകളും പുഷ്പാർച്ചനകളും അനുസ്മരണങ്ങളും നടത്താൻ തീരുമാനിച്ചു. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി ഒ ആർ കേളുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം.
ജില്ലാ ഭരണകൂടവും മേപ്പാടി ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. രാവിലെ 11 മണിക്ക് പുത്തുമല പഞ്ചായത്ത് ശ്മശാനത്തിൽ പുഷ്പാർച്ചനയും തുടർന്ന് സർവ്വമത പ്രാർത്ഥനയും നടക്കും. തുടർന്ന് പുത്തുമല മദ്രസ അങ്കണത്തിൽ സജ്ജീകരിക്കുന്ന സ്മാരക യോഗ വേദിയിലേക്ക് നിശബ്ദ ഘോഷയാത്ര നടത്തും. ദുരന്തബാധിതരെ ഒരുമിച്ച് കൊണ്ടുവരുന്നതിനും അവരുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള ഭാവി പദ്ധതികളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
ദുരന്തത്തിൽ നിന്ന് പഠിച്ച പാഠങ്ങൾ കണക്കിലെടുത്ത് ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. പ്രദേശവാസികൾക്കും ദുരിതബാധിതർക്കും വേണ്ടി ദുരിതാശ്വാസ പദ്ധതികൾ തുടർന്നും നടപ്പിലാക്കുമെന്ന് അവർ ഉറപ്പുനൽകി.
മന്ത്രിമാർ, എം.പി., എം.എൽ.എ.മാർ, വിവിധ രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖർ, ഉദ്യോഗസ്ഥർ എന്നിവർ അനുസ്മരണ ചടങ്ങുകളിൽ പങ്കെടുക്കും. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാനും ദുരന്തത്തിന്റെ കെടുതികൾ ഓർമ്മിക്കാനുമുള്ള വേദിയായിരിക്കും ഈ അനുസ്മരണ ചടങ്ങ്.
