ആരാണ് യേശു ? (വിചിന്തനം): ജയൻ വർഗീസ്

രണ്ടായിരം സംവത്സരങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന ഒരു യഹൂദ യുവാവായിരുന്നു യേശു. പുരോഹിത വർഗ്ഗത്തിന്റെ അധികാര നുകത്തിനടിയിൽ അടിമത്തം അനുഭവിച്ചിരുന്ന ദരിദ്രവാസികൾക്കിടയിൽ വിമോചനത്തിന്റെ വിളിയൊച്ചയുമായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. ഇത് കാണുകയും അനുഭവിക്കുകയും ചെയ്ത ജനങ്ങൾ അദ്ദേഹത്തെ രക്ഷകൻ എന്ന് വിളിക്കുകയും ആ രക്ഷകൻ നയിക്കുന്ന വഴിയിലൂടെ ഇന്നിനെക്കാൾ മെച്ചപ്പെട്ട നാളെ എന്ന സ്വർഗ്ഗം സ്വപ്നം കാണുകയും ചെയ്തു. കരുതൽ എന്ന് അർത്ഥം വരുന്ന സ്നേഹത്തിന്റെ പ്രായോഗിക പരിപാടികളിലൂടെ വരണ്ടുണങ്ങിയ സ്വന്തം മനസ്സുകളുടെ പാഴ്നിലങ്ങളിൽ നിന്ന് വിതയ്ക്കാതെയും കൊയ്യാതെയും കൂട്ടി വയ്ക്കാതെയും സമൃദ്ധിയുടെ കതിർക്കുലകൾ കൊയ്തെടുക്കാനാകുമെന്ന് അദ്ദേഹം പറയുകയും പ്രവർത്തിക്കുകയും സ്വജീവിതത്തിൽ പ്രയോഗിക്കുകയും ചെയ്തപ്പോൾ പക്ഷിക്കൂട്ടങ്ങളെപ്പോലെ ജനം അദ്ദേഹത്തെ പിൻപറ്റി. തങ്ങളുടെ താവളങ്ങളിൽ നിന്ന് അടിമകൾ കൊഴിഞ്ഞു പോകുന്നതറിഞ്ഞ പുരോഹിത വർഗ്ഗം അധികാരികളുടെ ഒത്താശയോടെ അദ്ദേഹത്തെ ക്രൂരമായി വധിച്ചു – ഇതാണ് സംഭവിച്ചത്.

താൻ ദൈവമാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലാത്ത യേശുവിനെ ദൈവമാക്കിയത് എഴുത്തുകാരാണ്. തന്റെ പിതാവാണ് ദൈവം എന്ന അദ്ദേഹത്തിന്റെ ന്യായം എല്ലാ മനുഷ്യരെ സംബന്ധിച്ചും താത്വികമായി സത്യമാകുന്നു. തങ്ങളുടെ നായകന് വിശ്വാസ്യത വർധിപ്പിക്കാനായി അനുയായികളായ എഴുത്തുകാർ പ്രയോഗിച്ചിരിക്കാൻ ഇടയുള്ള പൊടിക്കൈകളായിരിക്കണം ചിലയിടങ്ങളിൽ അവിശ്വരസനീയമായി മുഴച്ചു നിൽക്കുന്നത്.

യേശു ജീവിച്ചിരുന്നതിനു തെളിവില്ലെന്ന് വാദിക്കുന്ന സ്വതന്ത്ര ചിന്തകർക്ക് വേണ്ടി വിഖ്യാത റഷ്യൻ സാഹിത്യ പ്രതിഭ ദയസ്‌ക്കോവിസ്‌ക്കിയൂടെ വാക്കുകൾ ആവർത്തിക്കുന്നു. “ യേശു ഒരു കഥാപാത്രമാണെങ്കിൽ ആ കഥാപാത്രത്തെ നെഞ്ചിൽ ചേർത്തു വച്ച് ഞാനതിനെ പിൻപറ്റും “ എന്നായിരുന്നു ആ വാക്കുകൾ.

യേശു രണ്ടാമത് വരും എന്നുള്ളത് മനുഷ്യ രാശിയുടെ സജീവമായ വർണ്ണ സ്വപ്നമാണ്. താനൊഴികെയുള്ള സകല ലോകത്തെയും അപരൻ എന്നർത്ഥം വരുന്ന അയൽക്കാരൻ എന്ന് വിളിക്കുകയും തന്റേതായ തുല്യ നിലയിൽ യാതൊരു കുറവുമില്ലാതെ അവനെയും കരുതണം എന്ന ക്രൈസ്തവ പ്രഖ്യാപനം യേശുവിന്റേതായി പുറത്തുവരികയും ചെയ്തപ്പോൾ ഇത് നടപ്പിലാവുമ്പോൾ സ്വർഗ്ഗം ഭൂമിയിലേക്കിറങ്ങി വരും എന്നറിഞ്ഞതിനാലാണ് രണ്ടാമത് വരുന്ന യേശുവിനെ ജനം സ്വപ്നം കണ്ടത്..

ബാലസിംഹങ്ങളുടെ അണപ്പല്ലുകളെണ്ണുന്ന കുട്ടികളും അണലി മാളങ്ങളിൽ കൈയ്യിട്ടു രസിക്കുന്ന ശിശുക്കളും ജീവിക്കുന്ന ആ സ്വർഗ്ഗത്തിൽ അമ്മ സിംഹങ്ങൾ പാലൂട്ടുന്ന ആട്ടിൻ കുട്ടികൾ തുള്ളിച്ചാടി നടക്കും. ഇതിലൂടെ യേശു വിഭാവനം ചെയ്ത ലോകം ഈ പാഴ്മണ്ണിൽ നടപ്പിലാവുന്നു എന്നതിനാൽ അതാണ് പ്രായോഗിക തലത്തിലുള്ള – രണ്ടാം വരവ്.

അനുയായികളെ ഭയപ്പെടുത്തി പണം തട്ടാനുള്ള ചതുരുപായമാണ് സർവ മതങ്ങളും മുന്നോട്ടു വയ്ക്കുന്ന ലോകാവസാനം. സപ്ത സാഗരങ്ങളിലെ അളവില്ലാത്ത മഹാജലത്തിൽ നിന്നുള്ള ഒരു തുള്ളി പോലുമില്ലാത്ത ഈ ഭൂമി ഒരിക്കലും നശിക്കുവാൻ പോകുന്നില്ല. കാലാനുസൃതമായ മാറ്റങ്ങൾ സ്വഭാവികമായും ഉണ്ടായേക്കാം.

എന്നാൽ, ഇവിടെ നശിക്കാൻ പോകുന്നത് തിന്മയാണ്. മഴവില്ലും മനുഷ്യ മോഹങ്ങളും വിരിഞ്ഞു നിൽക്കുന്ന ഈ നക്ഷത്രപ്പാറയിൽ തിന്മയുടെ സർവ്വ നാശം സംഭവിച്ചു കഴിയുമ്പോൾ അതിരുകളും ലേബലുകളുമില്ലാതെ മനുഷ്യനും മനുഷ്യനും തോളോടുതോൾ ചേർന്ന് നിന്ന് പരസ്പ്പരം കരുതുന്ന മണ്ണിലെ സ്വർഗ്ഗം നടപ്പിലാകും. ! അവിടെ അനശ്വരനായി യേശുവുണ്ടാവും. അത് ശരീരം ധരിച്ച മനുഷ്യനായിട്ടല്ല, അന്ന് ജീവിച്ചിരിക്കുന്നവരുടെ അകമനസ്സ് കുളിർപ്പിന്നുന്ന ആശയങ്ങളുടെ ആത്മസത്തയായി – അതാണ് രണ്ടാം വരവ്.

Leave a Comment

More News