വാഷിംഗ്ടണ്‍: ഇന്ത്യയ്ക്ക് മേൽ 50% താരിഫ് ചുമത്തിയ ട്രംപിനെ ശക്തമായി വിമര്‍ശിച്ച് മുതിർന്ന യുഎസ് കോണ്‍ഗ്രസ് അംഗം ഗ്രിഗറി മീക്സ. ട്രംപിന്റെ നടപടി വാഷിംഗ്ടണും ന്യൂഡൽഹിയും തമ്മിലുള്ള രണ്ട് പതിറ്റാണ്ട് പഴക്കമുള്ള ശക്തമായ ബന്ധത്തെ അപകടത്തിലാക്കിയെന്ന് ഡെമോക്രാറ്റിക് പാർട്ടി കോണ്‍ഗ്രസ് അംഗം ഗ്രിഗറി മീക്സ് പറഞ്ഞു.
“നമ്മള്‍ക്ക് ആഴത്തിലുള്ള തന്ത്രപരവും സാമ്പത്തികവും ജനങ്ങൾ തമ്മിലുള്ളതുമായ ബന്ധമുണ്ട്. നമ്മുടെ ജനാധിപത്യ മൂല്യങ്ങൾക്ക് അനുസൃതമായി പരസ്പര ബഹുമാനത്തോടെ ആശങ്കകൾ പരിഹരിക്കണം,” അദ്ദേഹം പറഞ്ഞു.
ഡൊണാൾഡ് ട്രംപ് ആദ്യം ഇന്ത്യയ്ക്ക് 25% തീരുവ ചുമത്തി, പിന്നീട് ഇന്ത്യയുമായുള്ള വ്യാപാര കരാറിനുള്ള ചർച്ചകൾ നിർത്തിവച്ചു. അതിനുശേഷം, അദ്ദേഹം ഇന്ത്യയ്ക്ക് 25% അധിക തീരുവ ചുമത്തി 50% ആക്കി, ഇത് അദ്ദേഹം ഏതൊരു രാജ്യത്തിനും ഏർപ്പെടുത്തിയ ഏറ്റവും ഉയർന്ന താരിഫാണ്.
എന്നാല്‍, ട്രംപിന്റെ താരിഫ് രാഷ്ട്രീയത്തിനെതിരെ ഇന്ത്യയും കടുത്ത നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യ ഒരു സമ്മർദ്ദത്തിനും വഴങ്ങില്ലെന്നും സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പ്രധാനമന്ത്രി മോദി വ്യക്തമായി പറഞ്ഞു.
