തിരുവനന്തപുരം: ഒളിമ്പിക്‌സിന്റെ മാതൃകയിൽ 67-ാമത് സംസ്ഥാന സ്‌കൂൾ സ്‌പോർട്‌സ് ഫെസ്റ്റിവലിനായി തലസ്ഥാനം അണിഞ്ഞൊരുങ്ങി. ഒക്ടോബര്‍ 21 മുതൽ 28 വരെയാണ് സ്‌പോർട്‌സ് ഫെസ്റ്റിവൽ. 21-ന് വൈകുന്നേരം 4 മണിക്ക് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. കായിക താരങ്ങളുടെ മാർച്ച് പാസ്റ്റോടെയാണ് ഉദ്ഘാടന ചടങ്ങ് ആരംഭിക്കുക. തുടർന്ന്, ഇന്ത്യൻ ഫുട്‌ബോളിന്റെ അഭിമാന താരം ഐ.എം. വിജയൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയോടൊപ്പം ദീപം തെളിയിക്കും. പ്രതിപക്ഷ നേതാവ്, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഫെസ്റ്റിവലിന്റെ ബ്രാൻഡ് അംബാസഡർ. ചലച്ചിത്ര താരം കീർത്തി സുരേഷാണ് ഫെസ്റ്റിവലിന്റെ ഗുഡ്‌വിൽ അംബാസഡർ.
ഉദ്ഘാടന ചടങ്ങിനുശേഷം കേരളത്തിന്റെ സാംസ്കാരിക പൈതൃകവും പാരമ്പര്യവും പ്രദർശിപ്പിക്കുന്ന സാംസ്കാരിക പരിപാടികൾ നടക്കും. മൂവായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന സാംസ്കാരിക പരിപാടികളും ഓരോ ജില്ലയിൽ നിന്നും 300 കുട്ടികൾ പങ്കെടുക്കുന്ന വിപുലമായ മാർച്ച് പാസ്റ്റും ആസൂത്രണം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ശിക്ഷക് സദൻ ഒരു ഓഫീസായി പ്രവർത്തിക്കുന്നുവെന്നും ഏകദേശം 16 ഉപസമിതികളുടെ നേതൃത്വത്തിൽ മേളയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പത്രസമ്മേളനത്തിൽ അറിയിച്ചു.
ഒക്ടോബർ 22 മുതൽ 28 വരെ 12 വേദികളിലായി കായിക മത്സരങ്ങൾ നടക്കും. ഇൻക്ലൂസീവ് സ്പോർട്സിന്റെ ഭാഗമായി 1944 കായിക താരങ്ങൾ ഉൾപ്പെടെ 20,000 ത്തിലധികം കളിക്കാർ മേളയിൽ പങ്കെടുക്കും. ഇന്ന് (ഒക്ടോബര്‍ 20 ന്) രാത്രി തിരുവനന്തപുരത്ത് എത്തുന്ന കായിക താരങ്ങളുടെ ആദ്യ ബാച്ചിനെ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ സ്വാഗതം ചെയ്യും. ഗൾഫ് മേഖലയിലെ കേരള സിലബസിൽ പഠിക്കുന്ന ഏഴ് സ്കൂളുകളിൽ നിന്നുള്ള 35 കുട്ടികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. ഇത്തവണ ഗൾഫ് മേഖലയിൽ നിന്ന് 12 പെൺകുട്ടികൾ കൂടി മേളയിൽ പങ്കെടുക്കുന്നുണ്ട്. ആയിരത്തോളം ഉദ്യോഗസ്ഥരും രണ്ടായിരത്തോളം വളണ്ടിയർമാരും കായികമേളയുടെ ഭാഗമാകും.
ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വർണ്ണക്കപ്പാണ് ഇത്തവണ നൽകുന്നത്. ഒക്ടോബർ 16 ന് കാസർകോഡ് നീലേശ്വരത്ത് നിന്ന് ആരംഭിച്ച ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയുടെ സംസ്ഥാനതല പര്യടനം കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, ജില്ലകൾ താണ്ടി 19ന് വൈകുന്നേരം തിരുവനന്തപുരം ജില്ലയുടെ അതിർത്തിയായ തട്ടത്തുമല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ എത്തിച്ചേർന്നു. മന്ത്രി വി.ശിവൻകുട്ടി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ ഉമേഷ്, എം.എൽ.എമാർ, ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് സ്വീകരണമൊരുക്കി. 20ന് തിരുവനന്തപുരം ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലൂടെയും സ്വർണ്ണക്കപ്പുമായുള്ള ഘോഷയാത്ര സഞ്ചരിക്കും. 21ന് രാവിലെ 10 മണിക്ക് പട്ടം ഗേൾസ് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ എത്തിച്ചേരുന്ന സ്വർണ്ണക്കപ്പ് ഘോഷയാത്ര അവിടെ നിന്നും ഉദ്ഘാടന വേദിയായ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലേക്ക് എത്തും. ഒക്ടോബർ 19 ന് എറണാകുളത്ത് നിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണം 21ന് നഗരത്തിലെ വിവിധ സ്‌കൂളുകളിൽ സ്വീകരണം ഏറ്റുവാങ്ങി പട്ടം ഗേൾസ് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വച്ച് ട്രോഫി ഘോഷയാത്രയുമായി ചേരും.
പുത്തരിക്കണ്ടം മൈതാനത്ത് രണ്ടായിരത്തി അഞ്ഞൂറോളം പേർക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള വിപുലമായ ഭക്ഷണശാല ഒരുക്കിയിട്ടുണ്ട്. കൂടാതെ മറ്റ് അഞ്ച് അടുക്കളകളും പ്രവർത്തിക്കുന്നുണ്ട്. പത്ത് വർഷമായി കേരളത്തിൽ ഉണ്ടായ കായിക നേട്ടങ്ങളെ കുറിച്ചുള്ള സമഗ്ര എക്സിബിഷനും അതിന്റെ ഭാഗമായുള്ള ചെറിയ കായിക വിനോദങ്ങളും പുത്തരിക്കണ്ടത്ത് സംഘടിപ്പിക്കുന്നുണ്ട്. കായിക താരങ്ങളുടെ താമസത്തിനായി എഴുപത്തി നാലോളം സ്‌കൂളുകൾ പ്രത്യേകം സജ്ജീകരിച്ചു. കുട്ടികളുടെ സഞ്ചാരത്തിനായി 142 ബസുകൾ വിവിധ സ്‌കൂളുകളിൽ നിന്നും സജ്ജമാക്കിയിട്ടുണ്ട്.
മൈതാനങ്ങളിലും താമസ സ്ഥലങ്ങളിലും സാനിറ്റൈസേഷനും ഇ-ടോയ്‌ലറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മൈതാനങ്ങളിലും താമസ സ്ഥലങ്ങളിലും പോലീസിന്റെ നേതൃത്വത്തിൽ സുരക്ഷയും ഒരുക്കിയിട്ടുണ്ട്. നിരോധിത ഉൽപ്പന്നങ്ങൾ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ മൈതാനങ്ങളിലും താമസ സ്ഥലങ്ങളിലും എക്‌സൈസിന്റെ പ്രത്യേക ജാഗ്രത ഉണ്ടായിരിക്കും. മെഡിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ, അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി, സ്‌പോർട്‌സ് ആയുർവേദം, ഫിസിയോതെറാപ്പി, സ്‌പോർട്‌സ് മെഡിസിൻ, ആംബുലൻസ് സർവീസ്, സ്‌പെഷ്യൽ മെഡിക്കൽ ടീം സർവീസ് എന്നിവയ്ക്കുള്ള സൗകര്യങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ കളിസ്ഥലങ്ങളിലും താമസ സ്ഥലങ്ങളിലും ഒരുക്കിയിട്ടുണ്ട്. രജിസ്ട്രേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കായിക താരങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
പിആര്‍ഡി, കേരള സര്‍ക്കാര്‍
