കേരളത്തിൽ ശക്തമായ മഴ തുടരും; ഒക്ടോബർ 28 വരെ തീരദേശ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ അടുത്ത മൂന്ന് ദിവസത്തേക്ക് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മത്സ്യബന്ധനം നിരോധിച്ചു. ഇന്ന് മുതൽ ഒക്ടോബർ 28 വരെ കേരള തീരത്തും, ഒക്ടോബർ 29 വരെ കർണാടക-ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനം നടത്തരുതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരള തീരത്തും സമീപ സമുദ്ര പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിലും ചിലപ്പോൾ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട കനത്ത മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെടുന്നു. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് കനത്ത മഴ എന്ന് നിർവചിക്കുന്നത്.

 

 

Leave a Comment

More News