മദ്യപിക്കാന്‍ പണം നല്‍കിയില്ല; മകന്‍ അമ്മയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

ആലപ്പുഴ: മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ട് മകന്‍ അമ്മയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. മാവേലിക്കരയിലാണ് സംഭവം നടന്നത്. കല്ലുമല പുതുച്ചിറ സ്വദേശി കനകമ്മ സോമരാജൻ (69) ആണ് മരിച്ചത്. ഇവരുടെ ഏക മകൻ കൃഷ്ണദാസിനെ (39) പോലീസ് കസ്റ്റഡിയിലെടുത്തു. അമ്മയും മകനും തമ്മിൽ നിരന്തരം പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. കൃഷ്ണദാസിന്റെ ഭാര്യ അയാളെ ഉപേക്ഷിച്ചു പോയിരുന്നു.

മദ്യപിച്ചെത്തുന്ന കൃഷ്ണദാസ് മദ്യപിച്ച് അമ്മയോട് പണം ആവശ്യപ്പെടാറുണ്ടായിരുന്നു. പണം നൽകിയില്ലെങ്കില്‍ അമ്മയെ മർദിക്കാറുണ്ടായിരുന്നു എന്ന് അയല്‍ക്കാര്‍ പറഞ്ഞു. ഇന്നലെയും പതിവുപോലെ കൃഷ്ണദാസ് മദ്യപിച്ചെത്തി കനകമ്മയോട് പണം ആവശ്യപ്പെട്ടെന്നും കൊടുക്കാതിരുന്നപ്പോള്‍ അമ്മയെ മർദ്ദിച്ചതായും പോലീസ് പറയുന്നു.

കൃഷ്ണദാസിന്റെ വീട്ടില്‍ ഇതൊരു പതിവ് സംഭവമായതിനാൽ നാട്ടുകാരോ അയല്‍ക്കാരോ ഇടപെട്ടില്ല. എന്നാല്‍, ഇന്ന് രാവിലെ അമ്മ അനങ്ങുന്നില്ലെന്നും താൻ മർദിച്ചതായും കൃഷ്ണദാസ് തന്നെയാണ് നാട്ടുകാരോട് പറഞ്ഞത്. പോലീസെത്തി പരിശോധിച്ചപ്പോഴാണ് കനകമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മകൻ മർദ്ദിച്ചതിനെ തുടർന്ന് കനകമ്മ മരിച്ചതായി പോലീസ് പറഞ്ഞു.

Leave a Comment

More News