പിഎം ഇ-ഡ്രൈവുമായി കൈകോർത്ത് ഇലക്ട്രിക് ട്രക്ക് ഇടനാഴി യാഥാർഥ്യമാക്കുന്ന ആദ്യ സംസ്ഥാനമാകാൻ കേരളം

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഒരു ഇലക്ട്രിക്ക് ട്രക്ക് ഇടനാഴി യാഥാർഥ്യമാക്കാൻ കേരളം ഒരുങ്ങുന്നു. സംസ്ഥാനത്തെ തുറമുഖങ്ങളുമായി ബന്ധപ്പെട്ടതും വ്യാവസായിക ചരക്കു നീക്കത്തിൽ വലിയ പങ്ക് വഹിക്കുന്നതുമായ ഇന്ത്യയിലെത്തന്നെ ഏറ്റവും തിരക്കേറിയതും സുപ്രധാനവുമായ ഇടനാഴികളിൽ ഒന്നായ ദേശീയ പാത – 66 ലാണ് ഈ സംരംഭം യാഥാർഥ്യമാകുന്നത്. വൈദ്യുത ചരക്ക് ഗതാഗതം വേഗത്തിലാക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ള പിഎം ഇ-ഡ്രൈവ് പദ്ധതിയുമായി സംസ്ഥാന ഏജൻസികളുടെ ഏകോപനത്തിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. .

വൈദ്യുത ചരക്ക് ഗതാഗതത്തിനായുള്ള സംസ്ഥാനത്തിന്റെ റോഡ്‌മാപ്പ് തയ്യാറാക്കുന്നതിനായി സംസ്ഥാനത്തുനിന്നുള്ള മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, വൈദ്യുതി സ്ഥാപനങ്ങൾ, വൈദ്യുത വാഹന കമ്പനികൾ, ലോജിസ്റ്റിക്‌സ് ഓപ്പറേറ്റർമാർ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർ പങ്കെടുത്ത ശില്പശാല ബുധനാഴ്‌ച തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. മലിനീകരണം ഇല്ലാത്ത ഗതാഗതത്തിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തിൽ കേരളം വീണ്ടും നേതൃത്വ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് എന്ന് ശില്പശാല വിലയിരുത്തി. പ്രധാന ദേശീയ, സംസ്ഥാന ഹൈവേകളിലായി ഇ-ട്രക്ക്, ഇ-ബസ് ചാർജിങ് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 2,000 കോടി രൂപ നീക്കിവച്ചിട്ടുള്ള പിഎം ഇ-ഡ്രൈവ് പദ്ധതി കേരളത്തിന്റെ ഈ മുന്നേറ്റത്തിന് കൂടുതൽ ശക്തി പകരും.

കെ എസ് ഇ ബിയും, ഇന്റർനാഷണൽ കൗൺസിൽ ഓൺ ക്ലീൻ ട്രാൻസ്‌പോർട്ടേഷനും (ഐ സി സി ടി) സംയുക്തമായി സംഘടിപ്പിച്ച ശില്പശാലയിൽ “പിഎം ഇ-ഡ്രൈവ് പദ്ധതിയോട് ചേർന്ന് കേരളത്തിന്റെ ഇ-ട്രക്ക് മേഖലയുടെ മുന്നോട്ടുള്ള പ്രയാണം’ എന്ന വിഷയത്തിൽ വിശദമായ ചർച്ചകൾ നടന്നു. മുന്നോട്ടുള്ള പാതയിൽ ഏകോപനം കൈവരിക്കാനും, വെല്ലുവിളികൾ വിലയിരുത്തി പ്രവർത്തിക്കാനും, കേരളത്തിലെ ഇ-ട്രക്ക് മേഖലയുടെ വികാസം ലക്ഷ്യമിട്ട് പ്രവർത്തനയോഗ്യമായ പദ്ധതി രൂപപ്പെടുത്താനും തീരുമാനമായി.

സി വിഭാഗത്തിൽപ്പെടുന്ന സ്വകാര്യ ഭൂമികളിൽ പി എം ഇ-ഡ്രൈവ് പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നത് സുഗമമാക്കൻ ഉദ്ദേശിച്ചുള്ള ഒരു വെബ് പോർട്ടൽ സംസ്ഥാന വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്‌ഘാടനം ചെയ്തു. കെ.എസ്.ഇ.ബി.വികസിപ്പിച്ച ഈ പോർട്ടൽ, ഇത്തരത്തിലുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ സംരംഭമാണ്. ചാർജ് പോയിന്റ് ഓപ്പറേറ്റർമാർക്ക് സി വിഭാഗം അനുശാസിക്കുന്ന വിധത്തിൽ സ്വകാര്യ ഭൂമിയുടെ വിശദാംശങ്ങൾ അപ്‌ലോഡ് ചെയ്യാൻ ഈ പോർട്ടലിലൂടെ സാധ്യമാകും. അനുയോജ്യമായ സ്വകാര്യ ഭൂമികളുടെ സംയോജനം സാധ്യമാക്കുകയും അംഗീകാരത്തിനായി ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയത്തിന് സമയബന്ധിതമായി നിർദ്ദേശങ്ങൾ സമർപ്പിക്കാനും ഇതിലൂടെ സാധ്യമാകും.

ചരക്ക് നീക്കം മൂലമുണ്ടാകുന്ന മലിനീകരണം സമഗ്രമായി കുറയ്ക്കുന്നതിനായി, ഇടത്തരവും വലുതുമായ ചരക്കു വാഹനങ്ങളുടെ വൈദ്യുതീകരണം ത്വരിതപ്പെടുത്തേണ്ടത് അത്യാവശ്യമാണ്, എന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. ആവശ്യമായ ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങൾ വിന്യസിക്കാൻ പ്രാപ്തമാക്കുന്നതിലൂടെ പിഎം ഇ-ഡ്രൈവ് പദ്ധതി അതിനുള്ള അവസരം നൽകുന്നു, അദ്ദേഹം പറഞ്ഞു.

നോഡൽ ഏജൻസിയെ ഔദ്യോഗികമായി നിയോഗിക്കുന്നതിന് മുൻപു തന്നെ, ഭൂമി പാർസലുകൾ ഏകീകരിച്ച്, പിഎം ഇ-ഡ്രൈവ് പദ്ധതിക്കായുള്ള നിർദേശങ്ങൾ കേന്ദ്ര വ്യവസായ മന്ത്രാലയത്തിനു സമർപ്പിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. പ്രവർത്തന മാർഗനിർദേശങ്ങൾ പുറത്തിറങ്ങിയതിനു പിന്നാലെ സംസ്ഥാന വൈദ്യുതി ബോർഡിനെ (കെ.എസ്.ഇ.ബി) കേരളം നോഡൽ ഏജൻസിയായി നിയോഗിക്കുകയും ഭൂമി ഏറ്റെടുക്കൽ, ഏകീകരണ നടപടികൾ എന്നിവ വേഗത്തിലാക്കുകയും ചെയ്തു.

മൂന്ന് ലക്ഷത്തിലധികം വൈദ്യുത വാഹനങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുകയും, പുതിയ വാഹന വിൽപ്പനയിൽ 10 ശതമാനത്തിലധികം വൈദ്യുത വാഹനങ്ങൾ എന്ന നേട്ടം കൈവരിക്കുകയും ചെയ്ത കേരളത്തെ, മലിനീകരണ മുക്ത ഗതാഗത സംവിധാനമുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇതിനകം തന്നെ ദേശീയ തലത്തിൽ മുനിരയിലെത്തിച്ചിട്ടുണ്ട്. കെ എസ് ഇ ബി, വൈദ്യുതി വകുപ്പ്, മോട്ടോർ വാഹന വകുപ്പ്, ഇ വി ആക്സിലറേറ്റർ സെൽ, പ്രാദേശിക വ്യവസായങ്ങൾ എന്നിവയെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ, വൈദ്യുത വാഹനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചരക്ക് ഗതാഗതം വ്യാപിപ്പിക്കാൻ ശക്തമായ അടിത്തറ ഒരുക്കിക്കഴിഞ്ഞു.

“പരിസ്ഥിതി സംരക്ഷണത്തിനൊപ്പം, രാജ്യത്തെ ചരക്ക് നീക്കത്തിൽ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും വൈദ്യുതീകരണം നിർണായകമാണ്. പി എം ഇ-ഡ്രൈവ് പദ്ധതിയിലൂടെ, മലിനീകരണം ഇല്ലാത്ത ചരക്ക് ഗതാഗതത്തിലേക്കുള്ള പരിവർത്തനത്തിന് ഇന്ത്യ അടിത്തറയിടുകയാണ്. ആർജവമുള്ള നേതൃത്വവും, ഭക്ഷ്യ, കാർഷിക അധിഷ്ഠിത വ്യവസായങ്ങളുടെ ശക്തമായ സാന്നിധ്യവുമുള്ള കേരളം, സംസ്ഥാന തലത്തിൽ ഈ മാറ്റത്തിന് നേതൃത്വം നൽകാൻ പര്യാപ്തമാണ്. കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെ, ഭക്ഷ്യ, കാർഷിക ഉത്പന്നങ്ങളുടെ ചരക്കു നീക്കത്തിൽ വൈദ്യുതീകരണം ഏർപ്പെടുത്താൻ വേഗത്തിൽ സാധ്യമാകും. രാജ്യത്തെ മറ്റ് പ്രദേശങ്ങൾക്ക് ഇതൊരു മാതൃകയാണ്,” ഇന്റർനാഷണൽ കൗൺസിൽ ഓൺ ക്ലീൻ ട്രാൻസ്പോർട്ടേഷൻ പ്രോഗ്രാം ലീഡ് കൃതിക പിആർ പറഞ്ഞു.

“കേരളത്തിലെ പിഎം ഇ-ഡ്രൈവിന്റെ നോഡൽ ഏജൻസി എന്ന നിലയിൽ, കെഎസ്ഇബിയുടെ ഉത്തരവാദിത്തം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഇടത്തരവും, വലുതുമായ ഇലക്ട്രിക് ട്രക്കുകൾക്ക് വിശ്വസനീയവും, വികസന യോഗ്യവും, ഉപയോക്തൃ സൗഹൃദപരവുമായ ഒരു ചാർജിംഗ് ആവാസ വ്യവസ്ഥയിലേക്ക് ഈ ദേശീയ പദ്ധതിയെ മാറ്റുക എന്നതാണ് ആ ഉത്തരവിവദത്തം,” ഉദ്ഘാടന പ്രസംഗത്തിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബി) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മിൻഹാജ് ആലം ഐഎഎസ് പറഞ്ഞു.

“പിഎം ഇ-ഡ്രൈവിന് കീഴിൽ, 120 കിലോവാട്ടിന്റെയും 240 കിലോവാട്ടിന്റെയും ഉയർന്ന ശേഷിയുള്ള സംവിധാനങ്ങളിൽ വ്യാപകമായി ശ്രദ്ധ കേന്ദ്രീകരിക്കും. നിലവിലെ ചരക്കു വാഹനങ്ങളുടെ എണ്ണത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള വിപുലീകരണത്തിനു പകരം, ദീർഘദൂര ചരക്ക് ഗതാഗതം, ഉയർന്ന വാഹന ഉപയോഗം, പുതിയ തലമുറയിലെ ട്രക്ക് പ്ലാറ്റ്‌ഫോമുകൾ എന്നിവയുടെ ഭാവിയിലെ വികസനം കൂടി മുൻ നിർത്തിയുള്ള ആസൂത്രണത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്,” സംസ്ഥാന ഊർജ്ജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ ഐഎഎസ് പറഞ്ഞു.

“ഗതാഗത മേഖലയെ വെറും ഒരു ഊർജ്ജ ഉപഭോക്താവ് എന്ന നിലയിലല്ല, മറിച്ച് വൻ സാധ്യതകളുള്ള ദാതാവായും ഊർജ്ജ സംഭരണിയായുമാണ് കേരളത്തിലെ ഗതാഗത വകുപ്പ് കാണുന്നത്. ലോകോത്തര ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങളും വഴിയോര സൗകര്യങ്ങളും വികസിപ്പിക്കുന്നതിലൂടെ, ചരക്കു നീക്കം കാര്യക്ഷമമാക്കുകയും സാമ്പത്തിക ഭദ്രത ഉറപ്പിക്കുകയും ചെയ്യുന്നതിനൊപ്പം, സംസ്ഥാനത്തിന്റെ പരിസ്ഥിതി മേഖലയെ സംരക്ഷിക്കാൻ വേണ്ട സുസ്ഥിരമായ പ്രവർത്തനങ്ങൾ ഉറപ്പാക്കിക്കൊണ്ടുള്ള ഒരു സംവിധാനം നിർമ്മിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയവുമായി സഹകരിച്ച്, ചാർജിംഗ് സൗകര്യങ്ങളുള്ള വഴിയോര സംവിധാനങ്ങൾ വാഹനങ്ങൾക്കും ഡ്രൈവർമാർക്കും ഒരുക്കും. ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി, വീഡിയോ സന്ദേശങ്ങൾ മുഖാന്തിരം റോഡ് അവസ്ഥകളെക്കുറിച്ചുള്ള തത്സമയ വിവരങ്ങളും നൽകും,” ട്രാൻസ്‌പോർട്ട് കമ്മീഷണർ നാഗരാജു ചകിലം, ഐപിഎസ് പറഞ്ഞു.

സംസ്ഥാനത്തിന്റെ വ്യാവസായികവും തുറമുഖ-ബന്ധിതവും നിർമാണ സാമഗ്രികളും അടങ്ങുന്ന ചരക്കു നീക്കത്തിൽ സുപ്രധാന പങ്കു വഹിക്കുന്നത് ദേശീയ പാത – 66 ആണ്. വിഴിഞ്ഞം തുറമുഖത്തിന്റെ വികസനവും, തീരദേശ വ്യാവസായിക പ്രവർത്തനങ്ങളുടെ വർദ്ധനവും, ലോജിസ്റ്റിക്‌സ് പാർക്കുകളിലെ ചരക്കു കൈമാറ്റ വളർച്ചയും കാരണം, ഈ ഗതാഗത കോറിഡോറിലുടെയുള്ള ചരക്കു നീക്കം വലിയ തോതിൽ വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുസജ്ജമായ വൈദ്യുതീകരണ സംവിധാനങ്ങൾ ഇല്ലെങ്കിൽ, ഈ വളർച്ച മലിനീകരണത്തിനും, വർദ്ധിച്ച തിരക്കിനും, എറണാകുളം, കൊല്ലം, കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം തുടങ്ങിയ ജനസാന്ദ്രത കൂടിയ ജില്ലകളുടെമേൽ അധിക സമ്മർദ്ദത്തിനും അപകടസാധ്യതകൾക്കും കാരണമായേക്കാം.

ഇന്ത്യയിലെ റോഡ് ഗതാഗത മലിനീകരണത്തിൽ വലിയ പങ്കു വഹിക്കുന്നവയാണ് ട്രക്കുകൾ. വായു മലിനീകരണം ഒഴിവാക്കാനും, വ്യവസായങ്ങൾക്ക് അവരുടെ പ്രവർത്തനച്ചെലവ് ഗണ്യമായി കുറയ്ക്കാനും, റബർ, കടൽമത്സ്യം, കശുവണ്ടി, തോട്ടവിളകൾ തുടങ്ങിയ കയറ്റുമതി മേഖലകളിൽ കേരളത്തിന്റെ മത്സരക്ഷമത ശക്തിപ്പെടുത്താനും ദേശീയ പാത 66 ലെ ചരക്ക് ഗതാഗതം വൈദ്യുതീകരിക്കുന്നതു വഴി സാധ്യമാകും.

ചരക്കു ഗതാഗത മേഖലയുടെ വൈദ്യുതീകരണവുമായി ബന്ധപ്പെട്ടുള്ള വസ്തുതകൾ, സംസ്ഥാനത്തുടനീളം ചാർജിങ് സംവിധാനങ്ങൾ സജ്ജമാക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ, ഇ-ട്രക്ക് സംവിധാനത്തിലേക്ക് മാറുന്നതിനായുള്ള സാമ്പത്തിക സഹായങ്ങൾ, പി എം ഇ-ഡ്രൈവ് പോലെയുള്ള കേന്ദ്ര പദ്ധതികളുമായി സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള അവസരങ്ങൾ തുടങ്ങിയ വിഷയങ്ങൾ ശില്പശാല ചർച്ച ചെയ്തു. ദേശീയ പാത 66 ൽ വായു മലിനീകരണം ഒഴിവാക്കിക്കൊണ്ടുള്ള അത്യാധുനിക വൈദ്യുത സങ്കേതങ്ങളുടെ സഹായത്തോടെയുള്ള ചരക്കു നീക്കം ഉറപ്പാക്കിക്കൊണ്ട് ഈ മേഖലയിൽ മുൻനിരയിൽ നിൽക്കുന്ന സംസ്ഥാനമായി നിൽക്കാനുള്ള കേരളത്തിന്റെ പ്രതിബദ്ധതയെ ശില്പശാല അടിവരയിട്ടു.

Leave a Comment

More News