അജോയി കെ വർഗ്ഗീസിന് സ്വീകരണം നല്‍കി

നിരണം: കന്നി പോരാട്ടത്തിൽ വിജയിച്ച നിരണം കടപ്പിലാരിൽ അജോയി കെ വർഗ്ഗീസിന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയുടെ നേതൃത്വത്തിൽ സ്വീകരണം നല്‍കി.

ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നിരണം ഗ്രാമ പഞ്ചായത്ത് 14-ാം വാർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അജോയ് കെ വർഗ്ഗീസ് നിരണം ഇടവകയുടെ ട്രസ്റ്റി കൂടിയാണ്. ഇടവക സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ച സമ്മേളനം വികാരി ഫാ. മർക്കോസ് പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ഡീക്കന്‍ ഷാൽബിൻ മർക്കോസ്, സെൽവരാജ് വിൽസൺ, ഷീജ രാജൻ, ഷിനു റെന്നി ,അനു അജീഷ് എന്നവർ ആശംസകൾ നേർന്നു. പാർട്ടി വ്യത്യാസങ്ങൾക്ക് അപ്പുറം വോട്ട് നൽകിയവരും നൽകാത്തവരും പിന്തുണച്ചവരും വിമർശിച്ചവരും ഉൾപ്പെടെ എല്ലാവരും വാർഡിലെ കുടുംബമാകണമെന്നും എല്ലാവരെയും ചേർത്ത് പിടിച്ച് വാർഡിൻ്റെ നന്മയാണ് അടിസ്ഥാന ലക്ഷ്യമെന്നും അജോയി കെ വർഗ്ഗീസ് മറുപടി പ്രസംഗത്തിൽ പറഞ്ഞു.

ജനാധിപത്യ പ്രക്രിയയിലൂടെ തെരെഞ്ഞെടുക്കപ്പെട്ട ഇടവക അംഗമായ അജോയി കെ വർഗ്ഗീസ് സമൂഹ നന്മയ്ക്കായി സാമൂഹിക പ്രതിബദ്ധതയോടെ നിലകൊള്ളുവാൻ ഇടയാകട്ടെയെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറാൻ മോർ ഡോ.സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്താ, കേരള അതി ഭദ്രാസനം ബിഷപ്പ് അഭിവന്ദ്യ മാത്യുസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ എന്നിവർ ആശംസിച്ചു.

ഡിസംബര്‍ 21ന് രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.

Leave a Comment

More News