ശബരിമല സ്വര്‍ണ്ണ കൊള്ളയും പത്മകുമാറിനെ സം‌രക്ഷിച്ചതും തിരഞ്ഞെടുപ്പില്‍ സിപി‌എമ്മിന് തിരിച്ചടിയായെന്ന് സിപിഐ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ചുള്ള സിപിഎമ്മിന്റെ വിലയിരുത്തൽ സിപിഐ തള്ളി. തിരഞ്ഞെടുപ്പ് പരാജയത്തിൽ വസ്തുതകൾ മറച്ചുവെച്ചതിന് സിപിഐ എക്സിക്യൂട്ടീവ് വിമർശിക്കുകയും ചെയ്തു.

തിരിച്ചടിക്ക് കാരണം ഭരണവിരുദ്ധ വികാരം മാത്രമല്ല, ശബരിമല സ്വർണ്ണ കൊള്ളയും അതില്‍ ഉള്‍പ്പെട്ട് അറസ്റ്റിലായ പത്മകുമാറിനെ സംരക്ഷിക്കാനുള്ള സിപിഎമ്മിന്റെ ശ്രമവും തിരിച്ചടിക്ക് കാരണമായെന്നാണ് സിപിഐ വിലയിരുത്തിയത്. എം എല്‍ എ ആയിട്ടും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് നടപടി സ്വീകരിച്ചു. എന്നാൽ, ഒഴികഴിവുകൾ പറഞ്ഞു പത്മകുമാറിനെ സംരക്ഷിക്കാനാണ് സിപിഎം ശ്രമിച്ചതെന്ന് സിപിഐ വിമർശിച്ചു.

എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം അമിത ആത്മവിശ്വാസവും സംഘടനാ ദൗർബല്യവുമാണെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. പ്രാദേശിക തലത്തിലെ പ്രവർത്തനത്തിലെ ഇടിവും അപ്രതീക്ഷിത പരാജയത്തിന് കാരണമായി. ശബരിമല പോലുള്ള വിഷയങ്ങളിൽ യുഡിഎഫും ബിജെപിയും തെറ്റായ പ്രചാരണം നടത്തി. ആ ശ്രമം അവർ ഉദ്ദേശിച്ചതുപോലെ വിജയിച്ചില്ല. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്നതിനായി സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇക്കാര്യം പറഞ്ഞത്.

സർക്കാർ വിരുദ്ധ വികാരവും സ്വർണ്ണ കൊള്ളയുമാണോ തിരിച്ചടിക്ക് കാരണമെന്ന് വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ തീരുമാനിക്കാൻ കഴിയൂ എന്ന് എം വി ഗോവിന്ദൻ യോഗത്തിൽ വ്യക്തമാക്കി. യുഡിഎഫിന്റെ വർഗീയ സഖ്യത്തെ തിരിച്ചറിയാനും പ്രതിരോധിക്കാനും പാർട്ടിക്ക് കഴിഞ്ഞില്ല. തിരുവനന്തപുരം നഗരസഭയിൽ സംഭവിച്ചത് ഇതിന് ഉദാഹരണമാണ്.

അതേസമയം, ശബരിമല ഒരു വീഴ്ചയാണോ എന്ന ചോദ്യത്തിന് ഗോവിന്ദൻ പത്രസമ്മേളനത്തിൽ കൃത്യമായ ഉത്തരം നൽകിയില്ല.

Leave a Comment

More News