പാലക്കാട്: ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന ഒമ്പത് വയസ്സുകാരി വിനോദിനിക്ക് സഹായഹസ്റ്റവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. കുട്ടിക്ക് കൃത്രിമ കൈ ഘടിപ്പിക്കുന്നതിനുള്ള ചെലവ് പൂർണമായും വഹിക്കുമെന്ന് വിനോദിനിയുടെ കുടുംബത്തെ സതീശൻ ഫോണിൽ അറിയിച്ചു.
പുതുവത്സരത്തിൽ പോലും വിനോദിനിക്ക് സ്കൂളിൽ പോകാൻ കഴിഞ്ഞില്ലെന്നും, വീട്ടിൽ തന്നെ കഴിയുകയാണെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്നാണ് സതീശന്റെ ഇടപെടൽ. ഡോക്ടർമാരുടെ ഉപദേശപ്രകാരം റോബോട്ടിക് കൈ ഘടിപ്പിക്കാൻ തയ്യാറെടുക്കുകയാണെന്ന് കുടുംബം പറയുന്നു. ആവശ്യമെങ്കിൽ ഏത് ആശുപത്രിയിലും ചികിത്സ ക്രമീകരിക്കാൻ സഹായിക്കുമെന്ന് വി ഡി സതീശൻ ഉറപ്പ് നൽകിയതായി വിനോദിനിയുടെ അമ്മ പറഞ്ഞു.
സെപ്റ്റംബർ 24 നാണ് സംഭവം നടന്നത്. പല്ലശ്ശന സ്വദേശിയായ വിനോദിനി സഹോദരനോടൊപ്പം കളിക്കുന്നതിനിടെയാണ് വീണു വലതുകൈ ഒടിഞ്ഞത്. ആദ്യം ചിറ്റൂർ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് അതേ ദിവസം തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും കൊണ്ടുപോയി. ജില്ലാ ആശുപത്രിയിലാണ് പ്ലാസ്റ്റർ കാസ്റ്റ് ഇട്ടത്. തുടര്‍ന്ന് വിരലുകളിൽ കുമിളകൾ പ്രത്യക്ഷപ്പെട്ടതോടെ കുടുംബം ആശുപത്രിയിൽ തിരിച്ചെത്തി. എന്നാല്‍, കൈ അതിനകം തന്നെ ഗുരുതരമായി ബാധിച്ച അവസ്ഥയിലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഡോക്ടർമാർ കുട്ടിയുടെ കൈ മുറിച്ചുമാറ്റാൻ നിർബന്ധിതരായി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കുടുംബത്തിന് ലഭിച്ചത് വെറും രണ്ട് ലക്ഷം രൂപ മാത്രമാണ്. ചികിത്സാ ചെലവുകൾക്കായി പലതവണ സർക്കാരിനെ സമീപിച്ചിട്ടും കൂടുതൽ സഹായം ലഭിച്ചില്ലെന്ന് അവർ ആരോപിച്ചു. കൃത്രിമ കൈയ്ക്ക് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് വിനോദിനിയുടെ മാതാപിതാക്കൾ ജില്ലാ കളക്ടർ വഴി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നെങ്കിലും മറുപടി ലഭിച്ചില്ല. ഇതിനു ശേഷമാണ് കുട്ടിക്കും കുടുംബത്തിനും സഹായഹസ്തവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇടപെട്ടത്.
