വടക്കൻ സിറിയയിലെ മൻബിജ് നഗരത്തിന്റെ പ്രാന്തപ്രദേശത്ത് വൻ ബോംബ് സ്ഫോടനം. കര്‍ഷക തൊഴിലാളികളുമായി പോയിരുന്ന വാഹനത്തിന് സമീപമാണ് സ്ഫോടനം നടന്നത്. ഒരു കാറിലാണ് സ്ഫോടനം ഉണ്ടായതെന്നും, കുറഞ്ഞത് 15 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും പ്രാദേശിക സിവിൽ ഡിഫൻസും യുദ്ധ നിരീക്ഷണ ഏജൻസികളും നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഡിസംബറിൽ ബഷർ അൽ അസദിനെ പുറത്താക്കിയതിനുശേഷം വടക്കുകിഴക്കൻ അലപ്പോ പ്രവിശ്യയിലെ മൻബിജ് അക്രമങ്ങളുടെ കേന്ദ്രമാണ്. തുർക്കി പിന്തുണയുള്ള സിറിയൻ നാഷണൽ ആർമി എന്നറിയപ്പെടുന്ന വിഭാഗങ്ങൾ യുഎസ് പിന്തുണയുള്ള കുർദിഷ് നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സുമായാണ് ഏറ്റുമുട്ടൽ തുടരുന്നത്.
സിറിയയിലെ സാഹചര്യം ഭീകരവാദം കാരണം സ്ഥിതി കൂടുതൽ വഷളായിരിക്കുകയാണ്. മുമ്പത്തേക്കാൾ ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വാധീനം കുറഞ്ഞിട്ടുണ്ട്, പക്ഷേ ഇപ്പോഴും തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിച്ചിട്ടില്ല. സിറിയയിൽ ഭീകരാക്രമണ കേസുകൾ പതിവായി കണ്ടുവരുന്നു.
കഴിഞ്ഞ വർഷം നവംബർ മാസത്തിൽ, തെക്കൻ സിറിയയിലെ ദാര പ്രവിശ്യയിലെ മഹാജ പട്ടണത്തിൽ ബോംബ് സ്ഫോടനം നടന്നിരുന്നു. റോഡരികില്‍ നടന്ന ഈ ബോംബ് സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ദാരയ്ക്ക് മുമ്പ്, വടക്കൻ സിറിയൻ നഗരമായ അസാസ് പ്രവിശ്യയിലെ മാർക്കറ്റിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 20 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.