തിരഞ്ഞെടുപ്പിനെ നേരിടാൻ സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ വിദ്വേഷ സ്ട്രാറ്റജി: ഹമീദ് വാണിയമ്പലം

വിദ്വേഷ രാഷ്ട്രീയത്തിന് താക്കീതായി ഫ്രറ്റേണിറ്റി വിദ്യാർത്ഥി-യുവജന റാലി

വിദ്വേഷ പ്രചരണങ്ങൾക്കെതിരെ ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡൻ്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: തിരഞ്ഞെടുപ്പിനെ നേരിടാൻ സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ വിദ്വേഷ സ്ട്രാറ്റജിയാണെന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡൻ്റ്  ഹമീദ് വാണിയമ്പലം. സി.പി.എമ്മിന് അധികാരത്തുടർച്ചയും ബി.ജെ.പിക്ക് നിയമസഭയിൽ സീറ്റുകൾ ഉണ്ടാകാനും വേണ്ടിയുള്ള ഡീലാണ് അവർ പരസ്പരം നടത്തുന്നത്. എ.കെ.ബാലൻ്റെ വംശീയ പ്രസ്താവന ഈ ഡീലിൻ്റെ ഭാഗമായി മുൻകൂട്ടി തീരുമാനിച്ച് പുറപ്പെടുവിച്ചതാണ്. മാറാട് നടന്നത് കൂട്ടക്കൊല ആണെന്ന അന്വേഷണ കമ്മീഷന് പോലും ഇല്ലാത്ത വാദം പറഞ്ഞത് ആർ.എസ്.എസും സി.പി.എമ്മും മാത്രമാണെന്നും ഹമീദ് വാണിയമ്പലം കൂട്ടിച്ചേർത്തു. ‘വിദ്വേഷ നാവുകളോട് No, സാഹോദര്യ മുന്നേറ്റത്തോട് Yes’ എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായിയും ബി.ജെ.പിയും തമ്മിലുള്ള ഡീൽ ലാവ് ലിനിലും എക്സാലോജിക്കിലുമുള്ള കാര്യത്തിനപ്പുറം രാഷ്ട്രീയ രൂപമായി വളർന്നതാണ് ഇന്ന് കേരളത്തിൽ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ അധ്യക്ഷത വഹിച്ചു. വിദ്വേഷ പ്രചരണങ്ങൾക്കെതിരെ സാഹോദര്യ രാഷ്ട്രീയത്തിലൂന്നിയ സംസ്കാരം വളരണമെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി ദേശീയ ജനറൽ സെക്രട്ടറി ലുബൈബ് ബഷീർ മുഖ്യപ്രഭാഷണം നടത്തി.

വിദ്വേഷ പ്രചരണങ്ങൾക്കെതിരെ ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് നടത്തിയ വിദ്യാർത്ഥി -യുവജന റാലി

വാളയാറിൽ ഹിന്ദുത്വ ഭീകരരുടെ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായ ചത്തീസ്ഗഢ് സ്വദേശി രാം നാരായൺ ഭാഗേലിൻ്റെ
സഹോദരൻ ശശികാന്ത് ഭാഗേൽ സമ്മേളനത്തിൽ മുഖ്യാതിഥിയായി. ആർ.എസ്.എസിൻ്റെ ഫാക്ടറിയിൽ നിന്നും പുറത്തുവിടുന്ന വിദ്വേഷ രാഷ്ട്രീയം സ്വാംശീകരിച്ചവരാണ് തൻ്റെ സഹോദരനെ കൊന്നതെന്ന് അദ്ദേഹം പറഞ്ഞു. തൻ്റെ സഹോദരനെ വംശീയമായി കൊലപ്പെടുത്തിയ മുഴുവൻ ആർ.എസ്.എസുകാരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഴുത്തുകാരൻ കെ.കെ.ബാബുരാജ്, സാമൂഹ്യ പ്രവർത്തക അംബിക മറുവാക്ക്, ആക്ടിവിസ്റ്റ് അഡ്വ.അമീൻ ഹസൻ എന്നിവർ സംസാരിച്ചു.

ഇസ്‌ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി രഞ്ജിത ജയരാജും ജാതി, വംശീയക്കൊലകൾ ജുഡീഷ്യൽ കമ്മീഷനെ വെച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വൈസ് പ്രസി. ഷമീമ സക്കീറും പ്രമേയം അവതരിപ്പിച്ചു. സാഹോദര്യ രാഷ്ട്രീയത്തിലേക്ക് പുതുതായി കടന്നുവന്ന വിദ്യാർത്ഥികൾക്ക് സംസ്ഥാന പ്രസിഡൻ്റ് അംഗത്വം കൈമാറി. സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് സഈദ് ടി.കെ സമാപന ഭാഷണം നിർവഹിച്ചു. അമീൻ റിയാസ് സ്വാഗതവും ആയിഷ മന്ന നന്ദിയും പറഞ്ഞു.

വിദ്വേഷ പ്രചരണങ്ങളെ ചെറുക്കുക എന്ന മുദ്രാവാക്യമുയർത്തി നേരത്തെ വെള്ളയിൽ ഗാന്ധി ജംഗ്ഷനിൽ നിന്ന് വിദ്യാർത്ഥി യുവജന റാലി നടന്നു. കുറ്റിച്ചിറ ഓപ്പൺ സ്റ്റേജിൽ റാലി സമാപിച്ചു. ബാസിത് താനൂർ, ലബീബ് കായക്കൊടി, കെ.എം. സാബിർ അഹ്സൻ, മുഫീദ് കൊച്ചി, അൻവർ സലാഹുദ്ദീൻ, മുനീബ് എലമങ്കൽ, മിസ്ഹബ് ശിബിലി, സഹ്‌ല, ആഷിഖ് ടി.എം, ആഷിഖ് പൊന്നാനി, റഈസ് കുണ്ടുങ്ങൽ, മുജാഹിദ് മേപ്പയൂർ, അഫ്നാൻ വേളം എന്നിവർ നേതൃത്വം നൽകി.

Leave a Comment

More News