തിരുവനന്തപുരം: മുൻനിര എ ഐ , ടെക്നോളജി ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി എസ് ആർ) ഉദ്യമങ്ങളുടെ ഭാഗമായി തിരുവനന്തപുരം സിറ്റി പോലീസിന് രണ്ട് ഇലക്ട്രിക് സ്കൂട്ടറുകൾ, ശരീരത്തിൽ ധരിക്കാവുന്ന നാല് ക്യാമറകൾ, പത്ത് റോഡ് ബാരിയറുകൾ എന്നിവ സംഭാവന ചെയ്തു.
തിരുവനന്തപുരം തൈക്കാടുള്ള പോലീസ് കമ്മീഷണറുടെ ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ യു എസ് ടി ഉദ്യോഗസ്ഥർ ഈ ഉപകരണങ്ങൾ സിറ്റി പോലീസിന് കൈമാറി. മുൻ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും ഡിഐജിയുമായ തോംസൺ ജോസ് ഐപിഎസ്; ഡെപ്യൂട്ടി കമ്മീഷണർമാരായ ടി. ഫറാഷ് ഐപിഎസ്, ദീപക് ധൻഖർ ഐപിഎസ്, സുൽഫിക്കർ എം.കെ; ട്രാഫിക് നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ ജി. അനിൽ കുമാർ; ട്രാഫിക് സൗത്ത് അസിസ്റ്റന്റ് കമ്മീഷണർ ആർ. സുരേഷ് എന്നിവർ പങ്കെടുത്തു.
യുഎസ് ടിയിൽ നിന്ന് തിരുവനന്തപുരം കേന്ദ്രം മേധാവി ശിൽപ മേനോൻ; ബിസിനസ് ആൻഡ് ഓപ്പറേഷൻസ് ജനറൽ മാനേജർ ഷെഫി അൻവർ; വർക്ക്പ്ലേസ് മാനേജ്മെന്റ് ആൻഡ് ഓപ്പറേഷൻസ് സീനിയർ ഡയറക്ടർ ഹരികൃഷ്ണൻ മോഹൻകുമാർ; വർക്ക്പ്ലേസ് മാനേജ്മെന്റ് ഡയറക്ടർ വിജിൽ നായർ; സിഎസ്ആർ ലീഡ് വിനീത് മോഹനൻ; സീനിയർ പിആർ ലീഡ് റോഷ്നി കെ ദാസ് എന്നിവർ സംബന്ധിച്ചു.
“യു എസ് ടി സംഭാവന ചെയ്ത ഇലക്ട്രിക് സ്കൂട്ടറുകൾ, ശരീരത്തിൽ ധരിക്കാവുന്ന ക്യാമറകൾ, റോഡ് ബാരിയറുകൾ എന്നിവ തിരുവനന്തപുരം സിറ്റി ട്രാഫിക് പോലീസിന് ഗതാഗത സംവിധാനങ്ങൾ നിയന്ത്രിക്കുന്നതിൽ വളരെയധികം സഹായകമാകും. ഈ മഹത്തായ പ്രവൃത്തിക്ക് യുഎസ് ടി യോട് എന്റെ നന്ദി അറിയിക്കുന്നു,” മുൻ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും ഡിഐജിയുമായ തോംസൺ ജോസ് ഐപിഎസ് പറഞ്ഞു.
“എപ്പോഴും സമൂഹത്തെ മുൻ നിർത്തിയാണ് യു എസ് ടിയുടെ സി എസ് ആർ സംരംഭങ്ങൾ നടപ്പിലാക്കുന്നത്. തിരുവനന്തപുരം സിറ്റി ട്രാഫിക് പോലീസിന് ആവശ്യമായ ഉപകരണങ്ങൾ സംഭാവന നൽകുന്നത് ഈ ഉദ്യമത്തിന്റെ ഭാഗമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. യു എസ് ടി സംഭാവന ചെയ്ത ഇലക്ട്രിക് സ്കൂട്ടറുകൾ, ക്യാമറകൾ, റോഡ് ബാരിയറുകൾ എന്നിവ ട്രാഫിക് പോലീസിന് അവരുടെ ദൈനംദിന ജോലികൾ മികച്ച രീതിയിൽ നിറവേറ്റാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” യുഎസ് ടി തിരുവനന്തപുരം കേന്ദ്രം മേധാവി ശിൽപ മേനോൻ പറഞ്ഞു.
