165 കോടി രൂപയുടെ സ്വര്‍ണ്ണം മോഷ്ടിച്ച കേസിൽ കുറ്റവാളിയായ പ്രീത് പനേസറിനെ കൈമാറണമെന്ന് കാനഡ ഇന്ത്യയോട് ആവശ്യപ്പെട്ടു

ടൊറന്റോ: ഏകദേശം 20 മില്യൺ ഡോളർ (ഏകദേശം ₹165 കോടി) വിലമതിക്കുന്ന 2023 ലെ സ്വർണ്ണ കൊള്ള, കനേഡിയൻ ചരിത്രത്തിലെ ഏറ്റവും വലിയ മോഷണമായിരുന്നു. മോഷണം നടത്തി ഇന്ത്യയിലേക്ക് രക്ഷപ്പെട്ട പ്രീത് പനേസറിനെ കാനഡയ്ക്ക് കൈമാറണമെന്ന് കനേഡിയൻ സർക്കാർ ഇന്ത്യയോട് ആവശ്യപ്പെട്ടു. 32 കാരനായ പ്രീത് പനേസർ മുഴുവൻ കവർച്ചയിലെയും പ്രധാന കണ്ണിയായിരുന്നു എന്ന് കനേഡിയന്‍ അധികൃതര്‍ പറഞ്ഞു. എയർ കാനഡയിലെ മുൻ മാനേജരായിരുന്ന പനേസർ, എയർ കാർഗോ സിസ്റ്റം ചൂഷണം ചെയ്ത് സ്വർണം നിറച്ച കണ്ടെയ്നറുകൾ മോഷ്ടിച്ചതായി ആരോപിക്കപ്പെടുന്നു.

റിപ്പോർട്ടുകൾ പ്രകാരം, പനേസർ സ്വർണ്ണ കയറ്റുമതികൾ തിരിച്ചറിഞ്ഞ്, സിസ്റ്റം ഹാക്ക് ചെയ്യുകയും, വിമാനത്താവളത്തിൽ നിന്ന് കണ്ടെയ്നറുകൾ പുറത്തെടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു. 2025 ഫെബ്രുവരിയിൽ, പനേസർ ഇന്ത്യയിൽ ഒളിവില്‍ കഴിയുകയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

പഞ്ചാബിലെ മൊഹാലിയിലെ ഒരു വാടക വീട്ടിൽ വെച്ചാണ് അയാളെ അറസ്റ്റ് ചെയ്തത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീട് റെയ്ഡ് ചെയ്യുകയും കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തി കേസ് ഫയൽ ചെയ്യുകയും ചെയ്തു. മോഷണത്തിന് ശേഷം ഏകദേശം ₹85 കോടി ഹവാല വഴി ഇന്ത്യയിലേക്ക് കൊണ്ടുവന്നതായും സംഗീത, ചലച്ചിത്ര വ്യവസായങ്ങളിലെ പദ്ധതികൾക്കായി ഉപയോഗിച്ചതായും സംശയിക്കുന്നു. പനേസറിന്റെ ഭാര്യയുടെ കമ്പനി വഴിയാണ് ഈ പണം നിക്ഷേപിച്ചത്.

അതേസമയം, ടൊറന്റോ പിയേഴ്സൺ വിമാനത്താവളത്തിൽ നിന്ന് മറ്റൊരു കുറ്റവാളിയായ അർസലൻ ചൗധരിയെ കനേഡിയൻ പോലീസ് അറസ്റ്റ് ചെയ്തു. ഇതുവരെ ഒമ്പത് പേര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. പ്രീത് പനേസർ ഉൾപ്പെടെ രണ്ട് പേർ ഒളിവിലാണ്. ഔദ്യോഗികമായി കൈമാറൽ അഭ്യർത്ഥന ഇതുവരെ ലഭിച്ചിട്ടില്ലെന്നും എന്നാൽ കനേഡിയൻ ഏജൻസികളുമായി ബന്ധപ്പെടുന്നത് തുടരുകയാണെന്നും ഇന്ത്യന്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പറയുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നിയമ നിർവ്വഹണ സഹകരണത്തിന് ഈ കേസ് ഒരു വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

Leave a Comment

More News