തിരുവനന്തപുരം: പോലീസ് വകുപ്പിൽ വീണ്ടും ഉന്നതതല അഴിച്ചു പണി. കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി ഐജി കാളിരാജ് മഹേഷ് കുമാറിനെ നിയമിച്ചു. ഒരാഴ്ച മുമ്പ് കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി നിയമിതനായ ഹരിശങ്കർ 22 വരെ അവധിയിൽ പ്രവേശിച്ചിരുന്നു. ഇപ്പോൾ അദ്ദേഹത്തെ സ്ഥലം മാറ്റി ആംഡ് പോലീസ് ബറ്റാലിയൻ ഡിഐജിയായി നിയമിച്ചു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയായി ജുവനാപുടി മഹേഷിനെ നിയമിച്ചു.
വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയെ തിരുവനന്തപുരം നഗരത്തിലെ ക്രമസമാധാന ചുമതലയുള്ള ഡെപ്യൂട്ടി പോലീസ് കമ്മീഷണറായി നിയമിച്ചു. ഡി. ജയദേവിനെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി സേവനമനുഷ്ഠിച്ചിരുന്ന ടി. നാരായണനെ തൃശൂർ റേഞ്ച് ഡിഐജിയായി മാറ്റി. തൃശൂർ റേഞ്ച് ഡിഐജിയായിരുന്ന അരുൾ ആർ.ബി. കൃഷ്ണയെ എറണാകുളം റേഞ്ച് ഡിഐജിയായി നിയമിച്ചു.
ഹേമലതയെ കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചു. കൊല്ലം കമ്മീഷണറായിരുന്ന കിരൺ നാരായണനെ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് എസ്പിയായി മാറ്റി. തിരുവനന്തപുരം റൂറൽ എസ്പിയായി സേവനമനുഷ്ഠിച്ചിരുന്ന കെ.എസ്. സുദർശനനെ എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയായി നിയമിച്ചു.
കോസ്റ്റൽ പോലീസിലെ എഐജിയായി കെഇ ബൈജുവിനെയും കോഴിക്കോട് സിറ്റിയിലെ ക്രമസമാധാന ചുമതലയുള്ള ഡിസിപിയായി പദംസിങ്ങിനെയും കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയായി ടി. ഫറാഷിനെയും നിയമിച്ചു. അരുൺ കെ. പവിത്രനെ സ്ഥലം മാറ്റി വയനാട് ജില്ലാ പോലീസ് മേധാവിയായി നിയമിച്ചു. പുതിയ റെയിൽവേ എസ്പിയായി മുഹമ്മദ് നസിമുദ്ദീനെയും നിയമിച്ചു. കൊച്ചി സിറ്റിയിലെ ക്രമസമാധാന ചുമതലയുള്ള ഡിസിപി-2 ആയി കെഎസ് ഷഹാൻ ഷായെ നിയമിച്ചു.
