ടാമ്പാ: മലയാളി അസോസിയേഷന് ഓഫ് ടാമ്പായുടെ 13-ാമത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ബിജോയ് ജോസഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ചുമതലയേറ്റു. മുന്‍ പ്രസിഡണ്ട് ജോണ്‍ കല്ലോലിക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗമാണ് പുതിയ ഭരണസമിതിക്ക് അംഗീകാരം നല്‍കിയത്.
അസോസിയേഷന്റെ പ്രാരംഭകാലം മുതല്‍ വിവിധ തസ്തികകളില്‍ ഭാരവാഹിത്വം വഹിച്ച്, സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച് തന്റെ പ്രവര്‍ത്തന മികവ് തെളിയിച്ചിട്ടുള്ള ഒരു വ്യക്തിയാണ് ബിജോയ് ജോസഫ്. അദ്ദേഹത്തിന്റെ മികവുറ്റ മാതൃകാപരമായ പ്രവര്‍ത്തനപരിചയം ഈ സംഘടനയെ കൂടുതല്‍ ഔന്നത്യങ്ങളിലേക്ക് എത്തിക്കുമെന്ന് ഉറപ്പാണ്.
കഴിഞ്ഞ ഒരു ദശാബ്ദമായി ഫ്ളോറിഡയിലെ കലാ-കായിക, സാംസ്കാരിക രംഗങ്ങളില്‍ പല പദ്ധതികളും വിജയകരമായി നടപ്പിലാക്കി, ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ മലയാളി അസോസിയേഷന് ഓഫ് ടാമ്പാ, കൂടുതല്‍ ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കി, തങ്ങളുടെ പ്രവര്‍ത്തനമണ്ഡലം വിപുലീകരിക്കുമെന്ന് ഭരണസമിതിയെ പ്രതിനിധീകരിച്ച് പ്രസിഡണ്ട് ബിജോയ് ജോസഫ് പ്രസ്താവിച്ചു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം വിവിധ കലാ-സാംസ്കാരിക പരിപാടികളോടെ ഫെബ്രുവരി 28-ന് സേക്രഡ് ഹാര്‍ട്ട് ക്നാനായ കമ്യൂണിറ്റി സെന്ററില്‍ വെച്ച് പ്രൗഢഗംഭീരമായി ആഘോഷിക്കുന്നതിനു തീരുമാനിച്ചു. ഈ ആഘോഷവേളയില്‍ സംബന്ധിച്ച്, ഇതൊരു വന്‍ വിജയമാക്കിത്തീര്‍ക്കണമെന്ന് കമ്മിറ്റിക്കു വേണ്ടി പ്രസിഡണ്ട് ബിജോയ് ജോസഫ് അഭ്യര്‍ത്ഥിച്ചു.

