തിരഞ്ഞെടുപ്പിനെ നേരിടാൻ സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ വിദ്വേഷ സ്ട്രാറ്റജി: ഹമീദ് വാണിയമ്പലം

ജനപ്രതിനിധികൾക്കും മത്സരിച്ച സ്ഥാനാർത്ഥികൾക്കും വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണം ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: തിരഞ്ഞെടുപ്പിനെ നേരിടാൻ സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ വിദ്വേഷ സ്ട്രാറ്റജിയാണെന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡൻ്റ് ഹമീദ് വാണിയമ്പലം. സി.പി.എമ്മിന് അധികാരത്തുടർച്ചയും ബി.ജെ.പിക്ക് നിയമസഭയിൽ സീറ്റുകൾ ഉണ്ടാകാനും വേണ്ടിയുള്ള ഡീലാണ് അവർ പരസ്പരം നടത്തുന്നത്. എ.കെ.ബാലൻ്റെ വംശീയ പ്രസ്താവന ഈ ഡീലിൻ്റെ ഭാഗമായി മുൻകൂട്ടി തീരുമാനിച്ച് പുറപ്പെടുവിച്ചതാണ്. മാറാട് നടന്നത് കൂട്ടക്കൊല ആണെന്ന അന്വേഷണ കമ്മീഷന് പോലും ഇല്ലാത്ത വാദം പറഞ്ഞത് ആർ.എസ്.എസും സി.പി.എമ്മും മാത്രമാണെന്നും ഹമീദ് വാണിയമ്പലം കൂട്ടിച്ചേർത്തു.

വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനപ്രതിനിധികളുടെയും തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികളുടെയും സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായിയും ബി.ജെ.പിയും തമ്മിലുള്ള ഡീൽ ലാവ് ലിനിലും എക്സാലോജിക്കിലുമുള്ള കാര്യത്തിനപ്പുറം രാഷ്ട്രീയ രൂപമായി വളർന്നതാണ് ഇന്ന് കേരളത്തിൽ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ സി നാസർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. ദിൽഷാദ് അലി, ഹബീബ മൂസ, എം. സുലൈമാൻ, റിയാസ് ഖാലിദ്, ശാക്കിർ പുലാപ്പറ്റ, റുക്സാന സൈതലവി എന്നിവർ സംസാരിച്ചു.

Leave a Comment

More News