കോഴിക്കോട്: ബസിൽ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയായെന്നാരോപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി ഷിംജിത മുസ്തഫയുടെ കസ്റ്റഡി അപേക്ഷ പോലീസ് ഉടൻ സമർപ്പിക്കും. വടകര മുട്ടുങ്ങൽ വെസ്റ്റിലെ സഹോദരിയുടെ വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന ഷിംജിതയെ ഇന്നലെ ഉച്ചയ്ക്കാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
ലൈംഗികാതിക്രമ ആരോപണത്തിൽ അവർ ഉറച്ചു നിൽക്കുന്നുണ്ടെങ്കിലും അത് തെളിയിക്കുന്ന തെളിവുകളോ മൊഴികളോ പോലീസിന് ലഭിച്ചിട്ടില്ല. സംഭവം നടന്ന ബസിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും മൊഴികൾ പോലീസ് ശേഖരിച്ച് തുടർനടപടികളിലേക്ക് നീങ്ങാനാണ് സാധ്യത. വീഡിയോ ചിത്രീകരിച്ച അവരുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് പോലീസ് അയയ്ക്കും. കുന്നമംഗലം കോടതിയിൽ ഇന്ന് തന്നെ ജാമ്യാപേക്ഷ സമർപ്പിക്കാനാണ് ഷിംജിതയുടെ നീക്കം.
ദീപക്കിന്റെ അമ്മയുടെ പരാതിയിൽ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തതിനെ തുടർന്ന് ഷിംജിത ഒളിവിൽ പോയി. വിദേശ ബന്ധങ്ങൾ ഉള്ളതിനാൽ പോലീസ് അവർക്കെതിരെ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. വടകരയിലുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷിംജിത അറസ്റ്റിലായത്.
ഷിംജിത പങ്കുവെച്ച വീഡിയോ എഡിറ്റ് ചെയ്ത് ചെറുതാക്കിയതാണെന്ന് പോലീസ് കണ്ടെത്തി. ബസിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. ഐടി ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഷിംജിതയ്ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്ന് ദീപക്കിന്റെ കുടുംബം ആവശ്യപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പയ്യന്നൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ വീഡിയോ ചിത്രീകരിച്ചതും ഇന്സ്റ്റാഗ്രാമില് പോസ്റ്റ് ചെയ്തതും.
