തനിക്കെതിരെ ലൈംഗികാതിക്രമം നടന്നെന്ന വാദത്തിലുറച്ച് ഷിംജിത; അതിക്രമം നടന്നെന്ന് സഹോദരന്റെ പരാതി; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കോഴിക്കോട്: സ്വകാര്യ ബസിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്ന വീഡിയോ വൈറലായതിനെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യാ കേസിൽ ഷിംജിത സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കുന്ദമംഗലം കോടതിയിലാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ബസിൽ തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിൽ ഷിംജിത ഉറച്ചുനിൽക്കുന്നു. കോടതിയിലും ഇത് ആവർത്തിക്കുമെന്ന് ഷിംജിത വ്യക്തമാക്കി.

അതേസമയം, സംഭവം നടന്ന ബസിലെ സിസിടിവി ദൃശ്യങ്ങളിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. ഈ കാര്യങ്ങൾ ഉൾപ്പെടെ പ്രോസിക്യൂഷൻ കോടതിയിൽ വാദം ഉന്നയിക്കുമെന്നാണ് സൂചന. ഷിംജിത ബസിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് ആരോപിച്ച് ഷിംജിതയുടെ സഹോദരൻ കഴിഞ്ഞ ദിവസം പയ്യന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു. ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ഷിംജിതയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അവരിപ്പോള്‍ മഞ്ചേരി വനിതാ ജയിലിലാണ്.

ഇപ്പോള്‍ റിമാൻഡിൽ കഴിയുന്ന ഷിംജിത നൽകിയ പരാതിയിൽ കേസെടുക്കാൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും പരാതിയിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. ഷിംജിതയുടെ സഹോദരനാണ് ഇ-മെയിൽ വഴി പരാതി നൽകിയത്. പരാതിയിൽ ആരുടെയും പേര് വ്യക്തമാക്കിയിട്ടില്ലെന്ന് പോലീസ് പറയുന്നു. ഷിംജിതയ്‌ക്കെതിരെ ഇതുവരെ പോലീസ് കസ്റ്റഡി അപേക്ഷ സമർപ്പിച്ചിട്ടില്ല. അതേസമയം, ഷിംജിതയുടെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പോലീസ് തീരുമാനിച്ചു. ഈ പരിശോധന വേഗത്തിലാക്കണമെന്നും അന്വേഷണ സംഘം അഭ്യർത്ഥിച്ചിട്ടുണ്ട്.

Leave a Comment

More News