തിരുവനന്തപുരം: കോടതിയില്‍ നിന്ന് തൊണ്ടിമുതലില്‍ തിരിമറി നടത്തിയ കേസില്‍ പ്രതിയായ ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണനയ്ക്കെടുക്കും. ഈ കേസില്‍ നെടുമങ്ങാട് ഒന്നാം മജിസ്ട്രേറ്റ് കോടതി വിധിച്ച മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍ സമര്‍പ്പിച്ചിട്ടുള്ളത്. രണ്ട് വര്‍ഷത്തിലധികം തടവിന് ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ആന്റണി രാജുവിന് എം.എല്‍.എ പദവി നഷ്ടപ്പെട്ടിരുന്നു. കുറ്റപത്രം സമര്‍പ്പിച്ച് 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസിന്റെ വിധി പ്രസ്താവിച്ചതെന്ന പ്രത്യേകതയുമുണ്ട്.
1990 ഏപ്രിൽ 4 ന് അടിവസ്ത്രത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കേരളത്തിലെത്തിയ ഓസ്ട്രേലിയൻ പൗരനായ സാൽവഡോർ സാർലിയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടതാണ് കേസ്. സാൽവഡോറിനെ രക്ഷിക്കാൻ ശ്രമിച്ചതിനാണ് ആന്റണി രാജുവിനെയും അന്നത്തെ കോടതി ക്ലാർക്ക് ജോസിനെയും കോടതി ശിക്ഷിച്ചത്. 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട വിദേശ പൗരനെ രക്ഷിക്കാൻ കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ അടിവസ്ത്രം കോടതിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയി വെട്ടിച്ചുരുക്കി തിരികെ തൊണ്ടിമുതല്‍ സൂക്ഷിച്ചിരുന്ന മുറിയില്‍ കൊണ്ടുവന്നു വെച്ചതായാണ് കേസ്. തുടര്‍ന്ന് അടിവസ്ത്രം പ്രതിയുടെതല്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി നാല് വർഷത്തിന് ശേഷം സാൽവഡോറിനെ കുറ്റവിമുക്തനാക്കി.
ഈ കേസിൽ തെളിവ് നശിപ്പിക്കൽ, കള്ളത്തെളിവ് ഉണ്ടാക്കൽ, ഗൂഢാലോചന, വ്യാജ രേഖയുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് ആൻ്റണി രാജുവിനെയും ജോസിനെയും ശിക്ഷിച്ചത്. സർക്കാർ ഉദ്യോഗസ്ഥൻ നടത്തിയ വഞ്ചനക്കുറ്റത്തിൽ ക്ലർക്ക് ജോസിന് ഒരു വർഷം തടവുശിക്ഷയാണ് വിധിച്ചത്. മറ്റ് കുറ്റങ്ങളിൽ തെളിവ് നശിപ്പിച്ചതിന് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും, ഗൂഢാലോചനയ്ക്ക് ആറുമാസം, കള്ളത്തെളിവ് ഉണ്ടാക്കിയതിന് മൂന്ന് വർഷം, വ്യാജ രേഖയുണ്ടാക്കിയതിന് രണ്ട് വർഷം തടവുമാണ് ശിക്ഷ. സർക്കാർ ഉദ്യോഗസ്ഥൻ നടത്തിയ വഞ്ചന തെളിഞ്ഞതിനാൽ ജീവപര്യന്തം ശിക്ഷവരെ ലഭിക്കാമായിരുന്നുവെന്ന പ്രോസിക്യൂഷൻ വാദം തള്ളിയാണ് മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.
