കോഴിക്കോട്: ബസിനുള്ളിൽ ദീപക് എന്ന യുവാവ് ലൈംഗികാതിക്രമം കാണിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ വീഡിയോ ചിത്രീകരിക്കുകയും അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് ദീപക് ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി റിമാൻഡിൽ കഴിയുന്ന ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വിധി പറയും.
ജാമ്യാപേക്ഷയിൽ ഇന്ന് വാദം പൂർത്തിയായതിനെ തുടർന്ന് ജനുവരി 27 ന് വിധി പറയുമെന്ന് കുന്നമംഗലം മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കേസിന്റെ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും, സാക്ഷികളുടെ മൊഴികളും തെളിവുകളും ശേഖരിച്ചു വരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
അതേസമയം, ദീപക്കിനെക്കുറിച്ച് ഷിംജിതയ്ക്ക് മുൻകൂർ അറിവില്ലെന്നും ആത്മഹത്യാ പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. ഈ നിലപാടിലെ വാദങ്ങൾ കേട്ട ശേഷം, ജാമ്യാപേക്ഷയിൽ വിധി പറയുന്നത് കോടതി അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി.
ഷിംജിത മുസ്തഫ നിലവിൽ മഞ്ചേരി ജയിലിലാണ്. കേസുമായി ബന്ധപ്പെട്ട വീഡിയോ ഷിംജിത ചിത്രീകരിച്ചത് ഈ മാസം 16-ന് ഒരു സ്വകാര്യ ബസിൽ വെച്ചായിരുന്നു. പിന്നീടത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. വീഡിയോ വൈറലായതിന് തൊട്ടടുത്ത ദിവസം ദീപക് ആത്മഹത്യ ചെയ്യുകയും ചെയ്തു.
സംഭവത്തെ തുടർന്ന് ആത്മഹത്യാ പ്രേരണാക്കുറ്റം ഉൾപ്പടെ ഷിംജിതയ്ക്കെതിരെ പോലീസ് കേസെടുത്തു. അഞ്ച് ദിവസത്തിന് ശേഷം ഒരു ബന്ധുവിന്റെ വീട്ടില്‍ നിന്ന് ഷിംജിതയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. റിമാൻഡ് റിപ്പോർട്ടിൽ ഗുരുതരമായ ആരോപണങ്ങളുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ദീപക്കിന്റെ ആത്മഹത്യയ്ക്ക് കാരണം വീഡിയോയുടെ പ്രചാരണം മാത്രമല്ല, അതിലൂടെ സമൂഹത്തിൽ വിവാദം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷിംജിത പ്രവർത്തിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ദീപക്കിനെ അപമാനിക്കുക എന്ന ഉദ്ദേശ്യത്തോടെ ഷിംജിത ഏഴോളം വീഡിയോകൾ ചിത്രീകരിച്ചതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ചില വീഡിയോകൾ പിന്നീട് ഇല്ലാതാക്കിയതായും അവ വീണ്ടെടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ഈ സംഭവവുമായി ബന്ധപ്പെട്ട് ബസ് യാത്രക്കാരിൽ നിന്നോ ജീവനക്കാരിൽ നിന്നോ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും, ബസില്‍ അസ്വാഭികമായി ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും ബസിലെ സിസിടിവി ക്യാമറയില്‍ നിന്ന് വ്യക്തമാണെന്നും പോലീസ് പറഞ്ഞു.
