രക്തസാക്ഷി ഫണ്ടിലടക്കം കോടികളുടെ അഴിമതിയില്‍ പ്രതിഷേധിച്ച് പയ്യന്നൂരില്‍ സംഘര്‍ഷം ശക്തമായി

കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ടിലടക്കം കോടികളുടെ അഴിമതി നടത്തിയെന്ന സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലിനെ തുടർന്ന് പയ്യന്നൂർ സംഘർഷ മേഖലയായി.

നഗരത്തിൽ സിപിഎം, കോൺഗ്രസ്, ബിജെപി പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടി. കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ആരോപണവിധേയനായ പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ കോൺഗ്രസ് പ്രകടനത്തിന് നേരെ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമണം നടത്തിയതായി കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെ പയ്യന്നൂർ സെൻട്രൽ ബസാറിലാണ് ആക്രമണം ഉണ്ടായത്. പയ്യന്നൂർ ഗാന്ധി മന്ദിരത്തിൽ നിന്ന് ആരംഭിച്ച പ്രകടനം സെൻട്രൽ ബസാറിലെത്തിയപ്പോൾ ആയുധങ്ങളുമായെത്തിയ 25 ഓളം സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമണം നടത്തിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. നിലത്തുവീണ പലരെയും മർദ്ദിക്കുകയും ചവിട്ടുകയും ചെയ്തതായി ആരോപണമുണ്ട്. ഈ സമയം പോലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും അവര്‍ നോക്കുകുത്തികളായി നിൽക്കുകയായിരുന്നുവെന്ന് നേതാക്കൾ പറഞ്ഞു.

പ്രകടനത്തിനും നേരെ ആക്രമണമുണ്ടായി. ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായപ്പോൾ, സ്ഥലത്തുണ്ടായിരുന്നത് വിരലിലെണ്ണാവുന്ന പോലീസുകാർ മാത്രമാണ്. പരിക്കേറ്റ ബിജെപി പ്രവർത്തകർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം, സഹകരണ ആശുപത്രി, പയ്യന്നൂർ സർവീസ് ബാങ്ക്, എംഎൽഎ ഓഫീസ് എന്നിവ കോൺഗ്രസ് ആക്രമിച്ചതായി സിപിഎം ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം ടൗണിൽ പ്രകടനം നടത്തി.

Leave a Comment

More News