ഡെട്രോയിറ്റിൽ 17-കാരിയുടെ കൊലപാതകം: അമ്മയും മകനും വിചാരണ നേരിടണം

ഡിട്രോയിറ്റ് :ഡെട്രോയിറ്റിൽ നിന്നുള്ള 17-കാരി ലണ്ടൻ തോമസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ അമ്മയെയും മകനെയും വിചാരണ ചെയ്യാൻ കോടതി ഉത്തരവിട്ടു. 23 വയസ്സുകാരനായ ജാലൻ പെൻഡർഗ്രാസ്, അദ്ദേഹത്തിന്റെ അമ്മ 49 വയസ്സുകാരി ചാർല പെൻഡർഗ്രാസ് എന്നിവർക്കെതിരെയാണ് ഫസ്റ്റ് ഡിഗ്രി കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി വിചാരണ നടത്താൻ ജഡ്ജി സാബ്രിന ജോൺസൺ വെള്ളിയാഴ്ച ഉത്തരവിട്ടത്.

2025 ഏപ്രിലിലാണ് ലണ്ടൻ തോമസിനെ കാണാതാകുന്നത്. ജാലന്റെ വീട്ടിൽ ലണ്ടനെ കൊണ്ടുവിട്ടതിന് ശേഷമാണ് കുട്ടിയെ കാണാതാകുന്നത്.

രണ്ടാഴ്ചയോളം സൗത്ത്ഫീൽഡിലെ ഒരു പാർക്കിംഗ് ഏരിയയിൽ കിടന്നിരുന്ന കാറിലെ പ്ലാസ്റ്റിക് ബിന്നിനുള്ളിൽ നിന്നാണ് പിന്നീട് ലണ്ടന്റെ മൃതദേഹം കണ്ടെത്തിയത്.

കൊലപാതകം മറച്ചുവെക്കാനും മൃതദേഹം കടത്താനും ചാർല പെൻഡർഗ്രാസ് തന്റെ ഒരു സുഹൃത്തിന്റെ സഹായം തേടിയതായി പ്രോസിക്യൂട്ടർമാർ കോടതിയെ അറിയിച്ചു. മുദ്രവെച്ച പ്ലാസ്റ്റിക് ബിൻ മാറ്റാൻ ഇവർ സുഹൃത്തിനോട് ആവശ്യപ്പെടുകയായിരുന്നു.

ഫസ്റ്റ് ഡിഗ്രി കൊലപാതകം, തടഞ്ഞുവെക്കൽ (Unlawful imprisonment), തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

“നീതിക്ക് വേണ്ടിയുള്ള ഞങ്ങളുടെ കാത്തിരിപ്പ് അവസാനിക്കുകയാണ്. എന്റെ മകളുടെ ആത്മാവിന് ഇനി സമാധാനമായി വിശ്രമിക്കാം,” എന്ന് ലണ്ടന്റെ പിതാവ് സെഡ്രിക് സാലിസ്ബറി പറഞ്ഞു. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ലണ്ടന്റെ മുത്തശ്ശിയും ആവശ്യപ്പെട്ടു.

എന്നാൽ തങ്ങൾ നിരപരാധികളാണെന്നും ലണ്ടന്റെ മരണത്തിൽ പങ്കില്ലെന്നുമാണ് പ്രതികളുടെ അഭിഭാഷകർ വാദിക്കുന്നത്. പ്രോസിക്യൂഷന് തങ്ങൾക്കെതിരെ കൃത്യമായ തെളിവുകളില്ലെന്നും ഇവർ അവകാശപ്പെട്ടു..

Leave a Comment

More News