മിനിയാപൊളിസ്: അമേരിക്കയിലെ മിനിയാപൊളിസിൽ ഐസിഇ ഏജന്റുമാരുടെ നടപടിക്കിടയിൽ നഴ്‌സ് വെടിയേറ്റു മരിച്ച സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി മുൻ പ്രസിഡന്റ് ബരാക് ഒബാമയും മിഷേൽ ഒബാമയും രംഗത്തെത്തി. ഫെഡറൽ ഏജന്റുമാരുടെ അക്രമാസക്തമായ നടപടികൾ അവസാനിപ്പിക്കണമെന്നും രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ ആക്രമിക്കപ്പെടുകയാണെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.
വെറ്ററൻസ് അഫയേഴ്‌സ് ആശുപത്രിയിലെ ഐസിഇ നഴ്‌സായ 37 വയസ്സുകാരൻ അലക്സ് പ്രെറ്റി കഴിഞ്ഞ ശനിയാഴ്ചയാണ് കൊല്ലപ്പെട്ടത്. ഐസിഇ ഏജന്റുമാർ ഒരു സ്ത്രീയെ തള്ളുന്നത് മൊബൈലിൽ പകർത്താൻ ശ്രമിച്ച പ്രെറ്റിയെ ഏജന്റുമാർ കീഴ്പ്പെടുത്തുകയും 10 തവണ വെടിവെക്കുകയുമായിരുന്നു.
പ്രെറ്റിയുടെ മരണത്തിന് പിന്നാലെ അമേരിക്കയിലുടനീളം വൻ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ലൈസൻസുള്ള തോക്ക് കൈവശം വെച്ചതാണ് മരണത്തിന് കാരണമെന്ന ഭരണകൂടത്തിന്റെ വാദത്തെ തോക്ക് അവകാശ സംഘടനകൾ പോലും തള്ളിക്കളഞ്ഞു.
“അലക്സ് പ്രെറ്റിയുടെ കൊലപാതകം ഹൃദയഭേദകമായ ദുരന്തമാണ്. ഇത് എല്ലാ അമേരിക്കക്കാർക്കുമുള്ള ഒരു മുന്നറിയിപ്പാണ്. ഫെഡറൽ ഏജന്റുമാർ നിയമപരമായ രീതിയിൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണം,” ഒബാമ ദമ്പതികൾ സോഷ്യൽ മീഡിയയിൽ കുറിച്ചു.
മാസ്ക് ധരിച്ച ഐസിഇ റിക്രൂട്ടുകൾ ജനങ്ങളെ ഭയപ്പെടുത്തുന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് ഒബാമ ആരോപിച്ചു.
: തെളിവുകൾ പരിശോധിക്കാതെ വെടിവെപ്പിനെ ന്യായീകരിക്കുന്ന ഭരണകൂടത്തിന്റെ നിലപാടിനെ പ്രസ്താവനയിൽ വിമർശിച്ചു.
അനീതിക്കെതിരെ സംസാരിക്കാനും ഭരണകൂടത്തെ ഉത്തരവാദിത്തമുള്ളതാക്കാനും സമാധാനപരമായ പ്രതിഷേധങ്ങളെ ഒബാമ പിന്തുണച്ചു.
മൂന്നാഴ്ചയ്ക്കിടെ മിനിയാപൊളിസിൽ ഫെഡറൽ ഏജന്റുമാരുടെ വെടിയേൽക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് പ്രെറ്റി. നഗരത്തിലെ ക്രമസമാധാന നില തകരാറിലാണെന്ന് മിനിയാപൊളിസ് പോലീസ് ചീഫും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
