കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ റോയ് ആത്മഹത്യ ചെയ്തു; ഐടി റെയ്ഡിനിടെ ബംഗളൂരുവിലെ ഓഫീസിലാണ് സംഭവം

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡർമാരിൽ ഒരാളായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സി.ജെ. റോയ് ആത്മഹത്യ ചെയ്തു. അദ്ദേഹത്തിന് 57 വയസ്സായിരുന്നു. ലാംഫോർഡ് റോഡിലെ റിച്ച്മണ്ട് സർക്കിളിനടുത്തുള്ള ഗ്രൂപ്പിന്റെ ഓഫീസിനുള്ളിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ഓഫീസ് മുറിയിൽ വെച്ച് സ്വന്തം തോക്ക് ഉപയോഗിച്ച് അദ്ദേഹം വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ എച്ച്.എസ്.ആർ. ലേഔട്ടിലെ നാരായണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടർന്ന് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനിടെയാണ് ആത്മഹത്യ നടന്നതെന്നാണ് പ്രാഥമിക വിവരം. കൊച്ചിയിൽ നിന്നുള്ള ആദായനികുതി സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. രാവിലെ 10 മണിയോടെ റോയിയുടെ ഓഫീസുകളിലും വസതികളിലും വ്യാപക റെയ്ഡ് ആരംഭിച്ചു. റെയ്ഡിനിടെ ഉദ്യോഗസ്ഥർ റോയിയെ ചോദ്യം ചെയ്തു. ആവശ്യപ്പെട്ട രേഖകൾ ശേഖരിക്കാൻ തൊട്ടടുത്ത മുറിയിലേക്ക് പോയ ശേഷം അദ്ദേഹം സ്വയം വെടി വെച്ചതായാണ് വിവരം.

കേരളത്തിലും ഗൾഫ് രാജ്യങ്ങളിലും നിരവധി സംരംഭങ്ങൾ നടത്തുന്ന, വിവിധ ചാനലുകളിലെ റിയാലിറ്റി ഷോകളില്‍ വിജയികളുടെ സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന പ്രമുഖ വ്യവസായി കൂടിയാണ് സി ജെ റോയ്. സ്ഥലത്ത് ഉന്നത പൊലീസുദ്യോഗസ്ഥരടക്കം എത്തിയിട്ടുണ്ട്. ആത്മഹത്യ ചെയ്യാനുപയോഗിച്ച തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.

ആദായനികുതി വകുപ്പിന്റെ പരിശോധനകൾക്കെതിരെ അദ്ദേഹം മുമ്പ് കോടതിയെ സമീപിച്ചിരുന്നു. റിയൽ എസ്റ്റേറ്റ് മേഖലയെ വലിയ തോതിൽ സ്വാധീനിച്ച അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം വ്യവസായത്തിൽ വലിയ ഞെട്ടലും ദുഃഖവും സൃഷ്ടിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ഭാര്യ: ലിനി റോയി. മക്കള്‍: രോഹിത്, റിയ.

Leave a Comment

More News