ന്യൂജേഴ്സി: അമേരിക്കന്‍ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്ത ആര്‍ച്ച്ബിഷപ് അഭിവന്ദ്യ യെല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ മെത്രാഭിഷേകത്തിന്‍റെ 22-ാം വാര്‍ഷികം ജനുവരി 10-ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ന്യൂജേഴ്സിയിലെ വിപ്പനിയിലുള്ള മലങ്കര അതിഭദ്രാസന ആസ്ഥാനത്തു വെച്ച് നടന്നു.
പെരുമ്പാവൂരുള്ള വാത്തിക്കല്‍ കുടുംബത്തില്‍ പി.എം. കുര്യാക്കോസിന്‍റെയും ശോശാമ്മ കുര്യാക്കോസിന്‍റെയും മകനായി അഭിവന്ദ്യ തിരുമേനി ജനിച്ചു. 1982-ല്‍ കടവില്‍ തിരുമേനിയില്‍ നിന്നും (അഭിവന്ദ്യ മോര്‍ അത്തനാസിയോസ് പൗലോസ്) ഡീക്കന്‍ സ്ഥാനവും 1998, 99 എന്നീ വര്‍ഷങ്ങളില്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സാക്ക പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായില്‍ നിന്നും റമ്പാന്‍ പട്ടവും കശീശ്ശ പട്ടവും കരസ്ഥമാക്കി.
ഉദയഗിരി മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയിലും ഡമാസ്കസ് തിയോളജിക്കല്‍ സെമിനാരിയിലും പഠിച്ചിട്ടുള്ള തിരുമേനി ന്യൂയോര്‍ക്കിലുള്ള വ്ളാഡമിര്‍ ഓര്‍ത്തഡോക്സ് സെമിനാരിയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും 1990-ല്‍ ആലുവ യുസി കോളജില്‍ നിന്നും മാത്തമാറ്റിക്സില്‍ (എംഎസ്‌സി) ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
1997 മുതല്‍ 2004 വരെ അന്ത്യോഖ്യയിലുള്ള പാത്രിയര്‍ക്കീസിന്‍റെ അരമനയില്‍ ശുശ്രൂഷ ചെയ്തുവരവെ 2004-ല്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സാക്ക പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായാല്‍ മെത്രാപ്പോലീത്തയായി അഭിഷേകം ചെയ്യപ്പെട്ടു.
ശനിയാഴ്ച രാവിലെ അഭിവന്ദ്യ തിരുമേനി ഭദ്രാസന ആസ്ഥാനത്ത് പാത്രിയര്‍ക്കാ പതാക ഉയര്‍ത്തിയതിനു ശേഷം 10 മണിക്ക് മെത്രാഭിഷേകത്തിന്‍റെ വാര്‍ഷിക ആഘോഷങ്ങള്‍ നടന്നു. ഈ യോഗത്തിലേക്ക് മലങ്കര അതിഭദ്രാസന സെക്രട്ടറി റവ.ഫാ. പോള്‍ തോട്ടക്കാട്ട് ഏവരേയും സ്വാഗതം ചെയ്തു. യോഗത്തില്‍ അഭിവന്ദ്യ തിരുമേനി അനുഗ്രഹപ്രഭാഷണം നടത്തി. അമേരിക്കന്‍ അതിഭദ്രാസന ട്രസ്റ്റി സിമി ജോസഫ് യോഗത്തില്‍ പങ്കെടുത്ത ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.
ഭദ്രാസനത്തിലെ വിവിധ പള്ളികളില്‍ നിന്നുമുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ യോഗത്തിന് മാറ്റുകൂട്ടി. സെന്‍റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പും മൊറാന്‍ ടിവിയും ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളും ചേര്‍ന്ന് പരിപാടികള്‍ക്ക് നേതൃത്വം നല്കി. സ്നേഹവിരുന്നോടെ ആഘോഷപരിപാടികള്‍ സമാപിച്ചു.


