
മലപ്പുറം: ലോകാടിസ്ഥാനത്തിലും ഇന്ത്യാ രാജ്യത്തും സ്ത്രീ സുരക്ഷ എന്നത് വലിയ ഭീഷണികളെ നേരിടുമ്പോൾ പ്രബുദ്ധ കേരളത്തിൽ പോലും ജനപ്രതിനിധികളും നേതാക്കളും മാന്യന്മാരായി കണക്കാക്കപ്പെടുന്നവരും വ്യക്തി താൽപര്യങ്ങൾക്കും രാഷ്ട്രീയ നേട്ടങ്ങൾക്കും അധികാരമോഹങ്ങൾക്കും വേണ്ടി സ്ത്രീകളെ ആയുധമാക്കുന്ന വാർത്തകളാണ് ദിനേന പുറത്തുവരുന്നതെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് വിഎ ഫായിസ പറഞ്ഞു.
വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ വലിയ മുന്നേറ്റം കാഴ്ചവെക്കുന്ന സ്ത്രീ സമൂഹത്തിന് ഭരണഘടന ഉറപ്പുനൽകിയ അന്തസ്സും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ ഇവിടത്തെ നിയമ വ്യവസ്ഥയെ കൂടുതൽ കർശനമാക്കാനുള്ള ബാധ്യത സർക്കാർ നിർവഹിക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി മലപ്പുറം ഫാറൂഖ് മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ച ‘റൈസ് ആന്റ് ലീഡ്’ ജില്ലാ ലീഡേഴ്‌സ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
സംസ്ഥാന കമ്മിറ്റി അംഗവും ലൈഫ് കോച്ചുമായ നസീറ ബാനു ട്രൈനിങ് സെഷന് നേതൃത്വം നൽകി. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന്, ഭൂസമര നായിക ബിന്ദു വൈലാശ്ശേരി, ജില്ലാ സെക്രട്ടറിമാരായ ബുഷ്‌റ അരീക്കോട്, ഷഹനാസ് എടപ്പാൾ, മാജിത ഉമ്മത്തൂർ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് റുക്‌സാന ഇർഷാദ് അധ്യക്ഷയായിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി ജസീല കെപി സ്വാഗതവും പ്രോഗ്രാം കൺവീനർ ബിന്ദു പരമേശ്വരൻ നന്ദിയും പറഞ്ഞു.
