
തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനി അനഘ ശശി 24 ദിവസമായി നടത്തിയ സമരം വിജയം കണ്ടു. ഡോക്ടറൽ കമ്മിറ്റി യോഗം ചേരുക, ഗവേഷണത്തിനാവശ്യമായ അക്കാദമിക സൗകര്യങ്ങൾ ഉറപ്പാക്കുക, പരാതികളിൽ നിയമനടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സർവകലാശാല ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.
സമരത്തിന്റെ തുടക്കം മുതൽ വിമൻ ജസ്റ്റിസ് മൂവ്മെന്റ് ശക്തമായ പിന്തുണയുമായി അനഘയ്ക്കൊപ്പം നിലകൊണ്ടു. സംസ്ഥാന, ജില്ലാ നേതാക്കൾ സമരപ്പന്തൽ സന്ദർശിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. എട്ടാം ദിവസം സംഘടനയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ പരിപാടിയും ഉത്രാട ദിനത്തിൽ ഉപവാസ സമരവും സംഘടിപ്പിച്ചു.
അനഘയുടെ പോരാട്ടം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതീയ വിവേചനത്തിനും അക്കാദമിക അനീതിക്കുമെതിരായ പോരാട്ടമാണെന്ന് വിമൻ ജസ്റ്റിസ് മൂവ്മെന്റ് വ്യക്തമാക്കി. സമരത്തിന്റെ വിജയം നീതിക്കായുള്ള പോരാട്ടങ്ങൾക്ക് പ്രതീക്ഷ നൽകുന്നതാണെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു.