തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.ക്ക് പുതിയ ബസുകൾ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള സ്പോൺസർഷിപ്പ് പ്രോഗ്രാമിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഈ സ്കീമിന്റെ ഭാഗമായി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബസുകള്‍ സ്പോണ്സര് ചെയ്യാം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സാമൂഹിക സംഘടനകൾ, ക്ലബ്ബുകൾ, ബിസിനസ് സ്ഥാപനങ്ങൾ എന്നിവയ്ക്കും സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് ബസുകൾ സംഭാവന ചെയ്യാം. എസി പ്രീമിയം ബസുകൾ, എസി സീറ്റർ, എസി സ്ലീപ്പർ, സൂപ്പർ-ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകൾ എന്നിവ സ്വീകരിക്കും. വാഹനങ്ങൾ നേരിട്ട് വാങ്ങാം, അല്ലെങ്കിൽ തുക കോർപ്പറേഷനിലേക്ക് മാറ്റാം. സാമ്പത്തിക സഹായമായി നൽകിയാൽ, ടെൻഡർ നടപടിക്രമങ്ങളിലൂടെ കെഎസ്ആർടിസി തന്നെ വാഹനം വാങ്ങും.
സ്പോൺസർഷിപ്പ് വഴി ലഭിക്കുന്ന ബസുകൾ കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടറുടെ പേരിലായിരിക്കും രജിസ്റ്റർ ചെയ്യുക. വാഹനത്തിന്റെ അറ്റകുറ്റപ്പണി, ഇൻഷുറൻസ്, ടിക്കറ്റ് വരുമാനം, ജീവനക്കാരുടെ നിയമനം എന്നിവയിൽ കെഎസ്ആർടിസിക്ക് പൂർണ്ണ അധികാരമുണ്ടാകും. സ്പോൺസർമാർ നിർദ്ദേശിക്കുന്ന റൂട്ടുകൾ നിലവിലുള്ള സർവീസുകൾക്ക് പകരമാണെങ്കിൽ അതിനുള്ള ക്രമീകരണങ്ങൾ ചെയ്യും. പുതിയ സർവീസ് ആവശ്യമുണ്ടെങ്കിൽ, ഇന്ധനച്ചെലവും അടിസ്ഥാന സൗകര്യങ്ങളും കണക്കിലെടുത്തതിനുശേഷം മാത്രമേ അത് പരിഗണിക്കൂ.
ബസുകൾ സ്പോൺസർ ചെയ്യുന്നവർക്ക് 10 വർഷത്തേക്ക് വാഹനത്തിൽ പരസ്യം ചെയ്യാം. നിബന്ധനകൾക്ക് വിധേയമായി, വാഹനത്തിന്റെ പുറംഭാഗത്ത് 60 ശതമാനത്തിലും ഇന്റീരിയറിന്റെ 30 ശതമാനത്തിലും പരസ്യം പ്രദർശിപ്പിക്കാം, മുൻവശത്തും ജനാലകളും ഒഴികെ. സംഘടനയുടെ പേരും ഉൾപ്പെടുത്താം, ‘സ്പോൺസർ ചെയ്തത്’ എന്ന വാക്കുകൾ ഉപയോഗിക്കാം.