തിരുവല്ല: ഇരുകരകളിൽ നിന്നും ഉയർന്ന ആർപ്പു വിളികളുടെ ഇടയിൽ ജലോത്സവ പ്രേമികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തികൊണ്ട് നാലാമത് അപ്പർ കുട്ടനാട് ജലോത്സവത്തിൽ തലവടി ചുണ്ടൻ കിരീടമണിഞ്ഞു. മേൽപാടം ചുണ്ടൻ രണ്ടാം സ്ഥാനവും നിരണം ചുണ്ടൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ പട്ടേരി പുരയ്ക്കലിനെ പരാജത്തിപ്പെടുത്തിയാണ് നെപ്പോളിയൻ ജേതാവായത്.
തലവടി ചുണ്ടൻ വള്ളം ആദ്യമായാണ് അപ്പർ കുട്ടനാട് ജലോത്സവത്തിൽ പങ്കെടുക്കുന്നത്. ടീം മൂന്ന് തൈക്കൽ ക്യാപ്റ്റനായി തലവടി ടൗൺ ബോട്ട് ക്ലബിന്റെ കന്നി പോരാട്ടത്തിൽ നേടിയ വിജയം തലവടി ഗ്രാമത്തിൽ ഓണ സമ്മാനമായിട്ടാണ് എത്തിയിരിക്കുന്നതെന്ന് തലവടി ചുണ്ടൻ വള്ളം സമിതി പ്രസിഡന്റ് റിക്സൺ എടത്തിൽ, സെക്രട്ടറി അരുൺ പുന്നശ്ശേരിൽ, ട്രഷറാർ ഷിക്കു കുര്യൻ എന്നിവർ പറഞ്ഞു. ഈ വിജയം തലവടി ഗ്രാമത്തിനും ഓഹരി ഉടമകൾക്കും ഇരട്ടി ആവേശം പകർന്നതായി മീഡിയ കോഓർഡിനേറ്റർമാരായ അജിത്ത് പിഷാരത്ത്, ഡോ ജോൺസൺ വാലയിൽ ഇടിക്കുള എന്നിവർ അറിയിച്ചു.
മത്സരത്തിന് മുന്നോടിയായി നടന്ന പൊതുസമ്മേളനം സംസ്ഥാന അഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജയിംസ് കുരുവിള അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വർഗ്ഗീസ് മാമ്മൻ, ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ, ഹരിപ്പാട് ബ്ളോക്ക് പഞ്ചായത്ത് അംഗം ജ്യോതി പ്രകാശ്, ഗ്രാമ പഞ്ചായത്ത് അംഗം സിനി കോശി, സാം ജീവൻ, എന്നിവർ പ്രസംഗിച്ചു. കെ എസ് ബി ആർ എ പ്രസിഡന്റ് ആർകെ കുറുപ്പ് ഘോഷയാത്ര ഉത്ഘാടനം ചെയ്തു. അപ്പർ കുട്ടനാട് ജലോത്സവം സമിതി രക്ഷാധികാരി കോശി എബ്രഹാം, സെക്രട്ടറി ലല്ലു കാട്ടിൽ, ട്രഷറാർ അർജുനൻ ടി ഭാസ്ക്കരന്, എക്സിക്യൂട്ടീവ് അംഗങ്ങളായ രാജു ഏബ്രഹാം, മനു ഏബ്രഹാം ജോസഫ് എന്നിവർ നേതൃത്വം നല്കി. റെജി ചെറിയാൻ എംഎൽഎ സമ്മാനദാനം നടത്തി.
സിബിഎൽ മത്സരങ്ങളിൽ അപ്പർ കുട്ടനാട് ജലോത്സവം വാട്ടർ സ്റ്റേഡിയം ഉൾപെടുത്തണമെന്ന് അപ്പർ കുട്ടനാട് ജലോത്സവം സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
