റവ. ജോർജ്ജ് മാത്തൻ്റെ ജീവചരിത്രം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണം: ടിജിൻ ജോസഫ്

എടത്വ: ആദ്യ പൂർണ മലയാള വ്യാകരണ ഭാഷാ ഗ്രന്ഥകർത്താവായ റവ. ജോർജ് മാത്തൻ്റെ ജീവചരിത്രം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണമെന്ന് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിൻ ജോസഫ് ആവശ്യപ്പെട്ടു. റവ. ജോർജ്ജ് മാത്തൻ സ്മാരക സമിതി സംഘടിപ്പിച്ച റവ. ജോർജ്ജ് മാത്തൻ്റെ 156 -ാം ചരമവാർഷിക അനുസ്മരണവും പുസ്തക പ്രകാശന ചടങ്ങും ബെറാഖാ ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റവ.ജോർജ്ജ് മാത്തൻ സ്മാരക സമിതി ചെയര്‍മാന്‍ പ്രകാശ് പനവേലി അദ്ധ്യക്ഷത വഹിച്ചു. റവ. ജോർജ്ജ് മാത്തൻ്റെ ജീവചരിത്രം ഉൾകൊള്ളിച്ചുകൊണ്ട് അലക്സ് നെടുമുടി തയ്യാറാക്കിയ ‘കാവ്യപഥങ്ങളിലൂടെ ‘ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക വികാരി ഫാ. മർക്കോസ് പള്ളിക്കുന്നേൽ നിരണം ഗ്രാമപഞ്ചായത്ത് അംഗം അജോയി കെ വർഗ്ഗീസിന് നല്‍കി നിർവഹിച്ചു.

ഗ്രന്ഥകർത്താവ് അലക്സ് നെടുമുടിയ്ക്ക് ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള ഉപഹാരം സമര്‍പ്പിച്ചു. ജിബി ഈപ്പൻ, ജിജി ജോൺസൺ, ദാനിയേൽ തോമസ്, സോജി സാം എന്നിവർ പ്രസംഗിച്ചു.

ആംഗ്ലിക്കൻ സഭയുടെ ആദ്യ നാട്ടുപട്ടക്കാരനും മാതൃഭാഷയെ കൂടാതെ സുറിയാനി, ഇംഗ്ലീഷ്, ഗ്രീക്ക്, ഹീബ്രു, സംസ്‌കൃതം, തമിഴ്, തെലുങ്ക്, ഹിന്ദുസ്ഥാനി ഭാഷകളിലെ പണ്ഡിതനുമായിരുന്ന മലയാഴ്മയുടെ വ്യാകരണം, സത്യവേദഖേടം തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ആദ്യ പൂർണ മലയാള വ്യാകരണഭാഷ ഗ്രന്ഥകർത്താവുമായ റവ.ജോർജ് മാത്തൻ അന്തിയുറങ്ങുന്നത് കുട്ടനാട് തലവടി കുന്തിരിക്കൽ സെന്റ് തോമസ് സി.എസ്.ഐ പള്ളി അങ്കണത്തിലാണ്.

തിരുവിതാംകൂർ ഭാഷാ പാഠപുസ്തക കമ്മിറ്റിയുടെ പ്രസിഡന്റ് തുടങ്ങി നിരവധി മേഖലകളിൽ കഴിവ് തെളിയിക്കുകയും, സാമൂഹ്യ പരിഷ്‌കരണത്തിനായി പോരാടുകയും, സാമുഹ്യ പുരോഗതിക്ക് വില മതിക്കാനാവാത്ത സംഭാവനകൾ നല്‍കുകയും, ആദ്യ പൂർണ മലയാള വ്യാകരണഭാഷ ഗ്രന്ഥകർത്താവുമായ റവ.ജോർജ് മാത്തൻ്റെ സ്മരണ നിലനിർത്തുന്നതിന് ആവശ്യമായ നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്നും, കുട്ടനാട്ടിൽ സ്മാരകം നിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് റവ. ജോർജ്ജ് മാത്തൻ സ്മാരക സമിതി ചെയര്‍മാന്‍ പ്രകാശ് പനവേലി, ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള എന്നിവർ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

Leave a Comment

More News