ഖുർആൻ പഠനത്തിനുള്ള ജനകീയ സംരംഭം; ‘നൂൻ ഖുർആൻ ലേണിംഗി’നു തുടക്കമായി

നൂൻ ലോഗോ പ്രകാശന ചടങ്ങ്

ദോഹ: പ്രവാസി മലയാളികളുടെ ഖുർആൻ പഠനം എളുപ്പവും ജനകീയവും എന്നാൽ ആഴത്തിലുള്ളതുമാക്കുക എന്ന ലക്ഷ്യത്തോടെ നവീനമായ ഉള്ളടക്കത്തോടും ലളിതമായ ഘടനയോടും കൂടിയ പുതിയ പ്ലാറ്റ് ഫോം -നൂൻ ഖുർആൻ ലേണിംഗിന് ദോഹയിൽ തുടക്കമായി. സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി ഐ സി ) ഖത്തറിന്റെ മേൽനോട്ടത്തിൽ ആണ് സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ളവർക്ക് പ്രയോജനപ്രദമാകുന്ന സംവിധാനത്തിന് ആരംഭം കുറിച്ചത്.

ലളിതമായ പഠന സാമഗ്രികളും എ ഐ ഉൾപ്പെടെ നൂതന സാങ്കേതങ്ങളും ടൂളുകളും ഉപയോഗപ്പെടുത്തി ആരംഭിക്കുന്ന നൂൻ ഖുർആൻ ലേണിംഗിന്റെ ഉദ്‌ഘാടനം ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബ് റഹ്‌മാൻ ഓൺലൈനിലൂടെ നിർവഹിച്ചു.
മനുഷ്യ സമൂഹം പല തരം പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന പുതിയ കാലത്ത് വിശുദ്ധ ഖുർആനിലൂടെ ആദർശപരവും പ്രായോഗികവുമായ കരുത്ത് നേടുക എന്നത് പ്രധാനമാണെന്ന് അദ്ദേഹം ഓര്മപ്പെടുത്തി.

പ്രവാസത്തിന്റെ തിരക്കിനിടയിലും ദൈവിക ഗ്രന്ഥം മനസ്സിലാക്കാനുള്ള അസുലഭമായ അവസരമാണ് നൂൻ പ്ലാറ്റ്ഫോം എന്നും ഈ അവസരം പരാമാവധി പ്രയോജനപ്പെടുത്താൻ എല്ലാവരും മുന്നോട്ട് വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

CIC ഖത്തർ പ്രസിഡന്റ് ആർ. എസ്. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. ഖുർആൻ മുന്നോട്ട് വെക്കുന്ന ആത്മീവും ധാർമികവുമായ ഉള്ളടക്കം വ്യക്തി-കുടുംബ- സാമൂഹിക ഘടനകളിലുള്ള അസന്തുലിതത്വവും അനീതിയും ഇല്ലാതാക്കി മനുഷ്യർക്ക്‌ സമാധാനം നൽകാൻ പ്രാപ്തിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ ഖുർആൻ പണ്ഡിതനും വാഗ്മിയുമായ
ഡോ. അബ്ദുൽ വാസിഹ് മുഖ്യ പ്രഭാഷണം നടത്തി.

നൂൻ ഖുർആൻ ലേണിംഗ് ഉദ്ഘാടന സദസ്സ്

പരിപാടിയിൽ “നൂൻ ഫാമിലി ഖുർആൻ ലേണിംഗ്”, “നൂൻ ബിസിനസ് & പ്രൊഫഷണൽസ് ലേണിംഗ് എന്നിവയുടെ പ്രഖ്യാപനം സി ഐ സി കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കെ സി അബ്ദുല്ലത്തീഫ്, കെ ടി അബ്ദുറഹിമാൻ എന്നിവർ നിർവഹിച്ചു.

നൂൻ സ്റ്റുഡന്റ്സ് ലേണിംഗ് പ്രഖ്യാപനം സ്റ്റുഡന്റ് ഇന്ത്യ ഖത്തർ പ്രഡിഡന്റ് അമീൻ സബകും ഗേൾസ് ഇന്ത്യ കേന്ദ്ര ജോയിന്റ് സെക്രട്ടറി നഷ് വ ഇബ്രാഹിമും ചേർന്ന് നിർവഹിച്ചു.

വിമൻ ഇന്ത്യ ഖത്തർ പ്രസിഡന്റ് നസീമ ടീച്ചർ, യൂത്ത് ഫോറം ഖത്തർ പ്രസിഡന്റ് അസ്ലം തൗഫീഖ് എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.

നൂൻ ഖുർആൻ ലേർണിഗ് യൂട്യൂബ് ചാനലിന് പ്രമുഖ പണ്ഡിതനും അൽ ജാമിഅ അൽ ഇസ്‌ലാമിയ ശാന്തപുരം ഡെപ്യൂട്ടി റെക്ടറുമായ ഡോ നഹാസ് മാളയുടെ വീഡിയോ പ്രഭാഷണം സ്വിച് ഓൺ ചെയ്തു സി ഐ സി കേന്ദ്ര കമ്മിറ്റി അംഗം നഹ് യ നസീർ തുടക്കം കുറിച്ചു.

തുടർന്ന് കഴിഞ്ഞ റമദാനിൽ നടന്ന സൂറ അൽ മുംതഹിന ഖുർആൻ പ്രശ്നോത്തരി മത്സരങ്ങളിൽ മികച്ച റാങ്കുകൾ നേടിയവർക്ക് അവാർഡുകൾ വിതരണം ചെയ്തു. ആയിഷ ഷാന, ഫാത്തിമ എം, ശിഹാബ് ഹംസ എന്നിവർ ആദ്യ മൂന്നു റാങ്കുകൾക്കുള്ള അവാർഡുകൾ സ്വീകരിച്ചു. മുഹമ്മദ്‌ അഫ്സൽ മലയിൽ, നാദിർ ഉമർ, ഹർഷീന എം എഛ് എന്നിവർ ഫുൾ മാർക്ക് നേടിയതിനുള്ള പ്രോത്സാഹന സമ്മാനങ്ങൾ ഏറ്റുവാങ്ങി.

ഖുർആൻ അധ്യാപന രംഗത്ത് സ്ത്യുത്യർഹമായ സേവനം അനുഷ്ഠിച്ച് കൊണ്ടിരിക്കുന്ന ഡോ. അബ്ദുൽ വാസിഹ്, എം. ടി. ആദം, സുഹൈൽ ശാന്തപുരം, ഡോ. താജ് ആലുവ, ഷാനവാസ് ഖാലിദ്, എന്നിവരെയും നൂൻ ലോഗോ ഡിസൈൻചെയ്ത ബാസിത് ഖാനെയും സാങ്കേതിക സഹായങ്ങൾക്ക് നേതൃത്വം നൽകുന്ന മീഡിയ ടീമിനെയും ചടങ്ങിൽ ആദരിച്ചു. നൂൻ ഖുർആൻ ലേർണിംഗ് ഡയറക്ടർ കെ ടി മുബാറക് സമാപന പ്രഭാഷണം നിർവഹിച്ചു.

അബ്ദുൽ റഹീം മുഹ്‌യിദ്ദീൻ ഖുർആൻ പാരായണം നടത്തി. സി ഐ സി ജനറൽ സെക്രട്ടറി അർഷദ് ഇ സ്വാഗതവും വിമൻ ഇന്ത്യ വൈസ് പ്രസിഡന്റ് മെഹർബാൻ ടീച്ചർ നന്ദിയും പറഞ്ഞു. സി ഐ സി കേന്ദ്ര സമിതി അംഗങ്ങൾ ആയ ടി കെ ഖാസിം, വിമൻ ഇന്ത്യ ഖത്തർ ജനറൽ സെക്രട്ടറി ഷഫ്‌ന വാഹിദ് എന്നിവർ സംബന്ധിച്ചു. സി ഐ സി സെക്രട്ടറി മുഹമ്മദ്‌ റാഫി, മീഡിയ ഹെഡ് മുനീഷ് എ സി, നൂൻ ഖുർആൻ ലേണിംഗ് കോർഡിനേറ്റർ ജോഹർ അഹ്‌മദ്‌, നൗഫൽ പാലേരി, ബഷീർ അഹ്‌മദ്‌ നിലമ്പൂർ സിദ്ധീഖ് വേങ്ങര, താഹിർ കളത്തിൽ എന്നിവർ നേതൃത്വം നൽകി.

Leave a Comment

More News