വിദ്യാര്‍ത്ഥികളോട് ഡോക്ടർ റാം പെരുമാറിയിരുന്നത് വളരെ മോശമായി; നിതിന്റെ മാതാപിതാക്കള്‍ക്ക് നീതി ലഭിക്കുന്നതു വരെ കൂടെ നില്‍ക്കുമെന്ന് രക്ഷിതാക്കള്‍

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണത്തിൽ, വിദ്യാർത്ഥികളുടെ മാതാപിതാക്കൾ ഡോ. റാമിനെതിരെ രംഗത്തെത്തി. ഡോ. റാം വിദ്യാർത്ഥികളോട് വളരെ മോശമായാണ് പെരുമാറിയിരുന്നതെന്ന് ഒരു രക്ഷിതാവ് പ്രതികരിച്ചു. മകളെ സ്റ്റാഫ് റൂമിൽ വെച്ച് അദ്ദേഹം ഒരു വേസ്റ്റ് എന്ന് വിളിച്ചത് മറ്റ് അദ്ധ്യാപകർ പ്രതികരിക്കാതെ കേട്ടു നില്‍ക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

സഹ അദ്ധ്യാപകരെക്കൊണ്ട് വിദ്യാർത്ഥികളെ അശ്ലീല ഭാഷയില്‍ ചീത്ത വിളിപ്പിച്ചു. ക്ലാസ്സിൽ റാം വളരെ മോശം ഭാഷയിലാണ് സംസാരിക്കാറ്. നിതിൻ രാജിന്റെ മരണം യഥാർത്ഥത്തിൽ ഒരു കൊലപാതകമാണ്. നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ല. കേസ് ഒരു സ്വതന്ത്ര ഏജൻസി അന്വേഷിക്കണം. നിതിന്റെ കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങൾ 100 ശതമാനം സത്യമാണ്. ഡോ. റാമിനെ പുറത്താക്കണം. നിയമനടപടി സ്വീകരിച്ചാൽ നിതിന്റെ കുടുംബത്തോടൊപ്പം നിൽക്കുമെന്നും മാതാപിതാക്കൾ വ്യക്തമാക്കി.

അതേസമയം, നിതിൻ രാജിന്റെ മരണത്തിൽ ഡിവൈഎഫ്‌ഐ ശക്തമായി പ്രതിഷേധിച്ചു. കുറ്റാരോപിതനായ ഡോ. റാമിന്റെ എടക്കാട് ക്ലിനിക്കിലേക്ക് ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. “ജാതീയനായ റാമിനെ അറസ്റ്റ് ചെയ്യുക” എന്നെഴുതിയ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചാണ് പ്രതിഷേധം. അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളേജിലെ വിദ്യാർത്ഥികൾ റാം ഉൾപ്പെടെ മൂന്ന് അധ്യാപകരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടു.

Leave a Comment

More News