കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാർത്ഥി നിതിൻ ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ ലോൺ ആപ്പ് ഓപ്പറേറ്റർമാരെ അറസ്റ്റ് ചെയ്ത് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശി ഹൃഷികേശ് തിവാരി (32), ഉത്തർപ്രദേശ് സ്വദേശി പ്രശാന്ത് ഖേവാൾ (28), ഹരിയാനയിലെ ഫരീദാബാദ് സ്വദേശി പ്രകാശ് ജയ് (54) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഇവര്‍ ഇൻസ്റ്റന്റ് ഫണ്ട്സ് എന്ന ലോൺ ആപ്പിന്റെ ഓപ്പറേറ്റർമാരാണെന്ന് പോലീസ് പറഞ്ഞു.
ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നാണ് അതിസാഹസികമായി കണ്ണൂര്‍ സിറ്റി പോലീസ് സൈബര്‍ സംഘം മൂവരെയും പിടികൂടിയത്. ഇവരിൽ നിന്ന് സിം കാർഡുകളും ഉപകരണങ്ങളും പിടിച്ചെടുത്തു.
നിതിന്‍ രാജിന്റെ അദ്ധ്യാപിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ലോൺ ആപ്പ് വഴി നിതിന്‍ പണം കടമെടുത്തിരുന്നു. എന്നാല്‍, വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ റഫറൻസായി നൽകിയിരുന്ന അദ്ധ്യാപികയുടെ ഫോൺ നമ്പറിലേക്ക് നിരന്തരം കോളുകളും സന്ദേശങ്ങളും വന്നുകൊണ്ടിരുന്നു. പണം നൽകിയില്ലെങ്കിൽ ഒരു മണിക്കൂറിനുള്ളിൽ നിരന്തരം ഉപദ്രവിക്കുമെന്ന് അവർ ഭീഷണിപ്പെടുത്തി. നമ്പര്‍ ബ്ലോക്ക് ചെയ്താലും മറ്റു നമ്പറുകളിൽ നിന്ന് ശല്യപ്പെടുത്തല്‍ തുടർന്നതായി അദ്ധ്യാപികയുടെ പരാതിയില്‍ പറയുന്നു.
പിടികൂടിയവരുടെ എല്ലാ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും, ഒരു സജീവ നമ്പർ അന്വേഷിച്ച പോലീസ്, ഇവര്‍ നോയിഡയിലാണെന്ന് മനസ്സിലാക്കിയാണ് അവിടേക്ക് പോയത്. വലിയ നഗരമായതിനാൽ ആപ്പ് നടത്തിപ്പ് കേന്ദ്രം കണ്ടെത്തുന്നത് പ്രയാസകരമായിരുന്നു. എങ്കിലും, കേരള പോലീസിന്റെ മികവാർന്ന അന്വേഷണത്തിൽ സ്ഥാപനം കണ്ടെത്താൻ സാധിച്ചു എന്ന് പോലീസ് പറഞ്ഞു. ഒരു ഐടി പാർക്കിന് സമാനമായിരുന്നു ഇൻസ്റ്റന്റ് ഫണ്ട്സിന്റെ ഓഫീസ്. ഏകദേശം നാല്പതോളം ജീവനക്കാർ അവിടെ ജോലി ചെയ്തിരുന്നതായും പോലീസ് പറഞ്ഞു.
നോയിഡ പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ, സ്ഥാപന നടത്തിപ്പുകാര്‍ ഫോണ്‍ ചെയ്യാന്‍ സിം ബോക്സുകളാണ് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തി. ഇവയ്ക്ക് ഒരേസമയം 30 സിം കാർഡുകൾ വരെ ഉപയോഗിക്കാൻ കഴിയും. സ്ഥാപനം നടത്തിയിരുന്നവരെ പോലീസ് അറസ്റ്റ് ചെയ്യുകയും സിം ബോക്സുകളും സിം കാർഡുകളും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
