തിരുവനന്തപുരം: പുതുതലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനായി കേരളത്തിൽ ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്സുകളും സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷ കേരളയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘പാഠം 1 പുതുയുഗ വിദ്യാലയം’ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് ചടങ്ങ് നടന്നത്.
ഗൃഹാതുരത്വം നിറഞ്ഞ തന്റെ ബാല്യകാല ഓർമകൾ പങ്കുവെച്ച മുഖ്യമന്ത്രി, കുട്ടികളുടെ വിദ്യാഭ്യാസത്തിനായി വലിയ സ്വപ്നങ്ങൾ കാണുന്ന കേരളത്തിലെ അമ്മമാരുടെ സംഭാവനകളെ പ്രത്യേകം അനുസ്മരിച്ചു. അധ്യാപകരും രക്ഷിതാക്കളും തമ്മിൽ സൗഹൃദപരമായ ബന്ധം വളർത്തിയെടുക്കണമെന്നും കുട്ടികളുടെ കഴിവുകൾ ചെറുപ്പത്തിൽ തന്നെ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കേണ്ടത് ഇരുവരുടെയും സംയുക്ത ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലണ്ടനിലെ ഒരു സ്കൂളിൽ വിദ്യാർഥിയുടെ ഗണിതശേഷി തിരിച്ചറിഞ്ഞ് രക്ഷിതാക്കളെ അറിയിച്ച അനുഭവം അദ്ദേഹം ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടി.
ശാസ്ത്രബോധം വളർത്താൻ ‘സെന്റേഴ്സ് ഓഫ് സയന്റിഫിക് ടെംപർ’
വിജ്ഞാന വിസ്ഫോടനത്തിന്റെയും നിർമിത ബുദ്ധിയുടെയും (AI) ഈ യുഗത്തിൽ അറിവ് സമ്പാദിക്കാനുള്ള ജിജ്ഞാസയും അന്വേഷണാത്മക മനോഭാവവുമാണ് ജീവിത വിജയത്തിന്റെ അടിത്തറയെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. സമൂഹത്തിൽ ശാസ്ത്രബോധവും യുക്തിചിന്തയും വളർത്തുന്നതിനായി ‘സെന്റേഴ്സ് ഓഫ് സയന്റിഫിക് ടെംപർ’ ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
കേരളത്തിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഗണ്യമായി ഉയർന്നതിലും അവർ ആഗോളതലത്തിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നതിലും അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. കുട്ടികളാണ് സമൂഹത്തിന്റെ ഏറ്റവും വലിയ നിക്ഷേപമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും സമൂഹവും അതീവ ജാഗ്രത പുലർത്തണമെന്നും ആഹ്വാനം ചെയ്തു. ചടങ്ങിൽ ഈ അധ്യയന വർഷത്തെ അക്കാദമിക് കലണ്ടർ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ മുഖ്യാതിഥിയായിരുന്നു. തിരുവനന്തപുരം മേയർ വി. വി. രാജേഷ് വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചെമ്പഴന്തി ഉദയൻ, വാർഡ് കൗൺസിലർ രേഷ്മ പി. തുടങ്ങിയവർ ആശംസകളർപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് സ്വാഗതവും പൊതുവിദ്യാഭ്യാസ ഡയറക്ടർ ആസിഫ് കെ. യൂസഫ് നന്ദിയും രേഖപ്പെടുത്തി.
വിദ്യാർഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികളോടെയാണ് പ്രവേശനോൽസവത്തിന് തുടക്കമായത്. ഒന്നാം ക്ലാസിൽ പുതുതായി ചേർന്ന കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി നേരിട്ട് ക്ലാസിലെത്തി മധുരം വിതരണം ചെയ്തത് പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി. എല്ലാ വിദ്യാർഥികൾക്കും നന്മ നിറഞ്ഞ പുതിയൊരു അധ്യയന വർഷം മുഖ്യമന്ത്രി ആശംസിച്ചു.
പിആര്ഡി, കേരള സര്ക്കാര്
