കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎൽ-എക്സലോജികിനെതിരെയുള്ള ഇഡി അന്വേഷണം നിർത്തണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി.
സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. വിഷയം ഇഡിയുടെ അധികാരപരിധിക്ക് പുറത്താണെന്ന് വാദിച്ച് സിഎംആർഎൽ സമർപ്പിച്ച അപ്പീലാണ് തള്ളിയത്. ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവച്ചു. എസ്എഫ്ഐഒ റിപ്പോർട്ട് അടിസ്ഥാനമാക്കി മാത്രം ഇഡിയ്ക്ക് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
സിഎംആർഎൽ-എക്സലോജിക് ഇടപാടിൽ ഇഡി അന്വേഷണം തുടരുന്നതിന് നിയമപരമായ തടസ്സമില്ലെന്ന് കോടതി പറഞ്ഞു. അപ്പീൽ ഫയൽ ചെയ്യുന്നതിനായി അന്വേഷണം രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്യണമെന്ന സിഎംആർഎല്ലിന്റെ അപേക്ഷയും കോടതി നിരസിച്ചു. സിവിൽ അന്വേഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്ന് കോടതി പറഞ്ഞു, ക്രിമിനൽ നടപടികൾക്ക് വിലക്കുണ്ടെന്നും കോടതി വ്യക്തമാക്കി. സ്വത്ത് കണ്ടുകെട്ടലും അതിനായി അന്വേഷണവും നടത്താം. കള്ളപ്പണ ഇടപാടിലേക്ക് നയിക്കുന്ന ഒരു കുറ്റകൃത്യം ഇതിന് ആവശ്യമില്ലെന്ന് കോടതി പ്രസ്താവിച്ചു.
