വൺ മില്യൻ തൂഫാൻ ഗോൾസ്: തലവടി സിഎംഎസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് ഫുട്ബാള്‍ സൗഹൃദ മത്സരം ജോർജ്ജിയൻ ഒളിമ്പ്യൻ സ്പോർട്ട്സ് സെന്ററിൽ 10ന്

എടത്വ: ലഹരിമുക്ത കേരളത്തിനായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ വൺ മില്യൻ തൂഫാൻ ഗോൾസ് വേൾഡ് കപ്പ് 2026 ന്റെ ഭാഗമായി രണ്ടാം ഘട്ടമായി തലവടി സിഎംഎസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ ഫുട്ബാള്‍ സൗഹൃദ മത്സരം ജൂലൈ 10 വെള്ളിയാഴ്ച വൈകിട്ട് 3ന് തകഴി ജോർജ്ജിയൻ ഒളിമ്പ്യൻ സ്പോട്ട്സ് സെന്ററിൽ സംഘടിപ്പിക്കും.

പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് റവ സോജി വർഗ്ഗീസ് ജോൺ അദ്ധ്യക്ഷത വഹിക്കും. ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യർ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഹെഡ്മാസ്റ്റർ റെജിൽ സാം മാത്യു, പൂർവ്വ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വാലയിൽ ഇടിക്കുള, ട്രഷറർ എബി മാത്യു ചോളകത്ത് എന്നിവർ അറിയിച്ചു. കൺവീനർ രമ്യ ബാബുവിന്റെ നേതൃത്വത്തില്‍ വിദ്യാർത്ഥികൾക്ക് അവശ്യമായ പരിശീലനം നല്‍കുന്നു.

പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ ബാഡ്മിന്റൺ കോർട്ട് നിർമ്മിച്ചു നല്‍കിയും കഴിഞ്ഞ വർഷം ബാഡ്മിന്റൺ പരിശീലന കളരി സംഘടിപ്പിച്ചിരുന്നതായി കൺവീനർ മാത്യൂസ് പ്രദീപ് ജോസഫ് പറഞ്ഞു. പഠനത്തോടൊപ്പം കായിക രംഗത്തും പരിശീലനവും നല്കുക എന്നതാണ് ലക്ഷ്യം. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിൽ വിവിധ ജില്ലകളിൽ നിന്നും വിദ്യാർത്ഥികൾ എത്തിയിരുന്നു.

Leave a Comment

More News