പ്രവാസി പെന്‍ഷന്‍ വിതരണം ഉടന്‍ പുനരാരംഭിക്കണം: പ്രവാസി വെൽഫയർ

ദോഹ: കേരള പ്രവാസി ക്ഷേമ ബോർഡിന്റെ പ്രവാസി പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് 2026 ഏപ്രിൽ മാസം മുതലുള്ള പെന്‍ഷന്‍ തുക വിതരണം മുടങ്ങിയത് ഗുരുതരമായ വീഴ്ചയാണെന്നും സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് കുടിശ്ശികയായ മുഴുവന്‍ തുകയും പെട്ടെന്ന് തന്നെ അര്‍ഹരുടെ കൈകളിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും പ്രവാസി വെൽഫയർ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.

പ്രവാസി പെൻഷൻ ആശ്രയിച്ച് ജീവിക്കുന്ന നിരവധി കുടുംബങ്ങൾക്ക് മാസങ്ങളായി പെൻഷൻ ലഭിക്കാത്തത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ജീവിതച്ചെലവുകൾ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഇത്തരത്തിലുള്ള കാലതാമസം അർഹരായ ഗുണഭോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള കാലതാമസം ഇനി ആവർത്തിക്കാതിരിക്കാനുള്ള സ്ഥിരമായ സംവിധാനം ഒരുക്കുകയും ചെയ്യണമെന്ന് പ്രവാസി വെൽഫയർ സംസ്ഥാന സർക്കാരിനോടും കേരള പ്രവാസി ക്ഷേമ ബോർഡിനോടും ആവശ്യപ്പെട്ടു.

അതോടൊപ്പം പെൻഷൻ വിതരണം വൈകുന്നതിന്റെ കാരണം പൊതുജനങ്ങളെ അറിയിക്കുകയും വിതരണം പുനരാരംഭിക്കുന്നതിനുള്ള വ്യക്തമായ സമയക്രമം പ്രഖ്യാപിക്കുകയും വേണം. പ്രവാസികളുടെ ക്ഷേമത്തിനായി രൂപീകരിച്ച പദ്ധതികളുടെ വിശ്വാസ്യത നിലനിർത്താൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും പ്രവാസി വെൽഫയർ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി ഷറഫുദ്ദീന്‍, വൈസ് പ്രസിഡണ്ട് അനീസ് മാള, സംസ്ഥാന കമ്മറ്റിയംഗം ഷംസു വായേരി, തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Comment

More News