ഐ ഓ സി – യൂറോപ്പിന്റെ ‘ഓർമ്മകളിൽ ഉമ്മൻ ചാണ്ടി’; ജനനായകന്റെ സ്മരണയിൽ വികാരാർദ്രമായി അനുസ്മരണ ചടങ്ങ് മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്തു

യൂറോപ്പ്: ജനസേവനത്തിന്റെയും ലാളിത്യത്തിന്റെയും കരുതലിന്റെയും മഹത്തായ മാതൃകയായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ഓർമ്മ ദിനത്തോടനുബന്ധിച്ച് ഐ ഓ സി – യൂറോപ്പ് സംഘടിപ്പിച്ച “ഓർമ്മകളിൽ ഉമ്മൻ ചാണ്ടി” എന്ന അനുസ്മരണ പരിപാടി വികാരാർദ്രമായി നടന്നു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ജർമ്മനി, യു കെ, അയർലണ്ട്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, പോളണ്ട്, മാൾട്ട എന്നീ രാജ്യങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓൺലൈൻ (ZOOM) അനുസ്മരണ ചടങ്ങിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖരും ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്ന നിരവധി പേരും പങ്കെടുത്തു.

ഞായറാഴ്ച സംഘടിപ്പിച്ച ചടങ്ങ് ബഹു. ഉന്നത വിദ്യാഭ്യാസകാര്യ മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെ പ്രശ്നങ്ങൾക്കായി ജീവിതം സമർപ്പിച്ച ഉമ്മൻ ചാണ്ടിയുടെ പ്രവർത്തനങ്ങൾ എന്നും ജനങ്ങൾക്ക് പ്രചോദനമായിരിക്കുമെന്ന് മന്ത്രി അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ പുത്രിയും സാമൂഹിക പ്രവർത്തകയുമായ ഡോ. മറിയ ഉമ്മൻ ചടങ്ങിൽ പങ്കെടുത്ത് പിതാവിന്റെ ജനസേവന പാരമ്പര്യവും ജനങ്ങളുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധവും അനുസ്മരിച്ചു.

ഐ ഓ സി – യൂറോപ്പ് വൈസ് ചെയർമാൻ സിറോഷ് ജോർജ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനറും ഐ ഓ സി ജർമ്മനി കേരള ചാപ്റ്റർ പ്രസിഡന്റുമായ സണ്ണി ജോസഫ് സ്വാഗതം ആശംസിച്ചു. പ്രോഗ്രാം കോർഡിനേറ്ററും ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ ജനറൽ സെക്രട്ടറിയുമായ റോമി കുര്യാക്കോസ് നന്ദി രേഖപ്പെടുത്തി.

ഐ ഓ സി വൈസ് ചെയർമാൻ ജോർജ് എബ്രഹാം, ഐ ഓ സി ഗ്ലോബൽ കോർഡിനേറ്റർ അനുരാ മത്തായി, ഐ ഓ സി സ്വിറ്റ്സർലൻഡ് പ്രസിഡന്റ് ജോയ് കൊച്ചാട്ട്, ഐ ഓ സി അയർലണ്ട് പ്രസിഡന്റ് ലിങ്ക്വിൻസ്റ്റർ മാത്യു, ഐ ഓ സി സ്വിറ്റ്സർലൻഡ് കേരള ചാപ്റ്റർ പ്രസിഡന്റ് ടോമി തോണ്ടംകുഴി, ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റുമാരായ സുജു കെ ഡാനിയേൽ, ഷൈനു ക്ലെയർ മാത്യൂസ്, ഐ ഓ സി അയർലണ്ട് കേരള ചാപ്റ്റർ പ്രസിഡന്റ് സാഞ്ചോ മുളവരിക്കൽ തുടങ്ങി ഐ ഓ സി നേതാക്കൻമാർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

ചടങ്ങിൽ പങ്കെടുത്തവർക്കിടയിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന പൊതുവികാരവും ശക്തമായി ഉയർന്നു. വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർഥ്യമാക്കുന്നതിൽ ഉമ്മൻ ചാണ്ടി നൽകിയ ദീർഘവീക്ഷണപരമായ നേതൃത്വവും നിർണായക ഇടപെടലുകളും പരിഗണിച്ച്, അദ്ദേഹത്തിന്റെ സംഭാവനയ്ക്ക് അർഹമായ ആദരസൂചകമായി തുറമുഖത്തിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന് വിവിധ വക്താക്കൾ അഭിപ്രായപ്പെട്ടു.

ജനങ്ങളോടൊപ്പം നിന്ന്, അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി, രാഷ്ട്രീയത്തിന് മാനുഷിക മുഖം നൽകിയ അപൂർവ ജനനായകന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ടാണ് ഐ ഓ സി – യൂറോപ്പിന്റെ മൂന്നാമത് ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടി സമാപിച്ചത്.

Leave a Comment

More News