വേദികളിൽ ശബ്ദവിസ്മയം തീർക്കുന്ന മാന്ത്രികൻ ‘അനിയന്‍ ഡാളസ്’

ഡാളസ്: ​കഴിഞ്ഞ കാൽ നൂറ്റാണ്ടായി ആഗോള ഓഡിയോ പ്രൊഡക്ഷൻ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ ശബ്ദ സംവിധായകനാണ് ‘അനിയൻ ഡാളസ്’. വിഷ്വൽ മീഡിയയുടെ അതിപ്രസരമുള്ള ഇക്കാലത്തും, കേവലം ശബ്ദസാങ്കേതികവിദ്യയുടെ മാത്രം കരുത്തിൽ ലോകമെമ്പാടുമുള്ള വൻകിട വേദികളെ കീഴടക്കാൻ അദ്ദേഹത്തിന്റെ മാന്ത്രിക കൈവിരലുകൾക്ക് കഴിഞ്ഞിട്ടുണ്ട്. ഡാളസ് കേന്ദ്രമായി സ്വന്തം ഓഡിയോ പ്രൊഡക്ഷൻ കമ്പനി വിജയകരമായി നടത്തുന്ന അദ്ദേഹം ഇന്ന് ഈ രംഗത്തെ ഒരു ആഗോള ബ്രാൻഡ് തന്നെയാണ്.

​അമേരിക്ക, കാനഡ, സൗത്ത് അമേരിക്ക, യു കെ , ഇന്ത്യ തുടങ്ങി ലോകത്തിന്റെ വിവിധ കോണുകളിൽ അനിയൻ ഡാളസിന്റെ ശബ്ദവിന്യാസം എത്തിച്ചേർന്നിട്ടുണ്ട്. ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്നതും ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതുമായ വൻകിട കൺവെൻഷനുകൾക്ക് സാങ്കേതിക തികവോടെ ശബ്ദഗാംഭീര്യമേകുക എന്നത് അദ്ദേഹത്തിന്റെ സവിശേഷതയാണ്. അമേരിക്കയിലെ പ്രമുഖ നഗരങ്ങളിൽ നടക്കുന്ന കൺവെൻഷനുകളിലും അനിയൻ ഡാളസിന്റെ അത്യാധുനിക സൗണ്ട് സിസ്റ്റമാണ് ഉപയോഗിച്ചുവരുന്നത്.

ഹോളിവുഡ്, മോളിവുഡ് തുടങ്ങി ഇന്ത്യൻ സിനിമാ-സാംസ്കാരിക ലോകത്തെ പ്രമുഖ താരങ്ങളും പ്രഗത്ഭരും അണിനിരന്ന അനവധി മെഗാ പ്രോഗ്രാമുകൾക്ക് പിന്നിൽ പ്രവർത്തിച്ച അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. പ്രൊഫഷണലുകൾക്കിടയിൽ ഏറെ ആദരിക്കപ്പെടുന്ന അനിയൻ, ശബ്ദസംവിധാന രംഗത്തെ തന്റെ ആഴത്തിലുള്ള അറിവും കഠിനാധ്വാനവും കൊണ്ടാണ് ഈ ഉയരങ്ങൾ കീഴടക്കിയത്.

​ഈ വിജയയാത്രയിലും തന്റെ വേരുകളെയും തന്നെ വഴിനടത്തിയ ഗുരുക്കന്മാരെയും അദ്ദേഹം ഭക്ത്യാദരപൂർവ്വം സ്മരിക്കുന്നു. ഓഡിയോ രംഗത്തെ പ്രഗത്ഭരായ ഫ്രാൻസി പാപ്പൻ, ടെന്നിസൺ എന്നിവരെ തന്റെ ഗുരുതുല്യരായി നെഞ്ചേറ്റുന്ന അനിയൻ ഡാളസ്, പ്രൊഫഷണലിസത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത വ്യക്തിത്വമാണ്. ശബ്ദകലയോടുള്ള അദമ്യമായ അഭിനിവേശവുമായി മുന്നേറുന്ന അനിയൻ ഡാളസിന്റെ 25 വർഷത്തെ ഈ സേവനം പ്രവാസി മലയാളി സമൂഹത്തിന് ഒന്നടങ്കം വലിയ അഭിമാനമാണ്.

Leave a Comment

More News