ഡാളസ് (ടെക്സസ്): വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ല്യു.എം.സി) 15-ാമത് ആഗോള സമ്മേളനത്തിനും 30-ാം വാർഷിക ആഘോഷങ്ങൾക്കും ഡാളസ് വിൻധാം എയർപോർട്ട് ഹോട്ടലിൽ ആവേശം വാനോളമുയർത്തി രണ്ടാം ദിനത്തിലെയും മൂന്നാം ദിനത്തിലെയും (ഓഗസ്റ്റ് 22, 23) പരിപാടികൾ പൂർത്തിയായി.
ലോകമെമ്പാടുമുള്ള പ്രവാസി പ്രതിനിധികൾ പങ്കെടുത്ത ഔദ്യോഗിക ചർച്ചകൾക്കും പ്രൗഢഗംഭീരമായ പൊതുസമ്മേളനങ്ങൾക്കും വർണ്ണാഭമായ കലാസന്ധ്യകൾക്കുമാണ് ഇരുദിവസങ്ങളിലും ഡാളസ് സാക്ഷ്യം വഹിച്ചത്. വെള്ളിയാഴ്ച കോട്ടയം എം.പി അഡ്വ. ഫ്രാൻസിസ് ജോർജ്ജ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തതും, ഗ്ലോബൽ നേതാക്കൾ ചേർന്ന് കൗൺസിൽ പതാക ഉയർത്തി വിളംബര റാലി നടത്തിയതുമായ ഉജ്ജ്വല തുടർച്ചയ്ക്ക് പിന്നാലെയാണ് തുടർന്നുള്ള ദിനങ്ങളിലും പ്രൗഢമായ പരിപാടികൾ അരങ്ങേറിയത്. നാലു ദിവസം നീണ്ടുനിന്ന ഈ ആഗോള മലയാളി സംഗമത്തിന് ഓഗസ്റ്റ് 24 തിങ്കളാഴ്ച തിരശീല വീഴും.
ആവേശമായി ഗ്ലോബൽ കാബിനറ്റ്-എക്സിക്യൂട്ടീവ് യോഗങ്ങളും പൊതുസമ്മേളനവും
ശനിയാഴ്ച രാവിലെ റീജൻസി ഹാളിൽ നടന്ന ഗ്ലോബൽ കാബിനറ്റ്, ഗ്ലോബൽ എക്സിക്യൂട്ടീവ് യോഗങ്ങളോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. മൗനപ്രാർത്ഥനയ്ക്ക് ശേഷം ഗ്ലോബൽ ജനറൽ സെക്രട്ടറി ക്രിസ്റ്റഫർ വർഗീസ് സ്വാഗതം ആശംസിച്ചു. ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി പ്രസിഡൻഷ്യൽ അഡ്രസ്സും, ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള മുഖ്യപ്രഭാഷണവും നടത്തി. ഗ്ലോബൽ ട്രഷറർ നന്ദി പറഞ്ഞു. ഉച്ചകഴിഞ്ഞ് നടന്ന വിമൻസ് ഫോറം മീറ്റിംഗ് മുഖ്യാതിഥി ഡോ. ലിസി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു.
വൈകുന്നേരം 6:00 മണിക്ക് ആരംഭിച്ച പ്രൗഢഗംഭീരമായ പൊതുസമ്മേളനം ഡബ്ല്യു.എം.സി അമേരിക്ക റീജിയൺ സെക്രട്ടറി അനീഷ് ജെയിംസിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു. ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഇർവിങ് സിറ്റി മേയർ അൽ സാപന്റ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. യോഗത്തിൽ എം.പി ഫ്രാൻസിസ് ജോർജ്ജ് മുഖ്യാതിഥിയായിരുന്നു.
സണ്ണി വെയ്ൽ സിറ്റി മേയർ സജി ജോർജ്ജ്, കോപ്പൽ സിറ്റി മേയർ പ്രോ ടെം ബിജു മാത്യു, സണ്ണി വെയ്ൽ സിറ്റി കൗൺസിൽ മെമ്പർ മനു ഡാനി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ബിസിനസ് രംഗത്തെ മികവിന് മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി. അഹമ്മദിനുള്ള ‘ഡബ്ല്യു.എം.സി ബിസിനസ് ഐക്കൺ അവാർഡ്’ അദ്ദേഹത്തിന് വേണ്ടി ജോസഫ് ഈപ്പൻ, എം.പി ഫ്രാൻസിസ് ജോർജ്ജിൽ നിന്ന് ഏറ്റുവാങ്ങി. കൂടാതെ, ഡബ്ല്യു.എം.സി സ്ഥാപക നേതാക്കളായ ആൻഡ്രൂ പപ്പച്ചൻ, ജോർജ്ജ് ആൻഡ്രൂസ്, വർഗീസ്, ഗോപാലപിള്ള എന്നിവരെ ചടങ്ങിൽ ആദരിച്ചു.
തുടർന്ന് ചലച്ചിത്ര നിർമ്മാതാവും മ്യൂസിക് ഡയറക്ടറുമായ ഡോ. ലിസി ഫെർണാണ്ടസ്, മർഫി സിറ്റി കൗൺസിൽ മെമ്പർ എലിസബത്ത് എബ്രഹാം, ഷീമ ശ്രീധരൻ, യൂറോപ്പ് റീജിയൺ പ്രസിഡന്റ് മേഴ്‌സി തടത്തിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഡബ്ല്യു.എം.സി ഗ്ലോബൽ കോൺഫറൻസ് കോ-കൺവീനർ നൈനാൻ മത്തായി നന്ദി രേഖപ്പെടുത്തി.
കൃഷ്ണകിരണിന്റെ സോളോ ഡാൻസ്, സീതൾ, സീബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ഡാൻസ്, ശങ്കർ (യു.എ.ക്യു പ്രൊവിൻസ്) അവതരിപ്പിച്ച ഗാനം, ഫാഷൻ ഷോ, ഡോ. ജെറോ വർഗീസിന്റെ ഗാനം, ടീം നാട്യയുടെ വുമൺ എംപവർമെന്റ് ഡാൻസ്, കരോക്കെ നൈറ്റ് എന്നിവ സദസ്സിനെ ആവേശത്തിലാക്കി. സണ്ണി വെയ്ൽ മേയർ സജി ജോർജ്ജ് ഫാഷൻ ഷോയുടെ സമ്മാനദാനം നിർവ്വഹിച്ചു.
സ്ഥാനാരോഹണവും വാലിഡക്ടറി സമ്മേളനവും
മൂന്നാം ദിനമായ ഞായറാഴ്ച വൈകുന്നേരം അന്ന മേരി അഗസ്റ്റിന്റെ പ്രാർത്ഥനാ ഗാനത്തോടെ വാലിഡക്ടറി സമ്മേളനത്തിന് തുടക്കമായി. ഏലീഷ ഷാജിൻ അമേരിക്കൻ ദേശീയ ഗാനവും, ആൻസി തലച്ചല്ലൂർ, സ്മിത സോണി എന്നിവർ ചേര്‍ന്ന് ഭാരതീയ ദേശീയ ഗാനവും ആലപിച്ചു. ഗ്ലോബൽ ജനറൽ സെക്രട്ടറി ക്രിസ്റ്റഫർ വർഗീസ് സ്വാഗതം പറഞ്ഞു. ഇന്ത്യൻ കോണ്‍സുല്‍ ജനറല്‍ ഡി.സി. മഞ്ജുനാഥ് വീഡിയോ സന്ദേശത്തിലൂടെ ആശംസ കൈമാറി. ഡബ്ല്യു.എം.സി ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള അധ്യക്ഷ പ്രസംഗവും, ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി പ്രസിഡൻഷ്യൽ അഡ്രസ്സും നടത്തി.
ടെക്സസ് സ്റ്റേറ്റ് റെപ്രസെന്റേറ്റീവ് ഓണറബിൾ ആഞ്ചി ചെൻ ദീപം തെളിയിച്ച് വാലിഡക്ടറി സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വരാനിരിക്കുന്ന പുതിയ ഗ്ലോബൽ പ്രസിഡന്റ് ജോളി തടത്തിലിനെയും വേദിയിലേക്ക് ക്ഷണിച്ചു. മംഗള്യം വീഡിയോ പ്രദർശനവും ഫിലാഡൽഫിയ പ്രൊവിൻസിനുള്ള ആദരവും വിതരണവും നടന്നു.
ചലച്ചിത്ര താരം ദിവ്യ ഉണ്ണി പ്രധാന അതിഥിയായി പങ്കെടുത്തു. ‘എൻകോൺസ് ഐ.ടി സർവീസസ്’ ഫൗണ്ടറും സി.ഇ.ഒയുമായ മോബി കെ. ബാബുവിന് ഡബ്ല്യു.എം.സി ഗ്ലോബൽ ബിസിനസ് എക്സലൻസ് അവാർഡ് ദിവ്യ ഉണ്ണി സമ്മാനിച്ചു. മോബി കെ. ബാബു മറുപടി പ്രസംഗവും, തുടർന്ന് എം.പി ഫ്രാൻസിസ് ജോർജ്ജ് മുഖ്യപ്രഭാഷണവും നടത്തി.
സഹ-സ്പോൺസറായ SPJ അഡ്ജസ്റ്റിംഗ് മാനേജിംഗ് ഡയറക്ടർ ശരത് പി. ജെറോമിനുള്ള ഉപഹാരവും, ഗ്ലോബൽ കോൺഫറൻസ് ജനറൽ കൺവീനർ ജോൺസൺ തലച്ചല്ലൂരിനുള്ള ഉപഹാരവും ദിവ്യ ഉണ്ണി കൈമാറി.
യു.എസ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ റവ. ഫാ. അലക്സാണ്ടർ ജെ. കുര്യൻ, ഡബ്ല്യു.എം.സി അമേരിക്ക റീജിയൺ ചെയർമാൻ ജോണി കുന്നംപുറം, യൂറോപ്പ് റീജിയൺ ചെയർമാൻ ജോളി എം. പടയാറ്റിൽ, വൈസ് പ്രസിഡന്റ് ഡോ. പി. ബി. ബോസ്, ഗ്ലോബൽ വൈസ് ചെയർപേഴ്സൺ ഗ്രിഗറി മേടയിൽ, യൂറോപ്പ് റീജിയൺ പ്രസിഡന്റ് മേഴ്‌സി തടത്തിൽ, കോ-കൺവീനർ ബാബു തങ്ങളത്തിൽ, രജിസ്ട്രേഷൻ കോർഡിനേറ്റർ സോണി കണ്ണോത്തുതറ എന്നിവരും ആശംസകൾ നേർന്നു.
2026–2028 വർഷത്തേക്കുള്ള പുതിയ ഗ്ലോബൽ ഭാരവാഹികളുടെ പ്രഖ്യാപനം ഗ്ലോബൽ എൻ.ഇ.സി ഫിലിപ്പ് തോമസ് നിർവ്വഹിച്ചു. തുടർന്ന് ആൻഡ്രൂ പാപ്പച്ചന്റെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സത്യപ്രതിജ്ഞാ ചടങ്ങും നടന്നു. പുതിയ ചെയർമാനും പ്രസിഡന്റും സ്വീകരണ പ്രസംഗം നടത്തി. അസോസിയേറ്റ് ട്രഷറർ സ്മിത സോണി നന്ദി രേഖപ്പെടുത്തി.
മനംകവർന്ന് സാംസ്കാരിക സന്ധ്യയും ദിവ്യ ഉണ്ണിയുടെ നൃത്തവും
സമ്മേളന നടപടികൾക്ക് ശേഷം അരങ്ങേറിയ സാംസ്കാരിക സന്ധ്യയ്ക്ക് മാറ്റുകൂട്ടി പ്രശസ്ത നടി ദിവ്യ ഉണ്ണിയും സംഘവും അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസും, ദിവ്യ ഉണ്ണിയുടെ സോളോ ഡാൻസും സദസ്സിന്റെ മനം കവർന്നു. തുടർന്ന് ആൻസി തലച്ചല്ലൂർ, ശങ്കർ, ഡോ. ജെറോ വർഗീസ്, അമ്പിളി ലിസ ടോം, റാണി റോബിൻ എന്നിവർ ചേർന്ന് അവതരിപ്പിച്ച ഓണപ്പാട്ടും, ബിജു മാത്യു, ഡോ. ജെറോ വർഗീസ്, ശങ്കർ എന്നിവരുടെ ഗാനമേളയും സമാപന സന്ധ്യയെ അവിസ്മരണീയമാക്കി.
നാലു ദിവസം നീണ്ടുനിന്ന വേൾഡ് മലയാളി കൗൺസിൽ ആഗോള സംഗമത്തിന് ഓഗസ്റ്റ് 24 തിങ്കളാഴ്ച രാവിലെ നടക്കുന്ന സമാപന സമ്മേളനങ്ങളോടെ തിരശീല വീഴും

