കേരളം വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും സാമൂഹിക പുരോഗതിയിലും ഏറെ മുന്നിലാണ്. എന്നാൽ ഈ പുരോഗതിക്കിടയിലും ഗൗരവത്തോടെ കാണേണ്ട ഒരു പ്രശ്നമാണ് വയോജനങ്ങളുടെ ഏകാന്തത. മക്കളും കൊച്ചുമക്കളും അടുത്തുണ്ടായിട്ടും സംസാരിക്കാൻ ആളില്ലാതെ വിഷമിക്കുന്ന നിരവധി വയോധികരുണ്ട്. പ്രായം കൂടുമ്പോൾ ശാരീരികമായ അവശതകൾക്കൊപ്പം മാനസികമായ പിന്തുണയും സ്നേഹവും പരിഗണനയും അവർക്ക് ആവശ്യമാണ്. വീടിനുള്ളിൽ സുരക്ഷിതരായി കഴിയുന്നതുകൊണ്ടു മാത്രം അവരുടെ ഏകാന്തത ഇല്ലാതാകുന്നില്ല; അവരെ കേൾക്കാനും മനസ്സിലാക്കാനും സ്നേഹത്തോടെ ചേർത്തുനിർത്താനും ആളുകൾ വേണം.
നമ്മെ വളർത്തി വലുതാക്കാനും നല്ല ജീവിതം നൽകാനും മാതാപിതാക്കളും മുതിർന്നവരും സഹിച്ച ത്യാഗങ്ങൾ മറക്കാനാവില്ല. അച്ഛനെയും അച്ഛമ്മയെയും അമ്മൂമ്മയെയും ഏറെ സ്നേഹിക്കുകയും അവർ നൽകിയ കരുതലും സ്നേഹവും ഹൃദയത്തിൽ സൂക്ഷിക്കുകയും ചെയ്യുന്ന ഓർമ്മകൾ ജീവിതത്തിൽ വലിയ സ്ഥാനമാണ് വഹിക്കുന്നത്. മാതാപിതാക്കളും അതേ സ്നേഹത്തോടെയും കരുതലോടെയുമാണ് മക്കളെ വളർത്തുന്നത്. മുതിർന്നവരുടെ സ്നേഹവും കരുതലും അനുഭവിച്ചവർക്ക് അവരുടെ ജീവിതസായാഹ്നത്തിൽ അവർക്കൊപ്പം നിൽക്കേണ്ടതിന്റെ പ്രാധാന്യം നന്നായി മനസ്സിലാക്കാൻ കഴിയും. ഓരോ കുടുംബത്തിലും ഇത്തരം ഓർമ്മകൾ ഉണ്ടാകാം. അവ വെറും പഴയകാല സ്മരണകളായി ഒതുങ്ങാതെ ഇന്നത്തെ നമ്മുടെ പെരുമാറ്റത്തിലും പ്രതിഫലിക്കണം.
വയോധികർക്ക് ഭക്ഷണവും മരുന്നും താമസ സൗകര്യവും നൽകുന്നതുകൊണ്ടു മാത്രം നമ്മുടെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല. അവർക്കാവശ്യമായ സഹായങ്ങൾ ചെയ്യുക, ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുക, കഴിയുന്നത്ര അവരുടെ ആവശ്യങ്ങൾ നിറവേറ്റുക, അവരോടൊപ്പം സമയം ചെലവഴിക്കുക എന്നിവയും പ്രധാനമാണ്. എല്ലാ ആഗ്രഹങ്ങളും നിറവേറ്റാൻ കഴിഞ്ഞെന്നുവരില്ലെങ്കിലും നമ്മുടെ കഴിവിനും സാഹചര്യത്തിനും അനുസരിച്ച് അവരെ സഹായിക്കാനും സന്തോഷിപ്പിക്കാനും ശ്രമിക്കാം. ഒരു ഫോൺവിളി, സ്നേഹത്തോടെയുള്ള ഒരു ചോദ്യം, ഒരുമിച്ചിരുന്നുള്ള ഭക്ഷണം, അവരുടെ അനുഭവങ്ങൾ ക്ഷമയോടെ കേൾക്കൽ എന്നിവ പോലും വലിയ ആശ്വാസം നൽകും. തിരക്കേറിയ ജീവിതത്തിനിടയിലും അവർക്കായി കുറച്ചുസമയം മാറ്റിവെക്കാൻ നമുക്ക് കഴിയണം.
വയോജനങ്ങളുടെ ഏകാന്തത കുറയ്ക്കുന്നതിൽ കുടുംബാംഗങ്ങൾക്കൊപ്പം അയൽക്കാരും നാട്ടുകാരും റസിഡന്റ്സ് അസോസിയേഷനുകളും സന്നദ്ധസംഘടനകളും പ്രധാന പങ്കുവഹിക്കാനാകും. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികരെ ഇടയ്ക്കിടെ സന്ദർശിക്കുകയും അവരുടെ ക്ഷേമം അന്വേഷിക്കുകയും അടിയന്തരസാഹചര്യങ്ങളിൽ സഹായിക്കുകയും വേണം. വയോധികർക്ക് ഒത്തുചേരാനും അനുഭവങ്ങൾ പങ്കുവെക്കാനും കഴിയുന്ന കൂട്ടായ്മകളും വായനാപരിപാടികളും വിനോദപ്രവർത്തനങ്ങളും അവരുടെ മാനസികാരോഗ്യത്തിന് സഹായകരമാകും. ആരും തനിച്ചല്ലെന്നും സമൂഹം തങ്ങളോടൊപ്പമുണ്ടെന്നും അവർക്ക് അനുഭവപ്പെടണം. വയോധികരെ അവഗണിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അധികാരികളുടെ സഹായം തേടാനും സമൂഹം തയ്യാറാകണം.
വയോജനങ്ങളുടെ സംരക്ഷണത്തിനായി കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിലൂടെയും വയോജനക്ഷേമ സംവിധാനങ്ങളിലൂടെയും വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. വയോമിത്രം, വയോരക്ഷ തുടങ്ങിയ പദ്ധതികൾ വയോധികർക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിൽ പ്രാധാന്യമർഹിക്കുന്നു. എന്നാൽ പദ്ധതികൾ പ്രഖ്യാപിക്കുന്നതുകൊണ്ടു മാത്രം ലക്ഷ്യം കൈവരിക്കാനാവില്ല. അർഹരായവരിലേക്ക് സഹായം സമയബന്ധിതമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുകയും വേണം. സഹായം ആവശ്യമുള്ളവർക്ക് പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യപ്രവർത്തകരും സാമൂഹികസംഘടനകളും ഈ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടണം. സർക്കാർ സംവിധാനങ്ങളുടെ പിന്തുണയോടൊപ്പം കുടുംബങ്ങളുടെയും സമൂഹത്തിന്റെയും സ്നേഹപൂർവമായ ഇടപെടലും അനിവാര്യമാണ്.
നമ്മെ കൈപിടിച്ചുനടത്തിയവർക്ക് വാർധക്യത്തിൽ താങ്ങാകുക എന്നത് നമ്മുടെ കടമയാണ്. കുടുംബാംഗങ്ങൾ മുതിർന്നവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുകയും അയൽക്കാരും നാട്ടുകാരും ഒറ്റയ്ക്ക് കഴിയുന്ന വയോധികരെ അന്വേഷിക്കുകയും അർഹരായവർക്ക് സർക്കാർ സഹായം ലഭിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട അധികാരികൾ ഉറപ്പാക്കുകയും വേണം. ഒരു സ്നേഹവാക്കും ചെറിയൊരു സഹായവും പോലും അവരുടെ ഏകാന്തത കുറയ്ക്കും. വയോധികരെ എങ്ങനെ പരിഗണിക്കുന്നു എന്നതിലാണ് ഒരു സമൂഹത്തിന്റെ മനുഷ്യത്വം പ്രതിഫലിക്കുന്നത്. നമ്മെ വളർത്തിയവരെ വാർധക്യത്തിൽ അവഗണിക്കുന്ന പുരോഗതിക്ക് യഥാർഥ മൂല്യമില്ല. അവരുടെ ജീവിതസായാഹ്നം ഏകാന്തതയുടേതല്ല, സ്നേഹത്തിന്റെയും സുരക്ഷിതത്വത്തിന്റെയും കാലമാക്കാൻ നമുക്കോരോരുത്തർക്കും ഉത്തരവാദിത്വമുണ്ട്. വയോജന ദിനം ആചരിക്കുന്നത് നല്ലത് തന്നെയാണ് പക്ഷേ അത് ഒരു ദിവസം മാത്രം ആകരുത് വർഷം മുഴുവനും അവരോടൊപ്പം നമുക്ക് നിൽക്കുവാൻ സാധിക്കണം.
വി രാജേഷ് മോഹൻ റാവു
ധർമ്മടം, തലശ്ശേരി
