പി.പി. ദിവ്യയുടെ ഫെയ്സ്ബുക്ക് കുറിപ്പ് രാഷ്ട്രീയ ചർച്ചയാകുന്നു; നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി, പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് പി.കെ. കൃഷ്ണദാസ്

കണ്ണൂർ: സിപിഎം നേതൃത്വവുമായി അകൽച്ചയിലാണെന്ന അഭ്യൂഹങ്ങൾക്ക് ശക്തിപകരുന്ന ഫെയ്സ്ബുക്ക് കുറിപ്പുമായി മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ രംഗത്തെത്തിയതിന് പിന്നാലെ പ്രതികരണവുമായി ബിജെപി. ദിവ്യ തന്റെ രാഷ്ട്രീയ നിലപാട് പരസ്യമായി വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ നേതാവ് പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. ബിജെപിയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ’ എന്ന പരാമർശത്തിലൂടെയായിരുന്നു കൃഷ്ണദാസിന്റെ പ്രതികരണം.

ജീവിതത്തിൽ ഒരിക്കൽ ശരിയെന്നു തോന്നിയ കാര്യങ്ങൾ എല്ലാക്കാലത്തും ശരിയായിരിക്കണമെന്നില്ലെന്നും മുന്നോട്ടുള്ള യാത്രയിൽ ചില ബന്ധങ്ങളും സാഹചര്യങ്ങളും ഉപേക്ഷിക്കേണ്ടിവരുമെന്നുമുള്ള സന്ദേശമാണ് ദിവ്യയുടെ പുതിയ ഫെയ്സ്ബുക്ക് കുറിപ്പിലുള്ളത്. ബുദ്ധൻ ശിഷ്യന്മാരോട് പറഞ്ഞതായി വിവരിക്കുന്ന ചങ്ങാടത്തിന്റെ കഥയിലൂടെയാണ് ദിവ്യ തന്റെ ചിന്തകൾ പങ്കുവച്ചിരിക്കുന്നത്.

ഒരു നദി കടക്കാൻ സഹായിച്ച ചങ്ങാടത്തെ ജീവിതകാലം മുഴുവൻ ചുമന്നുനടക്കേണ്ടതില്ലെന്നും അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ലെന്നും ദിവ്യ കുറിച്ചു. ഒരുകാലത്ത് തുണയായിരുന്ന ബന്ധങ്ങളും ശീലങ്ങളും പിന്നീട് മുന്നോട്ടുള്ള യാത്രയ്ക്ക് തടസ്സമായേക്കാം. ചില വേർപിരിയലുകൾ നഷ്ടങ്ങളല്ലെന്നും പുതിയ വഴികളിലേക്കുള്ള തുടക്കമായിരിക്കാമെന്നും കുറിപ്പിൽ പറയുന്നു.

ദിവ്യയുടെ വാക്കുകൾ സിപിഎമ്മുമായുള്ള ബന്ധത്തിൽ നിലനിൽക്കുന്ന അതൃപ്തിയുടെ സൂചനയാണെന്ന തരത്തിലാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചകൾ ഉയരുന്നത്. പാർട്ടിക്കുള്ളിൽ നേരിടേണ്ടിവന്ന സാഹചര്യങ്ങളോടുള്ള പരോക്ഷ പ്രതികരണമായും കുറിപ്പ് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. എന്നാൽ, ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പാർട്ടി നേതൃത്വത്തെയാണോ മറ്റേതെങ്കിലും വ്യക്തികളെയോ സാഹചര്യങ്ങളെയോ ഉദ്ദേശിച്ചതെന്ന് ദിവ്യ വ്യക്തമാക്കിയിട്ടില്ല.

ഇതിനിടെയാണ് ദിവ്യയുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവുമായി പി.കെ. കൃഷ്ണദാസ് രംഗത്തെത്തിയത്. ബിജെപിയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന അദ്ദേഹത്തിന്റെ പരാമർശം പുതിയ രാഷ്ട്രീയ ചർച്ചകൾക്കും വഴിതുറന്നു. എന്നാൽ, ബിജെപിയിൽ ചേരുന്നതിനെക്കുറിച്ചോ സിപിഎം വിടുന്നതിനെക്കുറിച്ചോ ദിവ്യ ഇതുവരെ പരസ്യമായി നിലപാട് അറിയിച്ചിട്ടില്ല.

എഡിഎം കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിനെത്തുടർന്നാണ് പി.പി. ദിവ്യ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങളുടെ കേന്ദ്രമായത്. 2024 ഒക്ടോബർ 15ന് പുലർച്ചെയാണ് നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ഔദ്യോഗിക ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് തൊട്ടുമുമ്പ് നടന്ന യാത്രയയപ്പ് ചടങ്ങിൽ അന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ദിവ്യ ക്ഷണിക്കപ്പെടാതെ എത്തി നടത്തിയ പരാമർശങ്ങൾ വലിയ വിവാദമായിരുന്നു.

യാത്രയയപ്പ് ചടങ്ങിലെ പരസ്യമായ വിമർശനങ്ങളും ആരോപണങ്ങളും നവീൻ ബാബുവിനെ മാനസികമായി തളർത്തിയെന്നും ആത്മഹത്യയിലേക്ക് നയിച്ചെന്നുമാണ് കേസിലെ ആരോപണം. സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ദിവ്യയെ ഏക പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

നവീൻ ബാബുവിന്റെ മരണം കേരളത്തിൽ വലിയ രാഷ്ട്രീയ പ്രതിഷേധങ്ങൾക്കും പൊതുചർച്ചകൾക്കും കാരണമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം നേരിട്ട ദുരന്തവും അന്ത്യകർമങ്ങൾക്കിടെ മകളുടെ ദുഃഖഭരിതമായ ദൃശ്യങ്ങളും കേരളത്തിന്റെ മനസ്സിൽ നൊമ്പരമായി അവശേഷിച്ചു. സംഭവത്തെത്തുടർന്ന് ദിവ്യയുടെ രാഷ്ട്രീയഭാവിയും പാർട്ടിയുടെ നിലപാടുകളും വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട നിയമനടപടികളും രാഷ്ട്രീയ വിവാദങ്ങളും തുടരുന്നതിനിടെയാണ് ദിവ്യയുടെ പുതിയ ഫെയ്സ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടുന്നത്. ജീവിതത്തിൽ ചിലതിനെ സ്നേഹത്തോടെ യാത്രയാക്കേണ്ടിവരുമെന്ന പരാമർശം രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

അതേസമയം, തന്റെ കുറിപ്പ് വെറും സാങ്കൽപ്പിക കഥകളല്ലെന്നും ജീവിതയാത്രയിൽ കണ്ടുമുട്ടിയ മനുഷ്യരും അനുഭവിച്ച സാഹചര്യങ്ങളും മനസ്സിൽ അവശേഷിപ്പിച്ച ചിന്തകളും ചോദ്യങ്ങളുമാണെന്നും ദിവ്യ വ്യക്തമാക്കുന്നുണ്ട്. ചില കഥകളിൽ പരിചിതമായ മുഖങ്ങൾ തെളിഞ്ഞേക്കാമെന്നും ചില അനുഭവങ്ങളിൽ വായനക്കാർക്ക് സ്വന്തം ജീവിതത്തിന്റെ നിഴലുകൾ കണ്ടെത്താനാകുമെന്നും അവർ പറയുന്നു.

നീതി വൈകിയാലും സത്യത്തിന്റെ ശബ്ദം ഒരിക്കലും മങ്ങില്ലെന്ന ഇംഗ്ലീഷ് വാചകത്തോടെയാണ് ദിവ്യ കുറിപ്പ് അവസാനിപ്പിക്കുന്നത്. സത്യം പറയാനുള്ള ധൈര്യത്തോടെയും നീതി തിരിച്ചറിയാനുള്ള വിവേകത്തോടെയും തന്റെ യാത്ര തുടരുമെന്നും അവർ വ്യക്തമാക്കുന്നു.

പി.പി. ദിവ്യയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഓരോ ജീവിതത്തിനും പറയാൻ ഒരു കഥയുണ്ട്… ഓരോ കഥയിലും തിരിച്ചറിയാൻ ഒരു സത്യവും.

ജീവിതത്തിന്റെ ഏതോ വഴിത്തിരിവിൽ കണ്ടുമുട്ടിയ മനുഷ്യർ… കടന്നുപോയ സാഹചര്യങ്ങൾ… ഹൃദയത്തിൽ മായാതെ കിടക്കുന്ന ചില ഓർമകൾ… കാലം മായ്ച്ചുകളയാത്ത ചില മുറിവുകൾ… ഇതെല്ലാം മനസ്സിൽ അവശേഷിപ്പിച്ച ചിന്തകളുണ്ട്.

ചില അനുഭവങ്ങൾ ചിരിയുടെ പൂക്കാലം സമ്മാനിച്ചു. ചിലത് കണ്ണീരിന്റെ നനവുള്ള ഓർമകളായി മാറി. മറ്റു ചിലത് മനുഷ്യരെ തിരിച്ചറിയാനും ബന്ധങ്ങളുടെ ആഴം അളക്കാനും സത്യത്തിന്റെയും നീതിയുടെയും വില മനസ്സിലാക്കാനും പഠിപ്പിച്ചു.

അങ്ങനെയിരിക്കെ, അടുത്തിടെ വായിച്ച ഒരു കഥ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. ബുദ്ധൻ തന്റെ ശിഷ്യന്മാരോടു പറഞ്ഞതായി കേട്ടിട്ടുള്ള ഒരു കഥ…

ഒരു മനുഷ്യൻ യാത്രയ്ക്കിടയിൽ ആഴമേറിയ ഒരു നദിക്കരയിലെത്തി. മറുകരയിലെത്താൻ പാലമില്ല, വള്ളമില്ല, സഹായിക്കാൻ ആരുമില്ല. ഒടുവിൽ അവിടെക്കണ്ട മരത്തടികളും കമ്പുകളും ചേർത്ത് അയാൾ ഒരു ചങ്ങാടമുണ്ടാക്കി. പ്രതിബന്ധങ്ങളെ അതിജീവിച്ചു സുരക്ഷിതമായി മറുകരയിലെത്തി.

തന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ച ആ ചങ്ങാടത്തോട് അയാൾക്ക് വല്ലാത്ത നന്ദി തോന്നി. അതിനെ ഉപേക്ഷിക്കാൻ മനസ്സുവരാതെ, ഇനി എവിടെപ്പോയാലും ചങ്ങാടം കൂടെ കൊണ്ടുപോകാൻ അയാൾ തീരുമാനിച്ചു. അങ്ങനെ, യാത്ര സുഗമമാക്കിയ ആ ചങ്ങാടം തലയിലേറ്റി അയാൾ വീണ്ടും യാത്ര തുടർന്നു.

കഥ പറഞ്ഞുതീർത്ത ബുദ്ധൻ ശിഷ്യന്മാരോട് ചോദിച്ചു:

“അയാൾ ചെയ്യുന്നത് ശരിയാണോ?”

ശിഷ്യന്മാർ ഒരേ സ്വരത്തിൽ പറഞ്ഞു: “അല്ല.”

ഒന്ന് ആലോചിച്ചു നോക്കൂ… നമ്മുടെ ജീവിതത്തിലും ഇങ്ങനെയുള്ള ചില ചങ്ങാടങ്ങളില്ലേ?

ഒരിക്കൽ നമ്മെ ചേർത്തുപിടിച്ച ചില ബന്ധങ്ങൾ ഇന്നു നമ്മെ വേദനിപ്പിക്കുന്നുണ്ടാകാം. ഒരുകാലത്ത് തുണയായിരുന്ന ചില ശീലങ്ങൾ ഇന്നു നമ്മുടെ മുന്നോട്ടുള്ള യാത്രയ്ക്ക് തടസ്സമാകുന്നുണ്ടാകാം.

ഒരിക്കൽ നമുക്ക് ശരിയെന്നു തോന്നിയതെല്ലാം എക്കാലവും ശരിയായിരിക്കണമെന്നില്ല. ചിലതിനോട് നാം നന്ദിയുള്ളവരായിരിക്കണം… ചിലതിനെ സ്നേഹത്തോടെ യാത്രയാക്കണം.

നമ്മെ ഒരു കരയിൽനിന്ന് മറ്റൊരു കരയിലേക്ക് എത്തിക്കാൻ സഹായിച്ച ചങ്ങാടത്തെ ജീവിതകാലം മുഴുവൻ ചുമന്നുനടക്കേണ്ടതില്ല. അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ല; മറിച്ച്, ജീവിതം നമ്മെ പഠിപ്പിച്ച പാഠത്തെ തിരിച്ചറിയലാണ്.

ജീവിതത്തിലും അങ്ങനെതന്നെ… ചില മനുഷ്യർ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് ഒരു പാഠം പഠിപ്പിക്കാനായിരിക്കാം. ചില അനുഭവങ്ങൾ നമ്മെ തകർക്കാനല്ല, കൂടുതൽ കരുത്തുള്ളവരാക്കാനായിരിക്കാം. ചില വേർപിരിയലുകൾ നഷ്ടങ്ങളല്ല; പുതിയ വഴികളിലേക്കുള്ള തുടക്കങ്ങളായിരിക്കാം.

എല്ലാറ്റിനെയും മുറുകെപ്പിടിക്കുന്നതല്ല ജീവിതം; വിട്ടുപോകേണ്ടതിനെ തിരിച്ചറിയാനുള്ള വിവേകം കൂടിയാണ് ജീവിതം.

പ്രിയ സുഹൃത്തുക്കളേ,

ഇവിടെ ഞാൻ പങ്കുവയ്ക്കുന്നത് വെറും സങ്കൽപ്പകഥകളല്ല. ജീവിതയാത്രയിൽ കണ്ടുമുട്ടിയ മനുഷ്യരും അനുഭവിച്ച സാഹചര്യങ്ങളും മനസ്സിൽ അവശേഷിപ്പിച്ച ചിന്തകളും ചോദ്യങ്ങളുമാണ്.

ചില കഥകളിൽ നിങ്ങൾക്ക് പരിചിതമായ മുഖങ്ങൾ തെളിഞ്ഞേക്കാം. ചില അനുഭവങ്ങളിൽ നിങ്ങളുടെ തന്നെ ജീവിതത്തിന്റെ നിഴലുകൾ കണ്ടേക്കാം.

ഓർമ്മകളുടെ വഴികളിലൂടെ… മനുഷ്യബന്ധങ്ങളുടെ ഉള്ളറകളിലൂടെ… സത്യത്തിന്റെയും നീതിയുടെയും അർഥങ്ങൾ തേടി ഒരു യാത്ര.

കാരണം, ഓരോ കഥയ്ക്കു പിന്നിലും ഒരു ജീവിതമുണ്ട്… ഓരോ ജീവിതത്തിനുള്ളിലും പറയാതെപോയ ഒരു സത്യവും.

“Justice may be delayed, but the voice of truth will never fade.”

സത്യം പറയാനുള്ള ധൈര്യത്തോടെയും നീതി തിരിച്ചറിയാനുള്ള വിവേകത്തോടെയും… ഈ യാത്ര ഇവിടെ തുടരുന്നു.

..വായിക്കണം. ..അഭിപ്രായങ്ങൾ അറിയിക്കണം

 

Leave a Comment

More News