ന്യൂയോർക്ക്: ന്യൂയോർക്ക് അയ്യപ്പ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമവും അയ്യപ്പ ജ്ഞാനയജ്ഞവും ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വിജയകരമായി സമാപിച്ചു. ഒക്ടോബർ 10 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഫ്ലോറൽ പാർക്കിലെ 26 നോർത്ത് ടൈസൺ ഓഡിറ്റോറിയത്തിൽ ആഗോള അയ്യപ്പസംഗമത്തിന് തുടക്കമായി. തുടർന്ന് ഒക്ടോബർ 11 ഞായറാഴ്ചയും 12 തിങ്കളാഴ്ചയും എൻ.ബി.എ. സെന്ററിൽ അയ്യപ്പ ജ്ഞാനയജ്ഞവും വിദ്യാരംഭ ചടങ്ങുകളും നടന്നു.
ശനിയാഴ്ച രാവിലെ എട്ടിന് ഫ്ലഷിംഗ് ഗണേശ ക്ഷേത്രത്തിൽ നടന്ന ഗണപതിഹോമത്തോടും പ്രത്യേക പൂജകളോടുമാണ് പരിപാടികൾക്ക് തുടക്കമായത്. അയ്യപ്പ സേവാസംഘം പ്രസിഡന്റ് ഗോപിനാഥക്കുറുപ്പിന്റെ നേതൃത്വത്തിൽ വിവിധ ഹൈന്ദവ സംഘടനകളെ ഉൾപ്പെടുത്തി രൂപീകരിച്ച സ്വാഗതസംഘം, യജ്ഞാചാര്യൻ ഡോ. മണ്ണടി ഹരിയെ പൂർണ കുംഭം നൽകി സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചു. തുടർന്ന് അയ്യപ്പ സന്നിധിയിൽ ദീപം തെളിയിക്കുകയും മന്ത്രോച്ചാരണങ്ങളോടെ പുഷ്പാർച്ചന നടത്തുകയും ചെയ്തതോടെ അയ്യപ്പസംഗമത്തിന് ഔപചാരിക തുടക്കമായി. രാധാമണി നായർ പ്രാർത്ഥനാഗീതം ആലപിച്ചു.
അയ്യപ്പ സേവാസംഘം പ്രസിഡന്റ് ഗോപിനാഥക്കുറുപ്പ് വിശിഷ്ടാതിഥികളെയും സദസ്സിനെയും സ്വാഗതം ചെയ്തു. ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം മേയർ വി.വി. രാജേഷ് സൂം പ്ലാറ്റ്ഫോമിലൂടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. അയ്യപ്പ സേവാസംഘം സെക്രട്ടറി രഘുവരൻ നായർ പരിപാടികളുടെ വിശദാംശങ്ങൾ അവതരിപ്പിക്കുകയും ചടങ്ങുകളുടെ അവതാരകയായ ഊർമിള റാണി നായരെ സദസ്സിന് പരിചയപ്പെടുത്തുകയും ചെയ്തു. തുടർന്ന് അയ്യപ്പ സേവാസംഘം ഭാരവാഹികളും വിവിധ സംഘടനകളുടെ പ്രതിനിധികളും വിശിഷ്ടാതിഥികളും ചേർന്ന് ഭദ്രദീപം തെളിയിച്ചു.
യജ്ഞാചാര്യൻ ഡോ. മണ്ണടി ഹരി, ഗുരുസ്വാമി പാർത്ഥസാരഥി പിള്ള, ഡോ. സുകുമാർ കാനഡ, ബാലകൃഷ്ണൻ നായർ, ശങ്കര അദ്വൈതാശ്രമം ഫോർ ഗ്ലോബൽ എൻലൈറ്റൻമെന്റ് പ്രസിഡന്റ് രാജീവ് ഭാസ്കർ, കെ.എച്ച്.എൻ.എ. ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ വനജ നായർ, മന്ത്രയുടെ അഡ്വൈസറി ബോർഡ് ചെയർമാൻ വിനോദ് കെയാർകെ എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തി.
അയ്യപ്പഭക്തിയുടെ മഹത്ത്വവും ആത്മീയതയുടെ പ്രസക്തിയും ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയും പ്രഭാഷണങ്ങളിൽ പ്രതിപാദിച്ചു. പ്രസിഡന്റ് ഗോപിനാഥക്കുറുപ്പ്, സെക്രട്ടറി രഘുവരൻ നായർ, ട്രഷറർ രാജഗോപാൽ കുന്നപ്പെള്ളിൽ എന്നിവർ ചേർന്ന് വിശിഷ്ടാതിഥികളെ പൊന്നാട അണിയിച്ച് ആദരിച്ചു.
തുടർന്ന് നടന്ന കലാപരിപാടികൾ സംഗമത്തിന് കൂടുതൽ മിഴിവേകി. പ്രശസ്ത ഗായകൻ ശബരീനാഥും സംഘവും അവതരിപ്പിച്ച ഭക്തിസാന്ദ്രമായ ഭജന സദസ്സിനെ ആത്മീയാനുഭൂതിയിലാഴ്ത്തി. നരേന്ദ്രൻ നായര് (ഹരി, ന്യൂജെഴ്സി) ആയിരുന്നു ഭജനയുടെ കോഓർഡിനേറ്റർ.
ഭജനയ്ക്കുശേഷം കലാമണ്ഡലം ജോണിന്റെ നേതൃത്വത്തിലുള്ള ‘കലാമണ്ഡലം സ്കൂൾ ഓഫ് ഡാൻസ്’ അവതരിപ്പിച്ച നൃത്തപരിപാടികളും പ്രത്യേകിച്ച് ‘ഹരിവരാസനം’ നൃത്താവിഷ്കാരവും സദസ്സിന്റെ പ്രശംസ പിടിച്ചുപറ്റി. പ്രസാദ വിതരണത്തോടും അന്നദാനത്തോടും കൂടി ആഗോള അയ്യപ്പസംഗമത്തിന്റെ ആദ്യദിന പരിപാടികൾ സമാപിച്ചു.
ഒക്ടോബർ 11, 12 തീയതികളിൽ രാവിലെ ഒമ്പതുമുതൽ എൻ.ബി.എ. സെന്ററിൽ അയ്യപ്പ ജ്ഞാനയജ്ഞം നടന്നു. യജ്ഞാചാര്യൻ ഡോ. മണ്ണടി ഹരിയുടെയും യജ്ഞപൗരാണികൻ ജയപ്രകാശ് നായരുടെയും നേതൃത്വത്തിലായിരുന്നു ജ്ഞാനയജ്ഞം സംഘടിപ്പിച്ചത്.
അയ്യപ്പതത്ത്വം, സർവസമഭാവന, ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’ എന്ന മഹത്തായ സന്ദേശം എന്നിവയെ ആസ്പദമാക്കിയായിരുന്നു യജ്ഞാചാര്യന്റെ പ്രഭാഷണങ്ങൾ. മനുഷ്യരാശിയുടെ സന്തോഷത്തിനും സമാധാനത്തിനും അഭിവൃദ്ധിക്കും ആത്മീയചിന്തകൾ നൽകുന്ന സംഭാവനകളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ധാർമിക മൂല്യങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പുരോഗതിക്കായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും വരുംതലമുറയ്ക്ക് അദ്ദേഹം പകർന്നു നൽകി.
യജ്ഞശാലയിലെ പാരായണത്തിനും അന്നദാനത്തിനും ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ എൻ.ബി.എ. മാതൃസമിതി അംഗങ്ങളും സീതാ ഗ്രൂപ്പും സജീവമായി പങ്കെടുത്തു. രാധാമണി നായർ, രാജേശ്വരി രാജഗോപാൽ, ലതിക നായർ, വത്സല പണിക്കർ, രത്നമ്മ നായർ, സുശീലാമ്മ പിള്ള തുടങ്ങിയവരുടെ നിസ്വാർഥ സേവനവും സംഘാടന മികവും പരിപാടിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
എല്ലാ ദിവസവും വൈകിട്ട് അഞ്ചിന് പാരായണം സമാപിച്ചതിനുശേഷം ഭജന, പ്രസാദ വിതരണം, അന്നദാനം എന്നിവ നടന്നു. ഭക്തജനങ്ങളുടെ സജീവ പങ്കാളിത്തം ജ്ഞാനയജ്ഞത്തെ ആത്മീയമായി സമ്പന്നമാക്കി.
യജ്ഞസമാപന ചടങ്ങിൽ അയ്യപ്പ സേവാസംഘം രക്ഷാധികാരി അഡ്വ. അപ്പൻ മേനോനും സംഘടനാ ഭാരവാഹികളും ചേർന്ന് യജ്ഞാചാര്യന് ദക്ഷിണ സമർപ്പിക്കുകയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. ഇതോടെ രണ്ടുദിവസം നീണ്ടുനിന്ന അയ്യപ്പ ജ്ഞാനയജ്ഞത്തിന് മംഗളകരമായ സമാപനമായി.
ജ്ഞാനയജ്ഞത്തോടനുബന്ധിച്ച് മഹാനവമി പൂജവയ്പ്പും തുടർന്ന് വിദ്യാരംഭ ചടങ്ങുകളും സംഘടിപ്പിച്ചു. എൻ.ബി.എ. സെന്ററിൽ നടന്ന വിദ്യാരംഭത്തിൽ നിരവധി കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക് ആദ്യചുവടുവച്ചു. പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളോടെ അരിയിൽ ആദ്യാക്ഷരം കുറിച്ചാണ് കുട്ടികളെ വിദ്യാരംഭം നടത്തിയത്. എൻ.ബി.എ. പ്രസിഡന്റ് ജനാർദ്ദനൻ തോപ്പിൽ, ഭജന കോഓർഡിനേറ്റർ പ്രഭാകരൻ നായർ, രഞ്ജിത് പിള്ള എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ആഗോള അയ്യപ്പസംഗമം, അയ്യപ്പ ഭാഗവത ജ്ഞാനയജ്ഞം, ആത്മീയപ്രഭാഷണങ്ങൾ, ഭജന, നൃത്താവിഷ്കാരങ്ങൾ, വിദ്യാരംഭം എന്നിവയിലൂടെ ന്യൂയോർക്കിലെ മലയാളി ഹൈന്ദവ സമൂഹത്തിന് നവരാത്രിക്കാലം ആത്മീയവും സാംസ്കാരികവുമായ സമ്പന്നാനുഭവമായി മാറി.
വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണവും ഭക്തജനങ്ങളുടെ സജീവ പങ്കാളിത്തവും സന്നദ്ധപ്രവർത്തകരുടെ അർപ്പണബോധവും പരിപാടികളുടെ വിജയത്തിന് കരുത്തേകി. ഭക്തിയുടെയും ഐക്യത്തിന്റെയും ധാർമികബോധത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച ആഗോള അയ്യപ്പസംഗമവും ജ്ഞാനയജ്ഞവും ന്യൂയോർക്കിലെ ഹൈന്ദവ സമൂഹത്തിന് ശ്രദ്ധേയമായ ആത്മീയ കൂട്ടായ്മയായി മാറി.
റിപ്പോര്ട്ട്: ജയപ്രകാശ് നായര്
