സ്‌കൂളുകളിൽ അച്ചടക്കം ഉറപ്പാക്കാൻ കർശന മാർഗരേഖ വേണം; വിദ്യാർഥികളുടെ ബാഗുകൾ പരിശോധിക്കാം, മൊബൈൽ ഫോൺ ഉപയോഗത്തിന് വിലക്ക്: ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ അച്ചടക്കവും വിദ്യാർഥികളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനായി വ്യക്തമായ മാർഗരേഖ തയ്യാറാക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. വിദ്യാർഥികൾക്കിടയിൽ വർധിച്ചുവരുന്ന മൊബൈൽ ഫോൺ ഉപയോഗം, ലഹരിവസ്തുക്കളുടെ ഉപയോഗം, ആരോഗ്യത്തിന് ഹാനികരമായ സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ നിയന്ത്രിക്കുന്നതിനാണ് കമ്മീഷൻ കർശന നിർദേശങ്ങൾ മുന്നോട്ടു വെച്ചിരിക്കുന്നത്. കുട്ടികളുടെ അവകാശങ്ങളും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിച്ചുകൊണ്ടുതന്നെ സ്‌കൂളുകളിൽ അച്ചടക്കവും ആരോഗ്യകരമായ പഠനാന്തരീക്ഷവും ഉറപ്പാക്കണമെന്നാണ് കമ്മീഷന്റെ നിലപാട്.

ബാലാവകാശ കമ്മീഷൻ അംഗം ഡോ. എഫ്. വിൽസൺ പുറപ്പെടുവിച്ച ഉത്തരവിലാണ് സ്‌കൂൾ അധികൃതരും അദ്ധ്യാപകരും വിദ്യാഭ്യാസ വകുപ്പും സ്വീകരിക്കേണ്ട നടപടികൾ വിശദീകരിച്ചിരിക്കുന്നത്.

വിദ്യാർഥികൾ സ്‌കൂളുകളിലേക്ക് കൊണ്ടുവരുന്ന ബാഗുകൾ ആവശ്യമായ സാഹചര്യങ്ങളിൽ അദ്ധ്യാപകർക്ക് പരിശോധിക്കാമെന്ന് കമ്മീഷൻ വ്യക്തമാക്കുന്നു. ലഹരി വസ്തുക്കൾ ഉൾപ്പെടെ കുട്ടികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന വസ്തുക്കൾ സ്‌കൂൾ പരിസരത്ത് എത്തുന്നത് തടയുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം.

എന്നാൽ, ബാഗ് പരിശോധനയുടെ പേരിൽ വിദ്യാർഥികളെ അപമാനിക്കാനോ അവരുടെ ആത്മാഭിമാനത്തിന് ക്ഷതമേൽപ്പിക്കാനോ പാടില്ല. കുട്ടികളുടെ സ്വകാര്യതയും അന്തസ്സും മാനിച്ചുകൊണ്ടായിരിക്കണം പരിശോധന നടത്തേണ്ടത്. മറ്റ് വിദ്യാർഥികളുടെ മുന്നിൽവച്ച് കുട്ടികളെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതോ പരസ്യമായി അപമാനിക്കുന്നതോ ഒഴിവാക്കണമെന്നും കമ്മീഷൻ നിർദേശിക്കുന്നു.

സ്‌കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കുന്നതിനും കമ്മീഷൻ കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്. പഠനസമയത്ത് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് അച്ചടക്കലംഘനമായി കണക്കാക്കണമെന്നാണ് നിർദേശം.

അതേസമയം, പ്രത്യേക സാഹചര്യങ്ങളിൽ രക്ഷിതാക്കളുടെ അറിവോടെയും അനുമതിയോടെയും വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ സ്‌കൂളിലേക്ക് കൊണ്ടുവരാൻ അവസരമുണ്ടാകും. എന്നാൽ, ഇത്തരം ഫോണുകൾ സ്‌കൂൾ സമയം അവസാനിക്കുന്നതുവരെ സ്വിച്ച് ഓഫ് ചെയ്ത് സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സംവിധാനം സ്‌കൂൾ അധികൃതർ ഒരുക്കണം.

അടിയന്തര സാഹചര്യങ്ങളിൽ രക്ഷിതാക്കളുമായി ബന്ധപ്പെടേണ്ടിവരുന്ന വിദ്യാർഥികൾക്ക് അതിനുള്ള സൗകര്യവും സ്‌കൂൾ അധികൃതർ ഉറപ്പാക്കേണ്ടതുണ്ട്. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അനാവശ്യമായ ഡിജിറ്റൽ ഇടപെടലുകൾ നിയന്ത്രിക്കാനും സ്‌കൂളുകളിൽ ആരോഗ്യകരമായ പഠനാന്തരീക്ഷം നിലനിർത്താനുമാണ് മൊബൈൽ ഉപയോഗം നിയന്ത്രിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

വിദ്യാർഥികളുടെ മുടിയുടെ നീളം, മുടി കളർ ചെയ്യൽ, തല മൊട്ടയടിക്കൽ തുടങ്ങിയ വിഷയങ്ങളിലും കമ്മീഷൻ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

മുടി വളർത്തുന്നതും നിറം മാറ്റുന്നതും മൊട്ടയടിക്കുന്നതും കുട്ടികളുടെ വ്യക്തിപരമായ അവകാശങ്ങളുടെ ഭാഗമാണെന്ന് കമ്മീഷൻ അംഗീകരിക്കുന്നു. എന്നാൽ, സ്‌കൂളുകളുടെ അച്ചടക്കവുമായി ബന്ധപ്പെട്ട നിബന്ധനകൾക്കും ഇത്തരം കാര്യങ്ങൾ വിധേയമായിരിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

വിദ്യാർഥികളുടെ വ്യക്തിസ്വാതന്ത്ര്യവും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അച്ചടക്ക നിയമങ്ങളും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തണമെന്നതാണ് കമ്മീഷന്റെ നിർദേശത്തിന്റെ അടിസ്ഥാനതത്ത്വം.

വിദ്യാർഥികൾക്കിടയിൽ ഗുണനിലവാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളുടെ ഉപയോഗം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകുന്നു.

പ്രത്യേകിച്ച് ഗുണനിലവാരം ഉറപ്പില്ലാത്ത ലിപ്സ്റ്റിക്കുകൾ ഉൾപ്പെടെയുള്ള സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ അമിത ഉപയോഗം കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്.

ഇത്തരം ഉൽപ്പന്നങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ശരിയായ അവബോധം നൽകണം. സൗന്ദര്യ സംരക്ഷണത്തിന്റെ പേരിൽ ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന പ്രവണത നിയന്ത്രിക്കാൻ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും നിർദേശമുണ്ട്.

വിദ്യാർഥികളുടെ വ്യക്തിശുചിത്വം, ആരോഗ്യസംരക്ഷണം, ലഹരിവിരുദ്ധ ബോധവൽക്കരണം തുടങ്ങിയ വിഷയങ്ങളിൽ ആരോഗ്യവകുപ്പുമായി സഹകരിച്ച് സ്‌കൂളുകളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കണം.

കുട്ടികൾക്ക് ആരോഗ്യകരമായ ജീവിതശീലങ്ങൾ വളർത്തിയെടുക്കുന്നതിനും അപകടകരമായ ശീലങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നതിനും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകണം. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ ഇത്തരം പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കണമെന്നതാണ് കമ്മീഷന്റെ നിലപാട്.

സ്‌കൂളുകളിൽ അച്ചടക്കം ഉറപ്പാക്കുമ്പോൾ കുട്ടികളുടെ മാനസികാരോഗ്യത്തിനും ആത്മാഭിമാനത്തിനും പ്രത്യേക പരിഗണന നൽകണമെന്ന് കമ്മീഷൻ കർശനമായി നിർദേശിച്ചിട്ടുണ്ട്.

അച്ചടക്കലംഘനങ്ങളുടെ പേരിൽ വിദ്യാർഥികളെ പരസ്യമായി അപമാനിക്കുകയോ മാനസികമായി പീഡിപ്പിക്കുകയോ ക്ലാസ് മുറിയിൽനിന്ന് പുറത്താക്കുകയോ ചെയ്യരുത്.

കുട്ടികളുടെ പെരുമാറ്റത്തിൽ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടായാൽ ശിക്ഷാനടപടികൾക്കുപകരം കൗൺസലിംഗ്, രക്ഷിതാക്കളുമായുള്ള ആശയവിനിമയം, ബോധവൽക്കരണം തുടങ്ങിയ മാർഗങ്ങൾക്ക് പ്രാധാന്യം നൽകേണ്ടതുണ്ട്.

അച്ചടക്കത്തിന്റെ പേരിൽ കുട്ടികളുടെ വിദ്യാഭ്യാസാവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നതും കമ്മീഷന്റെ നിർദേശങ്ങളിൽ പ്രധാനമാണ്.

ബാലാവകാശ കമ്മീഷന്റെ നിർദേശങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ സ്വീകരിച്ച നടപടികളുടെ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർ, സംസ്ഥാന പൊലീസ് മേധാവി എന്നിവർ 60 ദിവസത്തിനകം സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് കമ്മീഷന് സമർപ്പിക്കണം.

വിദ്യാർഥികളുടെ സുരക്ഷയും അവകാശങ്ങളും ഒരുപോലെ സംരക്ഷിക്കുന്ന തരത്തിൽ സ്‌കൂൾ അച്ചടക്ക സംവിധാനം ശക്തിപ്പെടുത്തുകയാണ് നിർദേശങ്ങളുടെ ലക്ഷ്യം.

അച്ചടക്കം ഉറപ്പാക്കുന്നതിനൊപ്പം കുട്ടികളുടെ അന്തസ്സും വ്യക്തിസ്വാതന്ത്ര്യവും വിദ്യാഭ്യാസാവകാശവും സംരക്ഷിക്കപ്പെടണം എന്ന സന്ദേശമാണ് ബാലാവകാശ കമ്മീഷന്റെ ഉത്തരവ് മുന്നോട്ടുവയ്ക്കുന്നത്.

Leave a Comment

More News