23.82 കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിൽ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് നടപടി, പത്ത് വർഷത്തെ പർച്ചേസുകളും പരിശോധിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ആശുപത്രികളിലേക്കും തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കുമായി 23.82 കോടി രൂപ ചെലവഴിച്ച് നിലവാരമില്ലാത്ത ചികിത്സാ ഉപകരണങ്ങൾ വാങ്ങിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് നടപടിയൊരുങ്ങുന്നു. മെഡിക്കൽ ഉപകരണങ്ങളുടെ സംഭരണത്തിലും വിതരണത്തിലും ഗുരുതരമായ ക്രമക്കേടുകൾ നടന്നെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് സർക്കാർ വിശദമായ അന്വേഷണത്തിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ നടത്തിയ മെഡിക്കൽ ഉപകരണങ്ങളുടെ വാങ്ങലുകളും പരിശോധനയുടെ പരിധിയിൽ കൊണ്ടുവരാനാണ് തീരുമാനം.

മാധ്യമങ്ങളിലൂടെ ക്രമക്കേടുകൾ പുറത്തുവന്നതിനെ തുടർന്ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരുന്നു. തുടർന്നു നടത്തിയ വകുപ്പുതല പരിശോധനയിൽ കോടികൾ ചെലവഴിച്ച് വാങ്ങിയ നിരവധി ഉപകരണങ്ങൾ രോഗികൾക്ക് പ്രയോജനപ്പെടാതെ ഉപയോഗശൂന്യമായി കിടക്കുന്നതായി കണ്ടെത്തി. ഉപകരണങ്ങളുടെ ഗുണനിലവാരം, വാങ്ങൽ നടപടികൾ, വിതരണക്കാരുടെ ഉത്തരവാദിത്വം, സർക്കാർ ഖജനാവിനുണ്ടായ നഷ്ടം തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം ആവശ്യമായ സാഹചര്യത്തിലാണ് വിജിലൻസ് അന്വേഷണത്തിനുള്ള നടപടികൾ ആരംഭിക്കുന്നത്.

വാറന്റി കാലാവധി അവസാനിക്കുന്നതിന് മുമ്പുതന്നെ പല ഉപകരണങ്ങളും തകരാറിലായതായാണ് കണ്ടെത്തൽ. എന്നാൽ, കേടായ ഉപകരണങ്ങൾ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കാനോ പകരം പുതിയവ നൽകാനോ വിതരണ കമ്പനികൾ തയ്യാറായില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. മെഡിക്കൽ കോളേജുകളിലേക്ക് വാങ്ങിയ ചില ഉപകരണങ്ങൾ പാക്കിങ് പോലും തുറക്കാതെ സൂക്ഷിച്ചിരിക്കുകയാണ്. ഉപയോഗത്തിനെടുത്തവയിൽ പലതും ചുരുങ്ങിയ കാലയളവിനുള്ളിൽ പ്രവർത്തനരഹിതമായി.

രോഗികളുടെ ജീവൻ രക്ഷിക്കുന്നതിന് അത്യന്താപേക്ഷിതമായ വെന്റിലേറ്ററുകൾ, ശസ്ത്രക്രിയകൾക്കാവശ്യമായ ഉപകരണങ്ങൾ, ബ്ലഡ് ബാങ്കുകളിലെ സാങ്കേതിക സംവിധാനങ്ങൾ എന്നിവയും തകരാറിലായവയുടെ പട്ടികയിലുണ്ട്. ഇതോടെ ഉപകരണങ്ങളുടെ സംഭരണത്തിന് മുമ്പ് നടത്തിയ ഗുണനിലവാര പരിശോധനകളും വാങ്ങലിന് അംഗീകാരം നൽകിയ നടപടിക്രമങ്ങളും സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നിരിക്കുകയാണ്.

നിലവാരമില്ലാത്ത ഉപകരണങ്ങൾ വിതരണം ചെയ്ത കമ്പനികളെ കരിമ്പട്ടികയിൽപ്പെടുത്തുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഉപകരണങ്ങളുടെ യഥാർഥ സാങ്കേതികനിലയും പ്രവർത്തനക്ഷമതയും പരിശോധിക്കുന്നതിന് വിദഗ്ധരെ ഉൾപ്പെടുത്തി തുടർപരിശോധന നടത്താൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിർദേശം നൽകിയിട്ടുണ്ട്.

കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വാങ്ങിയ ഉപകരണങ്ങൾ മൂലമുണ്ടായ സാമ്പത്തികനഷ്ടം കണക്കാക്കുന്നതിനും പ്രത്യേക സാങ്കേതിക പരിശോധന നടത്തും. ആരോഗ്യമന്ത്രിക്ക് സമർപ്പിച്ച പർച്ചേസ് റിപ്പോർട്ടിൽ ഈ ഉപകരണങ്ങൾക്കായി ചെലവഴിച്ച തുക സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ല. മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊവിഡ് ഫണ്ട് ഉപയോഗിച്ച് വാങ്ങിയ പോർട്ടബിൾ വെന്റിലേറ്ററിന്റെ വിലയും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടില്ല. ഈ ഉപകരണങ്ങളുടെയെല്ലാം വാറന്റി കാലാവധി അവസാനിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

കണ്ണൂർ മെഡിക്കൽ കോളേജിലെ ബ്ലഡ് ബാങ്കിൽ സ്ഥാപിച്ച ഓട്ടോമേറ്റഡ് എലിസ (ELISA) യൂണിറ്റ് പ്രവർത്തനരഹിതമായതും ഫ്രീസറിന്റെ സാങ്കേതിക തകരാർ പരിഹരിക്കപ്പെടാതെ തുടരുന്നതും നേരത്തേ പുറത്തുവന്നിരുന്നു. രക്തപരിശോധനയ്ക്കും രക്തഘടകങ്ങളുടെ സുരക്ഷിത സംഭരണത്തിനും ആവശ്യമായ ഇത്തരം സംവിധാനങ്ങൾ പ്രവർത്തിക്കാത്തത് ആശുപത്രിയുടെ സേവനങ്ങളെ ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ പത്ത് വർഷത്തെ പർച്ചേസ് രേഖകൾ പരിശോധിക്കുന്നതോടെ ഉപകരണങ്ങൾ വാങ്ങിയതിലെ നടപടിക്രമങ്ങൾ, ടെൻഡർ വ്യവസ്ഥകൾ, വിലനിർണയം, ഗുണനിലവാര സർട്ടിഫിക്കറ്റുകൾ, വാറന്റി കരാറുകൾ, വിതരണ കമ്പനികളുമായുള്ള ഇടപാടുകൾ എന്നിവയും അന്വേഷണവിധേയമാകും. ഉപകരണങ്ങൾ ഉപയോഗശൂന്യമായതിന് പിന്നിൽ ഗുണനിലവാരക്കുറവാണോ, പരിപാലനത്തിലെ വീഴ്ചയാണോ, സംഭരണ നടപടികളിലെ ക്രമക്കേടുകളാണോ എന്നതും കണ്ടെത്തേണ്ടതുണ്ട്.

കോടികൾ മുടക്കി വാങ്ങിയ ചികിത്സാ ഉപകരണങ്ങൾ രോഗികൾക്ക് പ്രയോജനപ്പെടാതെ കിടക്കുന്ന സാഹചര്യത്തിൽ പൊതുപണത്തിന്റെ വിനിയോഗവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും വിതരണക്കാരുടെയും ഉത്തരവാദിത്വവും സംബന്ധിച്ച ചോദ്യങ്ങളാണ് ഉയരുന്നത്. വിജിലൻസ് അന്വേഷണത്തിലൂടെ ക്രമക്കേടുകളുടെ വ്യാപ്തിയും സർക്കാരിനുണ്ടായ യഥാർഥ സാമ്പത്തികനഷ്ടവും വ്യക്തമാകുമെന്നാണ് പ്രതീക്ഷ.

Leave a Comment

More News